ബാങ്കിംഗിലെ ഇതിഹാസം

Posted on: September 28, 2014

Dr.-V.A.-Joseph--F2F-insideഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ഇതിഹാസ പുരുഷനാണ് ഡോ. വി. എ. ജോസഫ്. ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ വിരിയിച്ച മഹാപ്രതിഭ. ന്യൂജനറേഷനപ്പുറം ഡോ. ജോസഫ് അവതരിപ്പിച്ച നെക്സ്റ്റ് ജനറേഷൻ ബാങ്കിംഗ് ശൈലി ദേശീയ ശ്രദ്ധയാകർഷിച്ചു.

കേവലം പത്തുവർഷത്തിനുള്ളിൽ ഒരു സ്ഥാപനത്തെ അപ്പാടെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. എന്നാൽ ആരെയും അതിശയിപ്പിക്കുന്ന വേഗതയിൽ ഡോ. വി എ ജോസഫ് അതു സാധ്യമാക്കി. തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് (എസ് ഐ ബി) ഇന്ന് ഡോ. ജോസഫിന്റെ നേതൃത്വത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മുൻനിരയിലേക്കു വളർന്നു.

മനുഷ്യനു ജരാനര ബാധിക്കുന്ന വാർധക്യത്തിൽ നിന്ന് ഒരു പിന്നോട്ടുപോക്ക് സുഗമമല്ല. അതുപോലെ എൺപത്തിയാറു വർഷത്തെ പാരമ്പര്യമുള്ള ഒരു വാണിജ്യ ബാങ്കിന് മധുരപ്പതിനേഴിനു സമാനമായ യുവത്വം പ്രദാനം ചെയ്യുന്നതും ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ഡോ. വി എ ജോസഫിന്റെ കർമ്മകുശലതയും നിശ്ചയദാർഢ്യവും സൗത്ത് ഇന്ത്യൻ ബാങ്കിന് യൗവനം തിരിച്ചുനൽകി. പത്തുവർഷത്തെ കഠിനപ്രയ്തനത്തിലൂടെ ബാങ്കിനെ വിജയസോപാനത്തിലെത്തിച്ച ശേഷം സെപ്റ്റംബർ 30 ന് ഡോ. വി എ ജോസഫ് പടിയിറങ്ങുകയാണ്.

മാറ്റങ്ങളുടെ തുടക്കം

വിജയം അനായാസമായിരുന്നില്ല. ആഗോളമാന്ദ്യം, ന്യൂജനറേഷൻ ബാങ്കുകളുടെ മത്സരം തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ ഇക്കാലത്ത് ജോസഫിന് നേരിടേണ്ടതായി വന്നു. എൺപത്തിയാറു വർഷത്തെ പ്രവർത്തനത്തിനിടെ ഏറ്റവും വളർച്ച കൈവരിച്ച ദശകമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പിന്നിട്ടത്. ഓഹരിയുടമകൾക്കുള്ള ലാഭവിഹിതം പോലും മുടങ്ങിയ അവസ്ഥയിലാണ് 2005 ജൂണിൽ എസ്‌ഐബിയുടെ ചെയർമാനായി ഡോ. ജോസഫ് ചുമതലയേൽക്കുന്നത്.

അല്പമൊന്നു ശ്രദ്ധപാളിയാൽ ബാങ്കിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകുന്ന അവസ്ഥ. രണ്ടു പോംവഴികളാണ് വി എ ജോസഫിന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ വളരുക അല്ലെങ്കിൽ പിൻമാറുക. ശത്രുക്കളുടെ മുന്നേറ്റത്തിൽ പകച്ചു നിൽക്കുന്ന സൈനികർക്ക് ആത്മവിശ്വാസം പകരേണ്ട സൈന്യാധിപന്റെ റോൾ ഏറ്റെടുക്കാൻ ഡോ. വി എ ജോസഫ് തീരുമാനിച്ചു.

സഹപ്രവർത്തകരിൽ കോൺഫിഡൻസ് ബിൽഡിംഗിനും കോസ്റ്റ് റിഡക്ഷനും അദ്ദേഹം മുൻഗണന നൽകി. തമാശയ്ക്കുപോലും ബാങ്കിനെപ്പറ്റി മോശമായി സംസാരിക്കരുതെന്ന് അവരോട് അഭ്യർത്ഥിച്ചു. ജീവനക്കാരും മാനേജ്‌മെന്റും എന്നൊരു വേർതിരിവില്ലെന്ന് ആദ്യമേ അദ്ദേഹം വ്യക്തമാക്കി. അർഹതയുള്ളവർക്കെല്ലാം പ്രമോഷൻ നൽകി. ചെറുപ്പക്കാരായ പ്രഫഷണലുകളെ റിക്രൂട്ട് ചെയ്തു. പുതിയ ശാഖകൾ തുറന്നു. ഫലം അത്ഭൂതാവഹമായിരുന്നു. നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും റെക്കോർഡ് വളർച്ചയാണ് എസ് ഐ ബി കൈവരിച്ചത്.

നെക്സ്റ്റ് ജനറേഷൻ ബാങ്കിംഗ്

SIB-Logo-big

ന്യൂജനറേഷൻ ബാങ്കുകളും ഓൾഡ് ജനറേഷൻ ബാങ്കുകളും തമ്മിലുള്ള വേർതിരിവുകൾക്കിടെ നെക്‌സ്റ്റ് ജനറേഷൻ ബാങ്കിംഗ് എന്ന വേറിട്ട ശൈലിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വീകരിച്ചത്. കോർബാങ്കിംഗും ലോഗോ മാറ്റവും (2006) മെഗാസ്റ്റാർ മമ്മുട്ടിയെ ബ്രാൻഡ് അംബാസഡറാക്കിയതുമെല്ലാം (2006) നെക്സ്റ്റ് ജനറേഷൻ ബാങ്കിംഗിനെ സൂപ്പർഹിറ്റാക്കി. പല മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടുകളും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വളർച്ച പാഠ്യവിഷയമായി.

ഇൻഫോസിസിന്റെ സാങ്കേതികപിന്തുണയോടെ 2007 ൽ പൂർത്തിയാക്കിയ കോർബാങ്കിംഗ് വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി. കോർബാങ്കിംഗ് ഏർപ്പെടുത്തിയ ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യബാങ്കാണ് എസ് ഐ ബി. ഇന്റർനെറ്റ് ബാങ്കിംഗിനും മൊബൈൽ ബാങ്കിംഗിനും പുറമെ 2014 ഏപ്രിലിൽ മൊബൈൽ പാസ്ബുക്ക് – എം പാസും പുതുതലമുറ ഇടപാടുകാർക്കായി അവതരിപ്പിച്ചു. വർധിച്ചുവരുന്ന ബാങ്കിംഗ് ആവശ്യങ്ങൾ നേരിടാനുതകുന്ന അത്യാധുനിക ബാങ്കിംഗ് സൊല്യൂഷനായ ഫിനാക്കിൾ-10, നാലുമാസത്തിനുള്ളിൽ ഏർപ്പെടുത്തും.

2004-05 ൽ 430 ശാഖകളാണ് സൗത്ത് ഇന്ത്യൻ ബാങ്കിനുണ്ടായിരുന്നത്. 2014 സെപ്റ്റംബർ 30 ആകുമ്പോഴേക്കും ശാഖകളുടെ എണ്ണം 810 ആകും. എടിഎമ്മുകൾ 125 ൽ നിന്ന് 1,000 മായി. മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന് സാന്നിധ്യമുണ്ട്. ഇടപാടുകാർക്കു എളുപ്പം സമീപിക്കാവുന്ന വിധം ശാഖകളുടെ അകവും പുറവും പരിഷ്‌കരിച്ചു.

ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റ്

വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ, ആകർഷകമായ വായ്പാ സ്‌കീമുകൾ തുടങ്ങി ഇടപാടുകാർക്കു അനുയോജ്യമായ എല്ലാ ബാങ്കിംഗ് ഉത്പന്നങ്ങളും എസ് ഐ ബി യിലുണ്ട്. വനിതകൾക്കായി എസ് ഐ ബി മഹിള, യുവജനങ്ങൾക്കായി യൂത്ത് പ്ലസ്, കുട്ടികൾക്കായി എസ് ഐ ബി ജൂണിയർ തുടങ്ങി വിവിധങ്ങളായ നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി. നാട്ടിലേക്കു മടങ്ങി വരുന്ന വിദേശഇന്ത്യക്കാർക്കായി പ്രവാസി സ്വാഗത് എന്നൊരു വായ്പാ പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. എസ് ഐ ബി യുടെ ശാഖകളിൽ പാൻകാർഡ് മുതൽ ഇന്റർനാഷണൽ റെമിറ്റൻസ് വരെ സാധ്യമാകും. എല്ലാത്തരത്തിലും ഒരു ഫിനാൻഷ്യൽ സൂപ്പർമാർക്കറ്റാണ് ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്.

ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്

വികസനത്തിന്റെ ഭാഗമായി ദുബായിലെ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ മാനേജ്‌മെന്റ് നിയന്ത്രണം ഏറ്റെടുത്തതു, ഡോ. വി എ ജോസഫിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൊന്നാണ്. ഹാദി എക്‌സ്‌ചേഞ്ചിന് ഇന്ന് ഏഴു ശാഖകളാണുള്ളത്. നവംബറിൽ പുതിയൊരു ശാഖകൂടി തുറക്കും. ഹാദിയുടെ ശാഖകളിൽ പണമടച്ചാൽ 30 മിനിട്ടിനുള്ളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏതു ശാഖയിലുള്ള അക്കൗണ്ടിലും ക്രെഡിറ്റ് ചെയ്യും.

SIB-New-Head-Office-big

രാജ്യാന്തര നിലവാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപറേറ്റ് ഓഫീസ് നവീകരിച്ചതും എറണാകുളം രാജഗിരിവാലിയിൽ എസ് ഐ ബിയുടെ ഐടി ഡിവിഷൻ സ്ഥാപിച്ചതും ഡോ. വി എ ജോസഫിന്റെ നേതൃപാടവത്തിന്റെ ഉദാഹരണങ്ങളാണ്.

വേറിട്ട എച്ച് ആർ പ്രാക്ടീസ്

ഹ്യൂമന്റിസോഴ്‌സസ് രംഗത്ത് ഡോ വി എ ജോസഫിനുള്ള അസാമാന്യ പാടവമാണ് എസ് ഐ ബി യുടെ വിജയക്കുതിപ്പിന്റെ മുഖ്യഘടകം. ചെറുപ്പക്കാരായ പ്രഫഷണലുകൾ എത്തിയതോടെ ബാങ്കിന്റെ ബിസിനസ് വളർന്നു. എംബിഎക്കാരും ചാർട്ടേഡ്അക്കൗണ്ടന്റുകളും എൻജിനീയർമാരും ഉൾപ്പെടുന്ന എസ് ഐ ബി ടീമിൽ ഇന്ന് 7,500 പേരുണ്ട്. ശരാശരി പ്രായം 34 വയസ്. പ്രതിശീർഷ ബിസിനസ് പത്തു വർഷം മുമ്പുണ്ടായിരുന്ന രണ്ടു കോടിയിൽ നിന്ന് ആറ് ഇരട്ടി വർധിച്ചു 12 കോടി രൂപയായി.

ബാങ്കിംഗ് മേഖലയിലെ ഏറ്റവും മികച്ച ഹ്യൂമൻ റിസോഴ്‌സസ് ശൈലിയാണ് എസ് ഐ ബി പിന്തുടരുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവർക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും പ്രമോഷൻ സാധ്യതകളും സൃഷ്ടിക്കുന്നു. ഗ്രേഡിന് അനുസരിച്ച് എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷൻ ഉൾപ്പടെയുള്ള സാലറി പാക്കേജും നൽകിവരുന്നു.

ജോലിയിൽ മികവു പുലർത്തുന്നവരെ എസ് ഐ ബി എല്ലാ വർഷവും വിദേശങ്ങളിൽ സംഘടിപ്പിക്കുന്ന ടോപ് പെർഫോമേഴ്‌സ് മീറ്റിൽ ആദരിക്കും. ഭർത്താവിനൊപ്പം ഭാര്യയെയും കൂടിയാണ് ബാങ്ക് ആദരിക്കുന്നത്. ഈ വർഷം മോസ്‌കോയിലായിരുന്നു, 65 പേർ പങ്കെടുത്ത ടോപ് പെർഫോമേഴ്‌സ് മീറ്റ്.

ജീവനക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാനന്തര ജീവിതത്തിനും നാലു വർഷം വരെ അവധി നൽകുന്ന സ്റ്റാഫ് വെൽഫെയർ സ്‌കീമിനു പിന്നിലും ഡോ. വി എ ജോസഫിന്റെ ക്രാന്തദർശിത്വമുണ്ടായിരുന്നു. അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാവുന്ന സ്റ്റാഫ് വെൽഫയർ സ്‌കീം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. മാനവവിഭവശേഷി വികസനത്തിൽ (പൂണെ സർവകലാശാല) ഡോക്ടറേറ്റ് നേടിയ ഇന്ത്യയിലെ ഏക ബാങ്കറാണ് ഡോ. വി എ ജോസഫ്.

അതിശയിപ്പിക്കുന്ന ബിസിനസ് വളർച്ച

ജീവനക്കാർ ഡോ. ജോസഫിന് നൽകിയ അകമഴിഞ്ഞ പിന്തുണ ബാങ്കിന്റെ ബിസിനസ് വളർച്ചയിൽ പ്രതിഫലിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 2004-05 ലെ 13,857.57 കോടിയിൽ നിന്ന് 2013-14 ൽ 83,894 കോടി രൂപയായി വളർന്നു. ഡോ. വി എ ജോസഫിന്റെ സമർത്ഥമായ നേതൃത്വത്തിൽ പത്തു വർഷത്തിനിടെ ആറു മടങ്ങ് ബിസിനസ് വളർച്ച സൗത്ത് ഇന്ത്യൻ ബാങ്ക് നേടി. നടപ്പുവർഷം ഒരു ലക്ഷം കോടി രൂപയാണ് എസ് ഐ ബി യുടെ ലക്ഷ്യം.

തുടർച്ചയായി എല്ലാ ക്വാർട്ടറുകളിലും ലാഭമാർജിൻ നിലനിർത്താൻ എസ് ഐ ബിക്കു കഴിഞ്ഞു. 2014 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷം 507.50 കോടി രൂപയാണ് അറ്റാദായം. മെച്ചപ്പെട്ട പലിശമാർജിൻ നിലനിർത്തുന്നതിനൊപ്പം നിഷ്‌ക്രിയ ആസ്തികൾ കുറയ്ക്കാനും ബാങ്കിനെ ഡോ വി എ ജോസഫ് പ്രാപ്തമാക്കി.

ഓഹരി വിപണിയിലും ബ്ലൂചിപ്പ്

ബിസിനസും ലാഭവും വർധിപ്പിച്ച് നെക്സ്റ്റ് ജനറേഷൻ ബാങ്കിംഗ് ക്ലിക്കായ തോടെ ഓഹരി വിപണിയിലും സൗത്ത് ഇന്ത്യൻ ബാങ്ക് താരമായി. അവകാശ ഓഹരി, ബോണസ് ഇഷ്യു, സ്‌റ്റോക് സ്പ്ലിറ്റ് തുടങ്ങി ഓഹരിയുടമകൾ ഒരിക്കലും കൈയൊഴിയാത്ത ഓഹരിയായി എസ് ഐ ബി മാറി. ഓഹരി മൂലധനത്തിൽ 46 ശതമാനവും കൈവശംവയ്ക്കുന്നത് വിദേശനിക്ഷേപ സ്ഥാപനങ്ങളാണ്.

അംഗീകാരങ്ങൾ

കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളാണ് ഡോ ജോസഫിനെയും ബാങ്കിനെയും തേടിയെത്തിയിട്ടുള്ളത്. ബിസിനസ് ടുഡെ 2013 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച 100 സിഇഒ മാരിൽ ഒരാളായി ഡോ. വി എ ജോസഫിനെ തെരഞ്ഞെടുത്തു. ഒപ്പം സൺഡേ സ്റ്റാൻഡേർഡിന്റെ ബെസ്റ്റ് ബാങ്കർ അവാർഡും അദ്ദേഹത്തിനു ലഭിച്ചു. ഐഡിആർബിടി (2006, 2011, 2012 2014), ഐബിഎ ബാങ്കിംഗ് ടെക്‌നോളജി അവാർഡ് (2014), ഡൺ ആൻഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ (2009, 2011) ബെസ്റ്റ് ബാങ്ക് ഇൻ അസറ്റ് ക്വാളിറ്റി തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ എസ് ഐ ബി ക്കു ലഭിച്ചിട്ടുണ്ട്.

തുടക്കം സിൻഡിക്കേറ്റ് ബാങ്കിൽ

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് വടക്കേക്കര പരേതനായ വി. ജി. ആന്റണിയുടേയും ആലീസിന്റെയും രണ്ടാമത്തെ മകനായ ഡോ. വി എ ജോസഫ് 1972-ൽ സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷണറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്കിന്റെ മുംബൈ സോൺ ജനറൽമാനേജരായിരിക്കെ 2003 ഡിസംബറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. 2005 ജൂണിൽ ചെയർമാനായി. 2011 ൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി. അനുഗൃഹീതനായ ഒരു ഗായകൻ കൂടിയാണ് ഡോ. വി എ ജോസഫ്.

കാഞ്ഞൂപറമ്പിൽ പരേതനായ കെ. എം. അലക്‌സാണ്ടറുടെയും അന്നമ്മയുടെയും മകൾ റോസിയാണ് ഡോ. ജോസഫിന്റെ ഭാര്യ. അമേരിക്കയിൽ സർജനായ ഡോ. ആന്റണി ജോസഫ്, ഇലക്ട്രോണിക്‌സ് എൻജിനീയറായ അലക്‌സ് ജോസഫ് എന്നിവരാണ് മക്കൾ.

ലിപ്‌സൺ ഫിലിപ്പ്‌