വടപാവ് നൽകിയ വിജയം

Posted on: February 9, 2016

Jumboking-Dheeraj-Gupta-md-

മലയാളികൾക്ക് അത്ര സുപരിചിതമല്ല വടപാവ്. മഹാരാഷ്ട്രയിലെ ജനപ്രിയ ഭക്ഷ്യവിഭവമായ വടപാവിനെ പോപ്പുലർ ബ്രാൻഡാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ധീരജ് ഗുപ്തയ്ക്ക് സ്വന്തം. അസംഘടിത മേഖലയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിർമ്മിച്ചു പോന്നിരുന്ന ഒരു ഭക്ഷ്യവിഭവത്തെ കെഎഫ്‌സിയും ബർഗർകിംഗും പോലെ യുവതലമുറയെ ആകർഷിക്കുന്ന ബ്രാൻഡായി ധീരജ് വളർത്തിയെടുത്തു. കഴിഞ്ഞ 14 വർഷത്തിനിടെ ജംബോകിംഗ് വിറ്റഴിച്ചത് 100 മില്യണിലേറെ വടാപാവ്. മുംബൈ മലാഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു ഔട്ട്‌ലെറ്റിൽ നിന്ന് 14 നഗരങ്ങളിലായി 91 ഔട്ട്‌ലെറ്റുകളിലേക്ക് ജംബോകിംഗ് വളർന്നു.

തകർച്ചയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പായിരുന്നു ജംബോകിംഗ് സ്ഥാപിക്കാൻ ധീരജ് ഗുപ്തയെ നിർബന്ധിതനാക്കിയത്. പൂനെ സിംബയോസിസിൽ നിന്ന് 1998 ൽ എംബിഎ പൂർത്തിയാക്കിയ ധീരജ് കുടംബ ബിസിനസിന്റെ ഭാഗമായി. ഹോട്ടൽ, കേറ്ററിംഗ്, സ്വീറ്റ് ഷോപ്പ് എന്നീ ബിസിനസുകളിലായിരുന്ന ധീരജിന്റെ കുടുംബം ഏർപ്പെട്ടിരുന്നത്. യുവത്വത്തിന്റെ ചടുലതയിൽ ധീരജ് ഇന്ത്യൻ മധുരപലഹാരങ്ങളുടെ കയറ്റുമതിയിലേക്ക് തിരിഞ്ഞു. തുടക്കം മോശമായില്ല. പക്ഷെ വൈകാതെ പലവിധകാരണങ്ങളാൽ  കയറ്റുമതി അവസാനിപ്പിക്കേണ്ടി വന്നു.

ബിസിനസിൽ നിന്ന് അവധിയെടുത്ത് അദേഹം ലണ്ടനിലേക്ക് യാത്രപോയി. ലണ്ടനിലെ ബർഗർകിംഗ് ഷോപ്പുകളിൽ തടിച്ചുകൂടുന്ന ജനം പുതിയൊരു ബിസിനസ് ആശയം ധീരജിനു നൽകി. സമാനമായ സ്വദേശി ബ്രാൻഡിനെ കുറിച്ചുള്ള സ്വപ്നം നാട്ടിൽ മടങ്ങിയെത്തിയ അദേഹം കൂടുംബാംഗങ്ങളുമായി പങ്കുവച്ചു. എതിർപ്പുകളുടെ സ്വരമായിരുന്നു ഉയർന്നുകേട്ടത്. അവയെല്ലാം അവഗണിച്ച് മുന്നോട്ട് പോകാനായിരുന്നു ധീരജിന്റെ തീരുമാനം. കുടുംബത്തിൽ നിന്നും വാങ്ങിയ രണ്ട് ലക്ഷം രൂപ മൂലധനവുമായി 2001 ഓഗസ്റ്റ് 23 ന് ഫാസ്റ്റ്ഫുഡ് വ്യവസായത്തിലേക്ക് കാൽവച്ചു.

Jumboking-Vadapav-Big

ധീരജും ഭാര്യ റീത്തയും ചേർന്ന് മുംബൈ മലാഡ് റെയിൽവേ സ്‌റ്റേഷനു സമീപം ചാറ്റ് ഫാക്ടറി എന്ന പേരിൽ ഒരു ഫാസ്റ്റ്ഫുഡ് ശാല ആരംഭിച്ചു. സഹായത്തിന് നാല് ജോലിക്കാരെയും നിയോഗിച്ചു. പ്രതിദിനം 3,000-4,000 രൂപയായിരുന്നു വിറ്റുവരവ്. തെരുവിലെ മറ്റ് കച്ചവടക്കാർ രണ്ട് രൂപയ്ക്ക് വടപാവ് വിൽക്കുമ്പോൾ ധീരജിന്റെ കടയിൽ വടപാവിന് 5 രൂപയാണ് ഈടാക്കിയിരുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ രുചിയുള്ള വടപാവ് വളരെ വേഗം പ്രശസ്തമായി. അതോടെ ധീരജ് മറ്റ് ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളെല്ലാം ഉപേക്ഷിച്ചു വടപാവിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കടയുടെ പേരു മാറ്റി, ജംബോകിംഗ് എന്ന് ബാൻഡ് ചെയ്തു.

പേരില്ലാത്ത പതിനായിരകണക്കിന് വില്പനക്കാരോട് മത്സരിച്ച് ജംബോകിംഗ് ഹിറ്റായി. റെയിൽവ സ്‌റ്റേഷന് അടുത്തായതിനാൽ കടയിൽ എപ്പോഴും നല്ല തിരക്ക്. ഒറ്റ ഉത്പന്നം കൊണ്ട് പ്രതിദിനം 10,000 രൂപയുടെ വില്പന ജംബോകിംഗ് കൈവരിച്ചു. ചെലവ് ചുരുക്കാനായി വടപാവ് ഉത്പാദനം ഔട്ട്‌സോഴ്‌സ് ചെയ്തു. സഹോദരനോട് കടംവാങ്ങിയ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കാണ്ടിവാലിയിൽ രണ്ടാമത്തെ ഔട്ട്‌ലെറ്റ് തുറന്നു. മൂന്നാമത്തേത് അന്ധേരിയിൽ. വിജയത്തിന്റെ വെള്ളിവെളിച്ചം ജംബോകിംഗിനെ പ്രഭാപൂരിതമാക്കി.

Jumboking-Outlet-Big

ഫ്രാഞ്ചൈസി മോഡൽ അവതരിപ്പിച്ച് ജംബോകിംഗ് ജൈത്രയാത്ര വിപുലമാക്കി. 2004 ൽ ആറ് ഫ്രാഞ്ചൈസികളാണുണ്ടായിരുന്നത്. പിന്നീട് ഒരു വർഷത്തിനുള്ളിൽ 9 ആയി. 2007 ൽ ജംബോകിംഗ് സിഇഒയെ നിയമിച്ചു. ധീരജ് കമ്പനി മാനേജിംഗ് ഡയറക്ടറായി. ജനത്തിരക്കുള്ള ലൊക്കേഷനിൽ 300 ചതുരശ്രയടി സ്ഥലവും ഫ്രാഞ്ചൈസി ഫീസും നൽകിയാൽ ജംബോകിംഗ് ഔട്ട്‌ലെറ്റ് ആരംഭിക്കാം. ഷോപ്പ് ലേഔട്ട്, ഉപകരണങ്ങൾ, ജീവനക്കാർക്കുള്ള പരിശീലനം എന്നീവ സംബന്ധിച്ച മാർഗനിർദേശങ്ങൾ ജംബോകിംഗ് നൽകും. ഔട്ട്‌ലെറ്റിന്റെ ഫർണീഷിംഗ്, ഉപകരണങ്ങൾ എന്നിവയ്ക്കായി 15-20 ലക്ഷം രൂപ വേണ്ടിവരും.

ജംബോകിംഗ് 2014 മാർച്ചിൽ 53 ഔട്ട്‌ലെറ്റുകളിൽ നിന്നായി 30-35 കോടി രൂപ വിറ്റുവരവ് നേടി. 2015 ലെ വിറ്റുവരവ് 45 കോടി കവിഞ്ഞു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വടപാവ് ബ്രാൻഡാണ് ജംബോകിംഗ്.