അറേബ്യൻ ഇതിഹാസം

Posted on: August 10, 2015

Legend-Joji-Mathew-Bigമനസുവച്ചാൽ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായിലെ ലെജൻഡ് ഗ്രൂപ്പ് സാരഥി ജോജി മാത്യു ചക്കുപുരയ്ക്കൽ. 20 വർഷങ്ങൾക്കുള്ളിൽ 27 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഈ മലയാളി കെട്ടിപ്പടുത്തത്. മറൈൻ എൻജിനീയറിംഗ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, എച്ച് ആർ കൺസൾട്ടൻസി, ജനറൽ ട്രേഡിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ, 500 മില്യൺ ടേണോവർ – ഇതിഹാസ തുല്യമാണ് ലെജൻഡ് ഗ്രൂപ്പിന്റെ വളർച്ച.

ചെറുപ്പം മുതലെ എല്ലാറ്റിനെയും പോസിറ്റീവായി കാണുന്ന സമീപനമാണ് ജോജി പുലർത്തിപ്പോരുന്നത്. അടങ്ങാത്ത സംരംഭക മോഹങ്ങളുമായി ഡിഗ്രി കഴിഞ്ഞയുടനെ ഈ ചെറുപ്പക്കാരൻ പെരിന്തൽമണ്ണയിൽ നിന്ന് മുംബൈയിലേക്ക് വണ്ടികയറി. ഇന്ത്യൻ മാർക്കറ്റ് റിസേർച്ച് ബ്യൂറോയിൽ ജോലി കിട്ടിയെങ്കിലും അതിൽ ഒതുങ്ങാൻ ഈ സംരംഭകന്റെ മനസ് അനുവദിച്ചില്ല. ഒരു വർഷത്തിനുശേഷം സൗദിയിലേക്ക് വിസ ലഭിച്ചപ്പോൾ രണ്ടും കൽപ്പിച്ച് വിമാനം കയറി. ഒബ്‌റോയ് ഗ്രൂപ്പിൽ ജോലി ലഭിച്ചെങ്കിലും ജോജിയുടെ മനസിൽ സ്വന്തം സംരംഭമായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

ഒന്നര വർഷത്തിനു ശേഷം സൗദിയിൽ നിന്നും മുംബൈയിലേക്ക് മടങ്ങി. മുളുന്ദിൽ ഒരു കേരള ഹോട്ടൽ തുറന്ന് ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു. തനി നാടൻ ഭക്ഷണം വിളമ്പുന്ന ഹോട്ടൽ വിജയമായപ്പോൾ പുതിയ മേഖലകൾ കണ്ടെത്താൻ ജോജി ഒരുങ്ങി. ഭാഗ്യപരീക്ഷണമെന്നോണം വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയി. വിജയം അനായസമല്ലായിരുന്നുവെങ്കിലും ജൈത്രയാത്രയുടെ തുടക്കം ദുബായിൽ നിന്നായിരുന്നു. കോൺട്രാക്ട് ജോലികളുടെ സാധ്യത മനസിലാക്കി ഒരു ചെറിയ സർവീസ് സ്ഥാപനമാണ് ആദ്യം തുടങ്ങിയത്. അറബി ഭാഷയിലെ പ്രാവീണ്യം ജോജിയുടെ ബിസിനസ് വളർച്ചയ്ക്ക് മുതൽകൂട്ടായി.

വൈകാതെ ഒരു എച്ച് ആർ കൺസൾട്ടൻസി സ്ഥാപനവും തുറന്നു. തുടർന്ന്
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിസിനസിലേക്കും പ്രവേശിച്ചു. ആദ്യം മറ്റ് എമിറേറ്റുകളിലേക്കും പിന്നീട് മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ദുബായ് രാജകുടുംബാംഗമായ സലേം സെയ്ഫ് ബിൻ സയിദ് അൽകെത്ബിയുമായുള്ള പരിചയമാണ് ബിസിനസിൽ വഴിത്തിരിവായത്. ജോജി മാത്യുവിന്റെ കഠിനാധ്വാനവും അർപ്പണബോധവും തിരിച്ചറിഞ്ഞ അദ്ദേഹം ലെജൻഡ് ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നു.

ജപ്പാനിലെ മിത്സുകി കോർപറേഷനെ 2011 ൽ ഏറ്റെടുത്തതാണ് ലെജൻഡ് ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ല്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന മിത്സുകിക്ക് കൊറിയ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിർമാണകേന്ദ്രങ്ങളുണ്ട്. ഹോം സെക്യൂരിറ്റി സൊല്യൂഷൻസ്, ഡിവിആർ, സിസിടിവി, സോളാർ പാനൽ, സോളാർ ലൈറ്റുകൾ, സോളാർ വാട്ടർ ഹീറ്റർ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മിത്സുകി നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നത്.

യുഎഇയിൽ റിയലിട്ടി രംഗത്ത് 393 പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച ലെജൻഡ് ഗ്രൂപ്പ് ആറ് വർഷം മുമ്പ് ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്താൻ പദ്ധതി തയാറാക്കി. നാല് വർഷത്തെ വിശദമായ സാധ്യതാ പഠനങ്ങൾക്ക് ശേഷമാണ് ലെജൻഡ് ഗ്രൂപ്പ് കേരളത്തിൽ ആദ്യത്തെ പാർപ്പിട പദ്ധതിക്ക് തുടക്കം കുറിച്ചത്. ലെജൻഡ് ഗ്രൂപ്പിന്റെ ലാൻഡ് ബാങ്കിലുള്ള 40 ലേറെ പ്ലോട്ടുകൾ പരിഗണിച്ച ശേഷമാണ് ആദ്യ സൈറ്റ് നിശ്ചയിച്ചത്.

Legend-Joswana-Bigകേരളത്തിൽ ഗ്രൂപ്പിന്റെ ആദ്യ പ്രോജക്ടാണ് തൃപ്പൂണിത്തുറ പുതിയകാവിലെ ലെജൻഡ് ജോസ്വാന. 15 നിലകളുള്ള ലെജൻഡ് ജോസ്വാനയിൽ 75 അപ്പാർട്ട്‌മെന്റുകളാണുള്ളത്. ഹൈബ്രിഡ് നാച്വറൽ പവർ ബാക്കപ്പുള്ള ഇന്ത്യയിലെ ആദ്യത്തെ പാർപ്പിട പദ്ധതിയാണ് ലെജൻഡ് ജോസ്വാന. 2017 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അറേബ്യൻ ലെജൻഡ് റിയലട്ടേഴ്‌സ്. തുടർന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും ഭവനപദ്ധതികൾ പ്രഖ്യാപിക്കും. ക്രമേണ ഇന്ത്യയിലെ നമ്പർ 1 ബിൽഡർ ആകുകയാണ് ജോജി മാത്യുവിന്റെ ലക്ഷ്യം.

അറേബ്യൻ ലെജൻഡ് റിയലട്ടേഴ്‌സിന് പുറമെ ജെജെഎസ് കോൺട്രാക്ടിംഗ്, മിത്സുകി ജനറൽ ട്രേഡിംഗ്, ലെജൻഡ് ഇന്റർനാഷണൽ കൺസൾട്ടന്റ്‌സ്, മദർ കെയർ ക്ലീനിംഗ് സർവീസസ് തുടങ്ങി നിരവധി കമ്പനികൾ ലെജൻഡ് ഗ്രൂപ്പിലുണ്ട്. 27 രാജ്യങ്ങളിലായി 1400 ലേറെ ജീവനക്കാരാണ് ഗ്രൂപ്പിന്റെ ശക്തി. ഇന്ത്യ ഉൾപ്പടെ എല്ലാ രാജ്യങ്ങളിലേക്കും ലെജൻഡ് ഗ്രൂപ്പിന്റെ വളർച്ച ഉറപ്പാക്കുകയാണ് ജോജി മാത്യുവിന്റെ വലിയ സ്വപ്നം. കനേഡിയൻ സർവകലാശാലയിൽ നിന്നും ഇന്റർനാഷണൽ ബിസിനസിൽ ഡോക്ടറേറ്റ് നേടാൻ ഒരുങ്ങുകായണ് ഈ സംരംഭകൻ.

Legend-Joji-Mathew-&-Familyപെരിന്തൽമണ്ണ നെൻമേനി ചക്കുപുരയ്ക്കൽ സി. വി. മാത്യുവും മറിയാമ്മയുമാണ് ജോജിയുടെ മാതാപിതാക്കൾ. ഭാര്യ സിസി വരാപ്പുഴ സ്വദേശിനിയാണ്. വിദ്യാർത്ഥികളായ ജോസ്‌നയും ജെസ്‌വിനുമാണ് മക്കൾ. പോസിറ്റീവ് ചിന്തകളിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാനാണ് ഈ സംരംഭകൻ ഇഷ്ടപ്പെടുന്നത്. സത്യസന്ധതയും സംരംഭകമനോഭാവവും നിശ്ചദാർഡ്യത്തോടെയുള്ള ചുവടുവയ്പ്പുകളുമാണ് ജോജി മാത്യുവിന്റെ വിജയരഹസ്യം. ടൈംസ് ഗ്രൂപ്പിന്റേത് ഉൾപ്പടെ നിരവധി അവാർഡുകളും ഈ വ്യവസായിയെ തേടിയെത്തിയിട്ടുണ്ട്.

ലിപ്‌സൺ ഫിലിപ്പ്‌