മൊബൈൽ ടവറുകൾ : വിധി സ്വാഗതാർഹമെന്ന് സിഒഎഐ

Posted on: March 18, 2015

Mobile-Base-Tower-bigകൊച്ചി : മൊബൈൽ ഫോൺ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി കേബിൾ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി ഒ എ ഐ) സ്വാഗതം ചെയ്തു. മൊബൈൽ ടവറുകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം ശരിയല്ലെന്ന കേന്ദ്രവാർത്താവിനിമയ വകുപ്പ് മന്ത്രിയുടെ രാജ്യസഭയിലെ പ്രസംഗവും സിഒഎഐ സ്വാഗതം ചെയ്തു.

ഈ രണ്ടു പരാമർശങ്ങളും സിഒഎഐ കാലങ്ങളായി ഉയർത്തുന്ന വാദങ്ങൾക്ക് പിൻബലമേകുന്നതാണെന്നും ടെലികോം ടവറുകളെ കുറിച്ച് അകാരണമായ ഭീതി ഉപേക്ഷിക്കണമെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ് പറഞ്ഞു. മൊബൈൽ ടവറുകളിൽ നിന്നും ഹാൻഡ്‌സെറ്റുകളിൽ നിന്നുമുള്ള മലിനീകരണവും റേഡിയേഷനും തടയാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ പിൻതുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെന്നൈ നഗരത്തിൽ പുതുതായി മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട അൻപതോളം ഹർജികൾ തീർപ്പാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. മൊബൈൽ ടവറുകൾ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്ന് ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെടാ ത്തിടത്തോളം ഹർജികളിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് എം എം സുേ്രന്ദഷും അടങ്ങുന്ന ബഞ്ച് വിധിച്ചു.

എ എം റേഡിയോ, എഫ് എം റേഡിയോ സ്റ്റേഷനുകളിൽ നിന്നുള്ള പ്രസാരണത്തെക്കാൾ കുറവാണ് മൊബൈൽ ബേസ് സ്റ്റേഷനുകളിൽ നിന്നുള്ള പ്രസാരണം എന്ന ഡോ. ഗാംഗുലിയുടെ പഠന റിപ്പോർട്ട് അംഗീകരിച്ച് കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയും മദ്രാസ് ഹൈക്കോടതി പരാമർശിച്ചു.