കൊക്കകോള പ്ലാന്റിന് എതിരെ പ്രതിഷേധം

Posted on: March 5, 2015

Coca-Cola-bottling-plant-bi

ചെന്നൈ : തമിഴ്‌നാട്ടിൽ പെരുന്തുറൈയിലെ നിർദിഷ്ട കൊക്കകോള പ്ലാന്റിന് എതിരെ വൻ പ്രതിഷേധം. കൊക്ക കോള പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ ഇന്ന് പെരുന്തുറൈയിൽ ഹർത്താൽ ആചരിച്ചു. കേരളത്തിലെ പ്ലാച്ചിമട സമരത്തിനു സമാനമായ പ്രതിഷേധമാണ് പെരുന്തുറൈയിൽ ഉയരുന്നത്. പ്രതിഷേധ സൂചകമായി ടൗണിലും പരിസരപ്രദേശങ്ങളിലുമായി 3,500 ലേറെ കടകൾ അടച്ചിട്ടതായി പോലീസ് വെളിപ്പെടുത്തി. പാൽ, പച്ചക്കറി, ജലവിതരണം എന്നിവ തടസപ്പെട്ടില്ല.

സിപ്‌കോട്ട് ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലാണ് കൊക്ക കോള പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കമ്പനി പ്രവർത്തനമാരംഭിച്ചാൽ ഭൂഗർഭ ജലനിരപ്പ് താഴുമെന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ ജലസ്രോതസുകളെ മലിനപ്പെടുത്തുമെന്നുമാണ് നാട്ടുകാരുടെ പരാതി. പ്രതിദിനം പത്തു ലക്ഷം ലിറ്റർ വെള്ളം കമ്പനിക്ക് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

തിരുനെൽവേലിയിലെ കൊക്ക കോള പ്ലാന്റിന്റെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനെതിരെ കഴിഞ്ഞവർഷം വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. പ്രതിദിനം 9 ലക്ഷം ലിറ്റർ ജലവിനിയോഗമുള്ള പ്ലാന്റിന്റെ ശേഷി 1.8 കോടി (180 ലക്ഷം ലിറ്റർ) ലിറ്ററായി വർധിപ്പിക്കാൻ തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതി നൽകിയിരുന്നു. ഇതിനെതിരെ ഫെഡറേഷൻ ഓഫ് കൺസ്യൂമർ ഓർഗനൈസേഷൻ ഓഫ് തമിഴ്‌നാട് (ഫെഡ്‌കോട്ട്) പ്രസിഡന്റ് അഡ്വ. ഡി.എ. പ്രഭാകർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ആഗോളതലത്തിൽ അഞ്ച് സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നാണ് കൊക്ക കോളയുടെ വിലയിരുത്തൽ. 2020 മുമ്പ് ഇന്ത്യയിൽ 5 ബില്യൺ ഡോളറിന്റെ മൂലധനനിക്ഷേപം (30,000 കോടി രൂപ) നടത്താനാണ് കൊക്കകോള ഒരുങ്ങുന്നത്. അതേസമയം പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വലിയ എതിർപ്പുകളാണ് കമ്പനി നേരിടുന്നത്. കേരളത്തിൽ നടന്ന പ്ലാച്ചിമട സമരത്തോടെയാണ് കൊക്കകോളയുടെ ഭൂഗർഭജല ചൂഷണത്തിനെതിരെ ജനങ്ങൾ ബോധവാൻമാരായത്. ഉത്തർപ്രദേശിൽ കൊക്കകോള പ്ലാന്റിനുള്ള അനുമതി കഴിഞ്ഞവർഷം സംസ്ഥാനഗവൺമെന്റ് പിൻവലിച്ചിരുന്നു.