സെൽഫോൺ ടവറുകൾ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന

Posted on: January 1, 2015

Telecom-towers-big

സെൽഫോൺ ടവറുകളിലെ റേഡിയേഷനും മൊബൈൽ ഫോണിന്റെ സ്ഥിരമായ ഉപയോഗവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന ഭീതി അസ്ഥാനത്താണെന്ന് ലോകാരോഗ്യ സംഘടന. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അടുത്തയിടെ പുറത്തിറക്കിയ പഠന റിപ്പോർട്ട് അനുസരിച്ച് കർശന മലിനീകരണ മാനദണ്ഡങ്ങളുള്ള രാജ്യമാണ് ഇന്ത്യ.

ആഗോളതലത്തിലുള്ളതിന്റെ പത്തിലൊന്ന് റേഡിയേഷൻ മാത്രമാണ് ഇന്ത്യയിലുള്ളത്. സെൽഫോൺ ടവറുകൾ കാൻസറിനു കാരണമാകുന്നുവെന്ന് ഒരു പഠനത്തിനും തെളിയിക്കാനായിട്ടില്ലന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. മുൻകരുതൽ നടപടികൾ എടുത്തിട്ടുള്ളതിനാൽ ഇ എം എഫ് റേഡിയേഷന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

റേഡിയേഷൻ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ പ്രതിനിധികളും ഖോരക്പൂർ, കാൺപൂർ, റൂർക്കി എന്നിവിടങ്ങളിലെ ഐ ഐ ടി പ്രഫസർമാർ, എയിംസിലെ മെഡിക്കൽ കൺസൽട്ടന്റ്, ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന 13 അംഗ വിദഗ്ധ സമിതിയെ ടെലികോം വകുപ്പ് നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ടെലികോം ടവറുകളിൽ നിന്നുള്ള റേഡിയേഷനെ കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്താൻ ടെലികോം വകുപ്പ് ടെലികോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആൻഡ് മോണിറ്ററിംഗിനെ (ടേം) ചുമതലപ്പെടുത്തി.

ഒരാൾ പുറത്ത് പോകുമ്പോൾ സൂര്യ പ്രകാശത്തിൽ നിന്ന് ഏൽക്കുന്ന ഊർജത്തെക്കാൾ ആയിരം മടങ്ങ് കുറവാണ് മൊബൈൽ റേഡിയേഷൻ. മൊബൈൽ ഫോൺ ഉപയോഗമോ ടവറുകളുടെ സാമീപ്യമോ ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലന്നു റേഡിയേഷൻ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ പാരിസ്ഥിതികാരോഗ്യ യൂണിറ്റിന്റെ ആദ്യ കോ ഓർഡിനേറ്ററുമായ പ്രഫ. ഡോ. മൈക്കൽ റിപ്‌ചോളി പറഞ്ഞു.