ഇ-വേസ്റ്റ് ശേഖരണ പദ്ധതിക്കു തുടക്കമായി

Posted on: November 6, 2014

E-waste-flag-off-big

കേരളത്തിൽ ഇ- മാലിന്യ ശേഖരണ പദ്ധതിക്കു തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാനസെക്രട്ടേറിയറ്റിലെ ഇ- മാലിന്യം ക്ലീൻ കേരള കമ്പനി പ്രതിനിധികൾക്കു നൽകി, നഗരകാര്യ-ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗോവ സർക്കാർ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സർക്കാർ തലത്തിൽ ആരംഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എല്ലാ മാസവും മാലിന്യം ശേഖരിക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിൽനിന്ന് രണ്ടു ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ശേഖരിച്ചത്.

ക്ലീൻ കേരള കമ്പനിയാണ് സർക്കാർ സ്ഥാപനങ്ങളിലേയും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ അഞ്ചു രൂപ നിരക്കിൽ ശേഖരിക്കുന്നത്. ക്ലീൻ കേരള കമ്പനി സംസ്ഥാനത്തുനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഹൈദരാബാദിൽ റീസൈക്ലിംഗ് യൂണിറ്റുള്ള പാലക്കാട് എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുക്കുന്നത്. കംപ്യൂട്ടർ, ലാപ്‌ടോപ്പ്, ടി.വി, ഫോട്ടോ കോപ്പിയർ, സ്‌കാനർ, റേഡിയോ, ടേപ്പ് റെക്കോർഡർ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, ഗ്രൈന്റർ, മിക്‌സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സിഎഫ്എൽ ഉൾപ്പെടെയുള്ള ബൾബുകൾ, സിഡി തുടങ്ങിയവയും ക്ലീൻകേരള കമ്പനി ശേഖരിക്കും.

നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങൾ നഗരസഭകളിലെ കേന്ദ്രങ്ങളിലോ ശേഖരിച്ചു സൂക്ഷിക്കും. ക്ലീൻകേരള കമ്പനി അതാതു സ്ഥലങ്ങളിൽ വന്നു ശേഖരിക്കും. ഇതിനായി കുടുംബശ്രീ ഉൾപ്പെടെയുള്ള സംഘടനകളെ ഉപയോഗപ്പെടുത്തും. മൂന്നു മാസത്തിൽ ഒരിക്കൽ ഓരോ പ്രദേശത്തെയും കേന്ദ്രത്തിൽ ക്ലീൻകേരള കമ്പനിയുടെ വാഹനമെത്തും. തൂക്കത്തിനനുസരിച്ച് പണം നൽകി മാലിന്യം ശേഖരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആറു മാസത്തിലൊരിക്കൽ ആവശ്യമെങ്കിൽ വാഹനം എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് ക്ലീൻ കേരള എം.ഡി. കബീർ ബി. ഹാറൂൺ അറിയിച്ചു. എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ജോൺ റോബർട്ട്, നഗരകാര്യസെക്രട്ടറി എ.സി.എൻ മുഹമ്മദ് അസീന് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.