അഷ്ടമുടി കായലിലെ കക്കയ്ക്ക് രാജ്യാന്തര അംഗീകാരം

Posted on: November 5, 2014

Ashtamudi-Kakka-big

അഷ്ടമുടി കായലിലെ കക്കയ്ക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചു. ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ, സി എം എഫ് ആർ ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നീ ഏജൻസികൾ മത്സ്യ ബന്ധന തൊഴിലാളികളുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് അഷ്ടമുടി കായലിലെ കക്കയ്ക്ക് മറൈൻ സ്റ്റ്യുവാർഡ്ഷിപ് കൗൺസിൽ (എം.എസ്.സി) സർട്ടിഫിക്കേഷൻ ലഭിച്ചത്. എം.എസ് സി സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കക്ക മത്സ്യ സമ്പത്തും ഏഷ്യയിലെ മൂന്നാമത്തെ മത്സ്യ സമ്പത്തുമാണ് അഷ്ടമുടിയിലേത്. ഇന്ത്യയിലെ കക്ക കയറ്റുമതി മേഖലയുടെ 80 ശതമാനവും അഷ്ടമുടി കായലിന്റെ സംഭാവനയാണ്.

അഷ്ടമുടിയിലെ കണ്ടൽക്കാടുകളിൽ 90 ഇനം മത്സ്യങ്ങളും 10 ഇനം കക്കകളുമാണുള്ളത്. 1981 ലാണ് അഷ്ടമുടിയിൽ കക്ക വാരൽ ആരംഭിച്ചത്. 3500 ഓളം തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നു. എൺപതുകളിലും 90 കളിലും വിയറ്റ്‌നാം, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് വൻ തോതിൽ കക്ക കയറ്റുമതി ചെയ്തു. 1991 ൽ പ്രതിവർഷം 10,000 ടൺ കക്കയാണ് ലഭിച്ചത്. എന്നാൽ 1993 ആയപ്പോഴേക്കും ഇത് പകുതിയായി കുറഞ്ഞു. ഇതേ തുടർന്ന് കക്ക വാരലിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പ്രത്യേക തരം വല ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ കക്കയുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കാനായി.

2010 മുതൽ ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ , സംസ്ഥാന ഫിഷറീസ് വകുപ്പുമായും സി എം എഫ് ആർ ഐ യിലെ മൊല്ലുസ്‌കാൻ ഫിഷറീസ് ഡിവിഷനിലെ ഗവേഷകരുമായും ചേർന്ന് എം എസ് സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലായിരുന്നു.എം എസ് സി സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ കക്കയ്ക്ക് പുതിയ കയറ്റുമതി വിപണി തുറക്കാൻ സാധിക്കും.

Asstamudi-Clam-Certificatio

അഷ്ടമുടി കായലിലെ കക്കയ്ക്കുള്ള എം എസ് സി സർട്ടിഫിക്കറ്റ് കൊച്ചി സി എം എഫ് ആർ ഐ യിൽ നടന്ന ചടങ്ങിൽ എം എസ് സി സ്റ്റാൻഡാർഡ്‌സ് ഡയറക്ടർ ഡോ. ഡേവിഡ് ആഗ്‌ന്യു തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് കൈമാറി.

ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യയുടെ നാല് വർഷത്തെ പ്രയത്‌നം ഫലം കണ്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ സെക്രട്ടറി ജനറലും സി ഇ ഓ യുമായ രവി സിംഗ് പറഞ്ഞു. സുസ്ഥിര മത്സ്യ ബന്ധനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് എം എസ് സി സർട്ടിഫിക്കറ്റ് എന്നും കാക്ക പോലെയുള്ള ചെറുകിട മത്സ്യ ബന്ധന മേഖലക്ക് ഈ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്നും ഡേവിഡ് ആഗ്‌ന്യു അഭിപ്രായപ്പെട്ടു.

ചെറുകിട മത്സ്യ സമ്പത്ത് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സെക്രട്ടറി ഡോ. ഹേം പാണ്ടെ പറഞ്ഞു. എം പി ഇ ഡി എ ചെയർപേഴ്‌സൻ ലീനാ നായർ, സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.