എസ്. ബി. ഒ. എ. സ്‌കൂളിന് സി. എസ്. ഇ ഹരിത പുരസ്‌കാരം

Posted on: February 7, 2019

ന്യൂഡല്‍ഹി : പരിസ്ഥിതി രംഗത്തെ സന്നദ്ധസംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ( സി എസ് ഇ) ഹരിത വിദ്യാലയങ്ങള്‍ക്കുള്ള ജി എസ് പി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ മൂന്നു വിദ്യാലയങ്ങളുള്‍പ്പെടെ 12 വിദ്യാലയങ്ങള്‍ പുരസ്‌ക്കാരത്തിനര്‍ഹമായി. എറണാകുളത്തെ എസ് ബി ഒ എ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട എണ്ണൂറാംവയലിലെ സി എം എസ് എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ചെയ്ഞ്ച് മേക്കേഴ്‌സ് ഓഫ് ദ് ഇയര്‍ വിഭാഗത്തിലും തിരുവനന്തപുരം കൈരളി വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് ന്യൂ എന്‍ട്രി വിഭാഗത്തിലും പുരസ്‌ക്കാരം ലഭിച്ചു.

നോയ്ഡയിലെ ബാല്‍ഭാരതി പബ്ലിക് സ്‌കൂളും തമിഴ്‌നാട്ടിലെ കാഞ്ചിപുരം ഗുഡ് എര്‍ത്ത് സ്‌കൂള്‍, മഹീന്ദ്ര വേള്‍ഡ് സ്‌കൂള്‍ എന്നിവയും പുരസ്‌ക്കാരത്തിനര്‍ഹമായി. 1600 സ്‌കൂളുകളില്‍ നിന്ന് ഇവയെ തെരഞ്ഞെടുത്തത്. ആഹാരം, ഊര്‍ജം, ഭൂവിനിയോഗം, വായു, ജലം, മാലിന്യസംസ്‌ക്കരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തെ വിദ്യാലയങ്ങള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങിയെന്ന് സി എസ് ഇ ഡയറക്ടര്‍ ജനറല്‍ സുനിതാ നരായണ്‍ പറഞ്ഞു.

ഇന്‍ഡോറിലെ ന്യൂ ദിഗംബര്‍ പബ്ലിക് സ്‌കൂള്‍, സിക്കിമിലെ ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദെഹ്‌റാദൂണിലെയും മഹാരാഷ്ട്രയിലെയും കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അംഗീകാരമുണ്ട്. പുരസ്‌കാരദാനചടങ്ങില്‍ പേവിംഗ് ദ പാത്ത് എന്ന പുസ്തകവും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ക്വിസ് പുസ്തകവും പ്രകാശനം ചെയ്തു.