കൊച്ചിയിൽ അന്തർദേശീയ ഓർക്കിഡ് മേള

Posted on: October 15, 2014

Orchid-Fest-Kochi-big

കൊച്ചിയിൽ 17 മുതൽ അന്തർദേശീയ ഓർക്കിഡ് മേള. മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിലാണ് നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ഓർക്കിഡുകളുടെയും ബോൺസായി ചെടികളുടെയും പ്രദർശന വിപണന മേള. കൊച്ചി ആസ്ഥാനമായ സ്റ്റാർ എന്റർടെയ്ന്റ്‌മെന്റ്‌സും മെട്രോ ഈവന്റ് മേക്കേഴ്‌സും ചേർന്നാണ് അന്തർദേശീയ ഓർക്കിഡ് മേള സംഘടിപ്പിക്കുന്നത്.

കേരളത്തിലാദ്യമായാണ് ഓർക്കിഡുകൾക്ക് മാത്രമായി ഒരു മേള സംഘടിപ്പിക്കുന്നതെന്നും തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓർക്കിഡുകളും ചൈനയിൽ നിന്നുള്ള നൂറിലേറെ ബോൺസായ് ചെടികളും മേളയിലുണ്ടാകുമെന്നും സ്റ്റാർ എന്റർറ്റൈന്റ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടർ ഷമീർ വളവത്തും മെട്രോ ഈവന്റ് മേക്കേഴ്‌സ് എംഡി ബിജു അബ്രഹാമും പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നൂറിലേറെ വ്യത്യസ്ത ഓർക്കിഡുകൾ തയാറാക്കിയിട്ടുണ്ട്. ഡൽഡ്രോബിയം, ബാസ്‌ക്കറ്റ് വാൻഡ, ഫിലനോപ്‌സിസ്, മോക്കാറോ, ഓൺസീഡിയം, കാറ്റില തുടങ്ങി അപൂർവ ഇനത്തിൽപെട്ട ഓർക്കിഡുകൾ പ്രദർശനത്തിനുണ്ടാകും. ഫൈക്കസ് വിഭാഗത്തിൽ പെട്ട ആൽമരം, ചൈനീസ് എം, മോറായ, ഇംഗ്ലീഷ് ബോക്‌സ് സ്യൂട്ട്, മലേഷ്യയിലെ ഏറെ പ്രശസ്തമായ വാട്ടർ ജാസ്മിൻ തുടങ്ങിയ ബോൺസായ് ഇനങ്ങൾ മേളയിലെ പ്രധാന ആകർഷണങ്ങളാകും.

ഓർക്കിഡ് മേളയുടെ ഉദ്ഘാടനം 17 ന് വൈകുന്നേരം നാലിന് ഹൈബി ഈഡൻ എം എൽ എ നിർവഹിക്കും. മേളയോടനുബന്ധിച്ചുള്ള ഉപഭോക്തൃ മേളയുടെ ഉദ്ഘാടനം മേയർ ടോണി ചമ്മിണി നിർവഹിക്കും. ഓർക്കിഡ് മേള 26 ന് സമാപിക്കും. എല്ലാ ദിവസവും കുട്ടികളുടെ മത്സരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷ്യ മേള എന്നിവയുമുണ്ടാകും. രാവിലെ 11 മണി മുതൽ രാത്രി 9 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.