ഡല്‍ഹിയിലെ വായു മലിനീകരണം വര്‍ദ്ധിച്ചു

Posted on: November 12, 2018

ന്യൂഡല്‍ഹി : അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ വീണ്ടും വായു മലിനീകരണം ഗുരുതരമായി. കാറ്റിന്റെ ശക്തി കുറഞ്ഞതും വായു മലിനീകരണത്തിന് ആക്കം കൂട്ടി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അറിയിപ്പു പ്രകാരം ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷവായു നിലവാര സൂചിക 423 ആണ്. 100 വരെയാണു  അനുവദനീയമായ പരിധി. നൂറു കടന്നാല്‍ സ്ഥിതി മോശമെന്നാണു സൂചന. എന്നാല്‍ 400 കടന്നാല്‍ സ്ഥിതി അഅതീവ ഗുരുതരമെന്നാണു കണക്കാക്കുന്നത്.

ഡല്‍ഹിയില്‍ ദീപാവലിക്കു മുന്‍പു തന്നെ വായു മലിനീകരണം അനുവദനീയ പരിധിയിലും വളരെ കൂടുതലായിരുന്നു. ദീപാവലിക്കുള്ള പടക്കം പൊട്ടിക്കല്‍ കൂടി കഴിഞ്ഞതോടെ ഏറ്റവും മലിനമായി. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞുനില്‍ക്കുന്നതും മഞ്ഞുമൂടി കിടക്കുന്നതും രോഗങ്ങള്‍ പടരാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.