ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഉയരുന്നു

Posted on: October 16, 2018

ന്യൂഡല്‍ഹി : പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിസ്ഥലങ്ങളില്‍ തീയിടാന്‍ തുടങ്ങിയതോടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്നത്. അതേസമയം, മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി കേന്ദ്ര മലിനീകരണം നിയന്ത്രണ ബോര്‍ഡും വ്യക്തമാക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന നഗരങ്ങളിലൊന്നു ഡല്‍ഹിയിലാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ വയലുകളില്‍ തീയിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. എന്നാല്‍, ഈ വര്‍ഷം ഈ വിലക്കുകള്‍ മറികടന്നാണ് പഞ്ചാബിലെയും ഹരിയാനയിലെയും വയലുകളില്‍ വയ്‌ക്കോലുകള്‍ക്ക് തീയിടാന്‍ തുടങ്ങിയിരിക്കുന്നത്.

പഞ്ചാബില്‍ 330 സ്ഥലങ്ങളിലും ഹരിയാനയില്‍ 701 ഇടങ്ങളിലും വയ്‌ക്കോല്‍ കത്തിച്ചതു കണ്ടെത്തിയിട്ടുണ്ടെന്നു സംസ്ഥാന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. വിളകളുടെ അവശിഷ്ടം നശിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കാത്തതാണ് തങ്ങളെ ഇതിനു പ്രേരിപ്പിച്ചതെന്നു കൃഷിക്കാര്‍ പറയുന്നു.

അതേസമയം, മലിനീകരണം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളിലേക്കു നീങ്ങുകയാണെന്നും ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചതായും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ഡീസല്‍ വാഹനങ്ങള്‍ക്കും ജനറേറ്ററുകള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതുമായ നടപടികള്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

TAGS: Delhi Pollution |