എസ് ബി ഐ ഒരു വര്‍ഷത്തിനകം പ്ലാസ്റ്റിക് വിമുക്തമാകും

Posted on: October 6, 2018

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മ ദിനാചരണ വേളയിലാണ് ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയായായും 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായുമാണ് എസ് ബി ഐയുടെ ഈ പ്രധാന ദൗത്യം.

അടുത്ത 12 മാസത്തിനുള്ളില്‍ എസ് ബി ഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കു പകരം ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കും. ബാങ്കിലെ നിലവിലെ പ്ലാസ്റ്റിക് പേപ്പര്‍ ഫോള്‍ഡറുകള്‍ മാറ്റി നിലവാരമുള്ളവ ഉപയോഗിക്കാന്‍ തുടങ്ങും. എസ് ബിഐ യുടെ കാന്റീനുകളില്‍ പ്ലാസ്റ്റിക് സാധനങ്ങളും കണ്ടെയിനറുകളും മാറ്റി ബയോഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും.

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി എസ്ബിഐയും ഇതില്‍ പങ്കാളിയാകുകയാണ്. ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതും സജീവമാക്കുകയാണ്. 2030 ഓടെ എസ് ബി ഐ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആദ്യ വാഹനം വാങ്ങിച്ചു.

പ്ലാസ്റ്റിക് മുക്തമാക്കേണ്ടതിന്റെ അനിവാര്യത നമ്മള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് എസ്ബിഐയെ ഒരു വര്‍ഷം കൊണ്ടു പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള തീരുമാനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിഷേധിക്കുക, കുറയ്ക്കുക, പുനഃരുപയോഗിക്കുക എന്ന നയമായിരിക്കണം എസ് ബി ഐ പ്രയോഗത്തില്‍ വരുത്തേണ്ടതെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

TAGS: SBI |