അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ 15 ഇന കര്‍മ്മ പദ്ധതി

Posted on: July 13, 2018

 

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളില്‍ വായു മലിനീകരണം തടയുന്നതിനുള്ള 15 ഇന കര്‍മ പദ്ധതി നിതി ആയോഗ് ശുപാര്‍ശ ചെയ്തു. കാണ്‍പൂര്‍, ഫരിദാബാദ്, ഗയ, വാരണാസി, ആഗ്ര, ഗുര്‍ഗാവോണ്‍, മുസഫര്‍പുര്‍, ലഖ്‌നൗ, പാട്‌ന, ഡല്‍ഹി എന്നിവയാണ് രാജ്യത്ത്  ഏറ്റവും അധികം മലിനീകരണം നേരിടുന്ന നഗരങ്ങളെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ബ്രീത്ത് ഇന്ത്യ’ എന്ന പേരിലാണ് നിതി ആയോഗ് കരട് കര്‍മ്മ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ ഡീസല്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തുക, വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പകരം അവ ഉപയോഗപ്പെടുത്തുന്ന തരത്തില്‍ നയം തയാറാക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള പൊടിക്കാറ്റ് മൂലം കഴിഞ്ഞമാസം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എല്ലാ വര്‍ഷവും ഡല്‍ഹിയിലെ വായു നിലവാരം ശൈത്യകാലത്ത് വളരെ മോശമായ നിലവാരത്തിലേക്ക്  എത്താറുണ്ട്. പഴയതും കാര്യക്ഷമമല്ലാത്തതുമായ കല്‍ക്കരി വൈദ്യുതി പ്ലാന്റുകളുടെ പ്രവര്‍ത്തനം വേഗത്തില്‍ അവസാനിപ്പിക്കുന്നതിനും 2020 മുതല്‍ പരിസ്ഥിതി സൗഹാര്‍ദ നയങ്ങള്‍ വന്‍ തോതില്‍ നടപ്പിലാക്കുന്നതിനും നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

TAGS: Air Pollution |