ശുചിത്വ സാഗരം കൂടുതൽ മേഖലകളിലേക്ക്

Posted on: May 11, 2018

കൊച്ചി : കടൽ ശുചീകരണം ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്‌കരിച്ച ശുചിത്വ സാഗരം പദ്ധതി ആലപ്പുഴ, കൊച്ചി, കോഴിക്കോട് തുടങ്ങിയ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ശുചിത്വ സാഗരം പദ്ധതി സംസ്ഥാനം മുഴുവൻ നടപ്പാക്കാനായാൽ കടൽ ശുചീകരണത്തിനിറങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലാണ് കഴിഞ്ഞ വർഷം ശുചിത്വ സാഗരം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ബോട്ടുടമകളുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ 250 ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്. കടലിലെ ആവാസ വ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിനോദസഞ്ചാരത്തിനും വെല്ലുവിളിയുയർത്തുന്നു. ഫോർട്ട് കൊച്ചി, ബേക്കൽ തുടങ്ങി വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന മിക്ക ബീച്ചുകളും മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്.

മത്സ്യബന്ധനത്തിന് പോകുന്നവർ ഒരു മാസം വരെ കടലിൽ കഴിഞ്ഞ ശേഷമാണ് പലപ്പോഴും തിരിച്ചെത്തുന്നത്. ഇക്കാലയളവിലേക്ക് ആവശ്യമായ അരി, മുളക്, പാൽ, തൈര് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിക്കുകയും ഉപയോഗശേഷം കടലിലെറിയുകയുമായിരുന്നു പതിവ്. പലപ്പോഴും ചെറിയ മീനുകൾ പ്ലാസ്റ്റിക് കൂടുകളിൽ കുടുങ്ങി ചത്തുപോകാറുണ്ട്. ബോട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ തിരിച്ചുകൊണ്ടുവരാൻ 2000 ചാക്കുകളാണ് ബോട്ടുകൾക്ക് വിതരണം ചെയ്തത്. ട്രോളിംഗ് വലകളിൽ കുരുങ്ങുന്ന മാലിന്യങ്ങളും കടലിൽ തള്ളാതെ കരയിലേക്ക് കൊണ്ടുവരാൻ ബോട്ടുകാർ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പദ്ധതി നടപ്പാക്കാനായത്.

പുഴയിലേക്ക് തള്ളുന്ന കാരിബാഗുകൾ, പ്ലാസ്റ്റിക് ചാക്കുകൾ, സാനിട്ടറി നാപ്കിനുകൾ, ചെരിപ്പുകൾ, പ്ലാസിറ്റിക് കുപ്പികൾ, റബർ വസ്തുക്കൾ തുടങ്ങിയവ ഒഴുകി കടലിലേക്ക് എത്തുന്നു. പലപ്പോഴും ഇവ മത്സ്യബന്ധന വലകളിലും കരുങ്ങാറുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പ്, സാഫ്, കേരള ശുചിത്വ മിഷൻ, നെറ്റ് ഫിഷ്, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ, ക്ലീൻ കേരള കമ്പനി എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.