സിഎസ്ഇ ഹരിത സ്‌കൂൾ പട്ടികയിൽ പാങ്ങോട്, ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയങ്ങൾ

Posted on: February 15, 2018

ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ദേശീയ തലത്തിൽ മികച്ച ഹരിത സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പാങ്ങോട്, ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയങ്ങൾ അർഹമായി. ഏറ്റവും മികച്ച 13 സ്‌കൂളുകളെ ദേശീയതലത്തിൽ സിഎസ്ഇ ആദരിക്കും.

മാലിന്യസംസ്‌കരണം, ഹരിതവത്കരണം, ജൈവകൃഷി, സൗരോർജ ഉപയോഗം, ബയോഗ്യാസ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മികച്ച ഹരിത സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. ഈ വർഷം 2,863 സ്‌കൂളുകളെ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. 34 സ്‌കൂളുകളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് സിഎസ്ഇ പരിസ്ഥിതി വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ രഞ്ജിത്ത് മേനോൻ അധ്യക്ഷനായ സമിതി ഏറ്റവും മികച്ച 13 സ്‌കൂളുകളെ തെരഞ്ഞെടുത്തത്.

രാജ്യത്തെ ഒട്ടേറെ സ്‌കൂളുകൾ പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതായി സിഎസ്ഇ ഡയറക്ടർ സുനിത നാരായൺ പറഞ്ഞു.