ബംഗലുരുവിൽ ഏഴു പേർക്ക് ഒരു മരം

Posted on: September 22, 2014

Bangalore-city-Tree-big

അനുദിനം വളരുന്ന ബംഗലുരു നഗരത്തിൽ ഏഴു പേർക്കുള്ളത് ഒരു മരം മാത്രം. 95 ലക്ഷം ജനങ്ങളുള്ള മെട്രോനഗരത്തിൽ ആകെയുള്ളത് 14.58 ലക്ഷം മരങ്ങൾ മാത്രമാണുള്ളതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ് നടത്തിയ സർവേയിൽ കണ്ടെത്തി. ഒരാൾക്ക് ഒരു മരം എങ്കിലും വേണമെന്നിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തൽ.

നിർമാണപ്രവർത്തനങ്ങൾക്കായി നിലവിലുള്ള മരങ്ങളും ഏതു നിമിഷവും വെട്ടിവീഴ്ത്തപ്പെട്ടേക്കാം. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം മൂന്നു വൃക്ഷത്തൈകൾ നട്ടുവളർത്തണമെന്നാണ് കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിർദേശം. പക്ഷെ ഈ നിർദേശം ഫലപ്രദമാകാത്ത സാഹചര്യത്തിൽ കെഎസ്പിസിബി എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളോടും നിലവിലുള്ള വൃക്ഷങ്ങളുടെ എണ്ണം അറിയിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ബൃഹ്ത് ബംഗളൂർ മഹാനഗര പാലിക, ബാംഗളൂർ ഡവലപ്‌മെന്റ് അഥോറിട്ടി, ബിഎംടിസി, വനംവകുപ്പ് എന്നിവയോട് കൂടുതൽ വൃക്ഷത്തൈകൾ നട്ടുവളർത്താനും പൊല്യൂഷൻ കൺട്രോൾ ബോർഡ് നിർദേശിച്ചതായി ചെയർമാൻ വാമൻ ആചാര്യ പറഞ്ഞു.