സുഗന്ധവ്യഞ്ജനങ്ങൾക്ക് ഭൗമസൂചിക നേടിയെടുക്കണം: ഡോ എ ജയതിലക്

Posted on: January 12, 2018

കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്താൻ കർഷകരും വ്യാപാരികളും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ഭൗമസൂചിക നേടിയെടുക്കണമെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ ജയതിലക് പറഞ്ഞു. ഉത്പാദനത്തേക്കാൾ വിപണനമാണ് സുഗന്ധവ്യഞ്ജന മേഖലയിലെ പ്രധാനപ്രശ്‌നം. ഇത് മറികടക്കാൻ ഭൗമസൂചിക ലഭ്യമാകുന്നതു വഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവി മുംബൈയിലെ വാഷിയിൽ നടക്കുന്ന ഗ്ലോബൽ കൊക്കൺ ഫെസ്റ്റിവലിലെ ബയർ-സെല്ലർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയിൽ മറ്റ് രാജ്യങ്ങളിലെ ഉത്പന്നങ്ങളിൽനിന്ന് ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ എപ്പോഴും വേറിട്ടു നിൽക്കാനും ഭൗമസൂചിക പറ്റിയ വഴികളിലൊന്നാണെന്ന് ഡോ. ജയതിലക് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർമാർക്കറ്റുകളിൽ തലശ്ശേരി കുരുമുളക്, മലബാർ കുരുമുളക് എന്ന ഭൗമസൂചിക ലേബലുകൾ കാണാം. ഭൗമസൂചികയുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുമെന്ന് തിരിച്ചറിവ് ഈ ഉത്പാദകർക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഴു കോടി വിലമതിക്കുന്ന 600 ടണ്ണിന്റെ സുഗന്ധവ്യഞ്ജന വിപണനത്തിന് ബയർ-സെല്ലർ മീറ്റിൽ ധാരണയായി. അൻപതോളം കയറ്റുമതിക്കാരും നൂറ്ററുപതോളം കർഷകരും മീറ്റിൽ പങ്കെടുത്തു. ആദ്യ കരാറിന്റെ കൈമാറ്റം കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. 

ശിവസേന തലവൻ ഉദ്ധവ് താക്കറെ ചടങ്ങിൽ സംബന്ധിച്ചു. സ്‌പൈസസ് ബോർഡിന്റെ സ്റ്റാളും മന്ത്രി സന്ദർശിച്ചു. മഹാരാഷ്ട്രയിൽ ഇതിനകം തന്നെ 14 ഭൗമസൂചികകളുണ്ട്. കൊങ്കൺ സുഗന്ധ അടയ്ക്ക, കൊങ്കൺ തേജ് കറുവാപ്പട്ട എന്നിവയും ഭൗമസൂചിക ലഭിക്കാൻ സാധ്യതയുള്ള ഇനങ്ങളാണ്.

ഭൗമസൂചിക ആധാരമാക്കി കയറ്റുമതി നടത്തണമെന്ന് ഡോ. ജയതിലക് കയറ്റുമതി വ്യാപാരികളോടും ആവശ്യപ്പെട്ടു. നല്ല വില കിട്ടണമെന്നാണ് എല്ലാ കർഷകരും സ്‌പൈസസ് ബോർഡിനോട് പറയുന്നത്. ഈ ലോകം മുഴുവൻ നിങ്ങളുടെ വിപണിയും ബയർമാരുമാണ്. രാജ്യമാകമാനമുള്ള ബയർമാരും കർഷകരും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശിലെ ഇറ്റാനഗർ, സിക്കിമിലെ ഗാംഗ്‌ടോക്, അസമിലെ ഗുവഹാത്തി, ഗുജറാത്തിലെ ഊഞ്ഛ എന്നിവിടങ്ങളിൽ ഇതിനകം തന്നെ ബയർ-സെല്ലർ മീറ്റ് നടത്തിക്കഴിഞ്ഞു. കൊങ്കൺ മേഖലയെ സ്‌പൈസസ് ബോർഡ് പ്രത്യേകം പരിഗണിക്കുമെന്ന് ഈ മേഖലയിലെ പ്രവർത്തനത്തിനു തുടക്കമിട്ടുകൊണ്ട് ചെയർമാൻ പറഞ്ഞു. ഈ മേഖലയിലെ സുഗന്ധവ്യഞ്ജന വികസനത്തിന് പ്രത്യേകസംഘം റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് മഹാരാഷ്ട്ര സർക്കാരിന്റെ ധനസഹായത്തിനായി സമർപ്പിച്ചിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാരുമായി ചേർന്ന് ബോർഡ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക വിപണിയുടെ അമ്പതു ശതമാനം വാണിജ്യസാന്നിധ്യമുള്ള ഏക ഇന്ത്യൻ ഉല്പന്നം സുഗന്ധവ്യഞ്ജനമാണ്. ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ മുംബൈയ്ക്ക് പ്രത്യേക പങ്കുണ്ട്. രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 30 ശതമാനവും മുംബൈ വഴിയാണ് നടക്കുന്നത്. ലോകോത്തര നിലവാരത്തിൽ വാഷിയിൽ സ്ഥാപിച്ച ലബോറട്ടറി ഇതിന് നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആറു മുതൽ പത്തു വരെയാണ് കൊങ്കൺ ഭൂമി പ്രതിഷ്ഠാൻ സംഘടിപ്പിക്കുന്ന ആറാമത് ഗ്ലോബൽ കൊക്കൺ ഫെസ്റ്റിവൽ.

TAGS: Spices Board |