അമൃതവർഷം 60 : ആറു ലക്ഷം വൃക്ഷത്തൈകൾ വനംവകുപ്പ് നൽകും

Posted on: September 2, 2013

Shri Oommen Chandy, with Swami Jnanamritananda Puri, planting the first sapling to launch the afforestation drive(3)മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണപരിപാടിയുടെ ഭാഗമായി കേരളത്തിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകൾ കേരള വനം വകുപ്പ് നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബഹുജനപങ്കാളിത്തത്തോടെ ആഗോളതലത്തിൽ നടപ്പാക്കുന്ന വനവത്കരണപരിപാടിയുടെ ഉദ്ഘാടനം ക്ലിഫ് ഹൗസിൽ വൃക്ഷത്തൈനട്ട് മുഖ്യമന്ത്രി നിർവഹിച്ചു. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ് പരിസ്ഥിതി സംരംക്ഷണമെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

ഒരു വർഷം കൊണ്ട് ലോകവ്യാപകമായി 60 ലക്ഷം വൃക്ഷത്തൈകൾ നടാനാണ് മഠം ലക്ഷ്യമിടുന്നത്. മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഠം സംഘടിപ്പിക്കുന്ന അനവധി പരിപാടികളിലൊന്നാണ് വനവത്കരണപരിപാടിയെന്ന് മഠം ട്രസ്റ്റ് അംഗം സ്വാമി ജ്ഞാനാമൃതാനന്ദ പുരി പറഞ്ഞു. യുണൈറ്റഡ് നേഷൻസിന്റെ ബില്യൺ ട്രീ കാമ്പൈയിന്റെ ഭാഗമായി 2001 മുതൽ അമൃതാനന്ദമയി മഠം ഇതേവരെ പത്തുലക്ഷം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ മുൻകൈയെടുത്തു.

അമ്മയുടെ ഭക്തരുടെയും മഠത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് വൃക്ഷത്തൈകളുടെ വിതരണവും നടീലും നടത്തുന്നത്. സെപ്റ്റംബർ 26, 27 തീയതികളിൽ മഠത്തിന്റെ ആസ്ഥാനമായ കൊല്ലം ജില്ലയിലെ അമൃതപുരിയിൽ നടക്കുന്ന അമൃതവർഷത്തിൽ ഏകദേശം അഞ്ചുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും സ്വാമി ജ്ഞാനാമൃതാനന്ദ പുരി കൂട്ടിച്ചേർത്തു.