സ്മാർട്ട് സിറ്റിയിൽ പരിസ്ഥിതിദിനം ആചരിച്ചു

Posted on: June 6, 2017

കൊച്ചി : പ്രകൃതിയെ അതിന്റെ വഴിക്ക് വിടുന്നതാണ് ഏറ്റവും നല്ല ലാൻഡ്‌സ്‌കേപ്പിങ്ങ് എന്ന് കൊച്ചി സ്മാർട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്മാർട്ട്‌സിറ്റിയിൽ നിർമാണത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി മന്ദിരങ്ങളിലൊന്നായ സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. സ്മാർട്ട്‌സിറ്റി പദ്ധതിപ്രദേശം സന്ദർശിച്ച സ്മാർട്ട്‌സിറ്റി പ്രമോട്ടറായ ദുബായ് ഹോൾഡിംഗിന്റെ അന്നത്തെ തലവൻ അഹമ്മദ് ബിൻ ബ്യാത് നിഷ്‌കർഷിച്ചത് പ്രകൃതിയെ പരമാവധി സംരക്ഷിച്ചുകൊണ്ട് നിർമാണപ്രവർത്തനങ്ങൾ നടത്തണമെന്നാണെന്നും അദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സ്മാർട്ട്‌സിറ്റിയുടെ 246 ഏക്കറിൽ 30 % സ്ഥലത്ത് മാത്രമാണ് നിർമാണം നടത്തുന്നതെന്നും ഡോ. ബാജു ജോർജ് ചൂണ്ടിക്കാട്ടി.

ദിനാചരണത്തിന്റെ ഭാഗമായി ഡോ. ബാജു ജോർജും സാൻഡ്‌സ് ഇൻഫ്രാബിൽഡ് എംഡി ഷാരൂൺ ഷംസുദ്ദീനും ചേർന്ന് പദ്ധതി പ്രദേശത്ത് വൃക്ഷത്തൈ നട്ടു. സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റെ 12.74 ഏക്കർ പദ്ധതി പ്രദേശത്ത് നിർമാണത്തിനായി വെട്ടുന്ന ഓരോ വൃക്ഷത്തിന് പകരം 20 വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്നുണ്ടെന്ന് ഷാരൂൺ ഷംസുദ്ദീൻ പറഞ്ഞു. സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റെ കെട്ടിടത്തിന് ലഭിച്ച ലീഡ് പ്ലാറ്റിനം റേറ്റിംഗ് പരിസ്ഥിതി സംരക്ഷണത്തിലുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദേഹം പറഞ്ഞു.

സാൻഡ്‌സ് ഇൻഫ്രാബിൽഡ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷബാബ് ഷംസുദ്ദീൻ, സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് ദ വിഷ്വലി ചലഞ്ചഡ് (എസ്ആർവിസി) പ്രോജക്ട് ഹെഡ് എം.സി. റോയി, സാൻഡസ് ഇൻഫ്രാബിൽഡിന്റെ പദ്ധതി നടത്തിപ്പുകാരായ സിബിആർഇയുടെ ജനറൽ മാനേജർ ഹരികൃഷ്ണൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

TAGS: Smartcity Kochi |