പെരിയാറിന് ഒരു ഇല്ലിത്തണൽ ജനകീയ ക്യാമ്പയിനുമായി സിപിഎം

Posted on: June 2, 2017

കൊച്ചി : പെരിയാറിന് ഇനി ഇല്ലിക്കാടുകൾ തണലും കാവലുമൊരുക്കും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പെരിയാറിന്റെ ഇരുകരകളിലുമായി 20,000 ഇല്ലിതൈകൾ നടുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പെരിയാറിന് ഒരു ഇല്ലിത്തണൽ എന്ന പേരിലാകും പരിപാടി. എറണാകുളം ജില്ലയിൽ പെരിയാർ കൈവഴികളടക്കം 100 കിലോമീറ്ററാണ് ഒഴുകുന്നത്. നദിയുടെ ഇരുവശങ്ങളിലുമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സിപിഐം പ്രവർത്തകരും അനുഭാവികളും അണിനിരക്കും. തുടർന്ന് വൈകകുന്നേരം അഞ്ചിന് പെരിയാറിന്റെ തീരങ്ങളിൽ തൈകൾ നടും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്. ആലുവയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ അണിനിരക്കും. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് നടുവാനുള്ള ഇല്ലിതൈകൾ നൽകും. പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ഇത്ര വിപുലമായ ജനകീയ ക്യാമ്പയിൻ ഇതാദ്യമാണെന്ന് പി. രാജീവ് പറഞ്ഞു.

പരിപാടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ജൂൺ രണ്ടിന് വൈകിട്ട് 5ന് ഏരിയാ കേന്ദ്രങ്ങളിൽ പെരിയാർ സംരക്ഷണസദസ് സംഘടിപ്പിക്കും. വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഏരിയാതലത്തിൽ 25 നകവും ലോക്കൽ തലങ്ങളിൽ 28 നകവും സംഘാടക സമിതികൾ രൂപീകരിക്കും. കവളങ്ങാട്, കോതമംഗലം, പെരുമ്പാവൂർ, കാലടി, നെടുമ്പാശേരി, അങ്കമാലി, ആലുവ, കളമശേരി, ആലങ്ങാട്, പറവൂർ, എറണാകുളം എന്നീ ഏരിയാകളിൽ നിന്നായി ആയിരങ്ങൾ പരിപാടിയിൽ പങ്കെടുക്കും. റസിഡന്റ്‌സ് അസോസിയേഷൻ, സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, സ്‌കൂൾ പിടിഎകൾ, ബഹുജനസംഘടനകൾ, ട്രേഡ്‌യൂണിയനുകൾ എന്നിവയും പരിപാടിയിൽ അണിചേരും. പെരിയാറിന്റെ തീരങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അവരുടെ അനുമതിയോടെയാകും ഇല്ലി നടുക. ഇതിന്റെ പരിപാലത്തിനായി പ്രാദേശിക തലത്തിൽ കമ്മിറ്റികളെ ചുമതലപ്പെടുമെന്നും പി. രാജീവ് പറഞ്ഞു.

പെരിയാറിന്റെ തീരങ്ങളിൽ മുളങ്കൂട്ടങ്ങളുടെ സംരക്ഷണ കവചമൊരുക്കാനുള്ള പദ്ധതി പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ നിർണായക ചുവടുവയ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എം കെ പ്രസാദ് പറഞ്ഞു. കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയടയ്ക്കുന്ന രീതിയാണ് തീരസംരക്ഷണമെന്ന പേരിൽ ഇപ്പോൾ പ്രചാരത്തിലുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ പുഴയും കരയുമായുള്ള സ്വാഭാവിക ജൈവ ബന്ധം നഷ്ടപ്പെടും. ഇത് ഒഴിവാക്കാനായി പുഴയോരത്ത് സ്വാഭാവികമായി വളരുന്ന മരങ്ങളും ചെടികളും നട്ടുവളർത്തുകയാണ് വേണ്ടത്. ഇതിന് ഏറ്റവും മികച്ചത് മുളയാണ്. പെരിയാറിന്റെ തീരത്തിന് അനുയോജ്യമായ ഇനങ്ങൾ കണ്ടെത്തി നടാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകിയാൽ പോലും തീരമിടിച്ചിൽ തടയാനും മണ്ണ് ഉറപ്പിച്ചു നിർത്താനും മുളയ്ക്ക് കഴിയും. സിപിഐ എമ്മിന്റെ പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പ്രഫ. എം കെ പ്രസാദ് പറഞ്ഞു.