മാലിന്യ നിർമാർജ്ജനം കൂട്ടായ ഉത്തരവാദിത്വം : മന്ത്രി തോമസ് ഐസക്ക്

Posted on: June 2, 2017

തിരുവനന്തപുരം : മാലിന്യ നിർമാർജ്ജനം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം പണമാണെന്ന തിരിച്ചറിവിൽ അവ സംസ്‌കരിക്കാൻ പദ്ധതികൾ തയാറാക്കണം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) തിരുവനന്തപുരം ഐഎംജിയിൽ സംഘടിപ്പിച്ച നഗരങ്ങളിലെ ഖരമാലിന്യ നിർമാർജ്ജനം സംബന്ധിച്ച ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദേഹം.

മത്സ്യ-മാംസ മാർക്കറ്റുകളോട് ചേർന്ന് മാലിന്യസംസ്‌കരണ കേന്ദ്രങ്ങൾ ഉണ്ടായേ തീരൂ. ഇ-മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. സിഎസ്ഇ പ്രസിദ്ധീകരിച്ച നോട്ട് ഇൻ മൈ ബാക്ക് യാർഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിച്ചു.

ഇന്ത്യ പ്രതിവർഷം 62 ദശലക്ഷം ടൺ മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. ഇവയിൽ പകുതിയും ജൈവമാലിന്യങ്ങളാണ്. എന്നാൽ 30 ശതമാനം മാത്രമെ നിർമാർജ്ജനം ചെയ്യപ്പെടുന്നുള്ളുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ഡയറക്ടർ ജനറലും പ്രമുഖ പരിസ്ഥിതി പ്രവർത്തകയുമായ സുനിത നാരായൺ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 91 ശതമാനം മാലിന്യങ്ങളും ശേഖരിക്കപ്പെടുമ്പോൾ ദേശീയ തലത്തിൽ 70 ശതമാനം മാത്രമെ കൈകാര്യം ചെയ്യപ്പെടുന്നുള്ളു. ആലപ്പുഴ, പാഞ്ചിം (ഗോവ) എന്നീ നഗരങ്ങൾ ഇക്കാര്യത്തിൽ മുൻപന്തിയിലാണെന്ന് സുനിത നാരായൺ ചൂണ്ടിക്കാട്ടി.

ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകി മുഖ്യപ്രഭാഷണം നടത്തി. അൽമിത്ര പട്ടേൽ (സ്വച്ഛഭാരത് മിഷൻ), ഡോ. അജയകുമാർ വർമ്മ (ഹരിതകേരള മിഷൻ), ജഗദീഷ് ജി (കമ്മീഷ്ണർ, മൈസുരു സിറ്റി കോർപറേഷൻ), യു. സോമേശ്വര റാവു ( എൻവയേൺമെന്റൽ എൻജിനീയർ, ബോബ്ലി മുനിസിപ്പാലിറ്റി), നളിനി ശേഖർ (ഡയറക്ടർ, ഹസിരുദള, ബംഗലുരു), ജി. എൻ. മൂർത്തി (ഐടിസി, ബംഗലുരു), കബീർ ഹാറൂൺ (എംഡി, ക്ലീൻ കേരള കമ്പനി), മംഗളം ബാലസുബ്രഹ്മണ്യൻ (ചെയർമാൻ, എക്‌സ്‌നോറ ഗ്രീൻ പമ്മൽ), പി.വി. നാഗരാജു (എക്‌സിക്യൂട്ടീവ് എൻജിനീയർ, തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷൻ), ജ്യോതി എം ഗിരീഷ് (എൻവയേൺമെന്റൽ എൻജിനീയർ, രാമനഗര മുനിസിപ്പാലിറ്റി), സ്വാതി സിംഗ് സംബയാൽ (സിഎസ്ഇ) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.