കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക്

Posted on: February 25, 2017

കൊച്ചി : വേനൽ രൂക്ഷമായതോടെ സംസ്ഥാനം പൂർണമായും വരൾച്ചയുടെ പിടിയിലായിരിക്കുകയാണ്. പ്രധാന ജല ശ്രോതസുകളെല്ലാം ഇപ്പോൾ തന്നെ വറ്റി വരണ്ട അവസ്ഥയിലാണ്. ഇതോടെ കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരൾച്ചയെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. ഇതിനകം തന്നെ സംസ്ഥാനത്തെ ഏല്ലാ ജില്ലകളെയും സർക്കാർ വരൾച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ പ്രധാന ജലസംഭരണ കേന്ദ്രങ്ങളായ ഇടുക്കി, മലമ്പുഴ ഡാമുകളിൽ സംഭരണ ശേഷിയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ജലം അവശേഷിക്കുന്നത്. വരൾച്ചയെ നേരിടാൻ കേന്ദ്ര ദുരന്തനിവാരണ നിധിയിൽ നിന്ന് 991.54 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്.

മാർച്ച് എത്തുന്നതോടെ വേനൽ വീണ്ടും കനക്കും. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും മതിയാവാത്ത അവസ്ഥയാണുള്ളത്. ഉപരിതല ജലം വറ്റിയതോടെ കുഴൽകിണറുകളുടെ കുഴിക്കുന്നത് ഇപ്പോൾ വ്യാപകമായി.

കുഴൾ കിണറുകൾ വർധിക്കുന്നത് ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്. സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്നത് വയനാട്ടിലാണ്. കൊല്ലം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. വർഷകാലത്ത് മഴ കുറഞ്ഞതും വേനൽ മഴ ലഭിക്കാതിരുന്നതുമാണ് ഇപ്പോഴത്തെ വരൾച്ചക്കു കാരണം.

വരൾച്ച കൃഷിയെയും ബാധിച്ചു. മിക്കയിടത്തും വിളകൾ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. പച്ചക്കറി, കുരുമുളക്, കവുങ്ങ്, കാപ്പി, നെല്ല്, വാഴ തുടങ്ങിയ കൃഷികളെല്ലാം കനത്ത ചൂടിൽ നശിച്ച അവസ്ഥയിലാണ്. തമിഴ്‌നാട്ടിലും ജല ദൗർലഭ്യം രൂക്ഷമായതോടെ പച്ചക്കറി വരവിൽ കുറവുണ്ടായി. ലഭ്യത കുറഞ്ഞതോടെ പച്ചക്കറിയുടെ വിലയും ഉയർന്നു.

ഡാമുകളിൽ കാര്യമായ ജലം അവശേഷിക്കുന്നില്ലാത്തതിനാൽ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കേരളം പ്രിതിസന്ധി പരിഹരിക്കുന്നത്. അവസ്ഥ കൂടുതൽ മോശമാകുന്നതോടെ പവർകട്ട്, വൈദ്യുതി ചാർജ് വർധന തുടങ്ങിയ കടുത്ത നടപടികളിലേക്ക് വൈദ്യുതി വകുപ്പിനും നീങ്ങേണ്ടിവരും.

TAGS: Kerala Drought |