കുടിവെള്ളത്തിലും മെർക്കുറി

Posted on: September 5, 2014

Periyar-big

ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ മെർക്കുറിയുടെ ഉപയോഗം കേരളത്തിൽ വർധിക്കുന്നതായി പഠനം. കേരളത്തിലെ നദികളിലും ജലാശയങ്ങളിലും മെർക്കുറിയുടെ അളവ് അപകടകരമാംവിധം വർധിച്ചതായി കണ്ടെത്തിക്കഴിഞ്ഞു. പെരിയാർ,  ചിത്രപ്പുഴ,  മുവാറ്റുപുഴയാർ തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം മെർക്കുറിയുടെ അംശം കലർന്ന ജലപ്രവാഹമാണുള്ളത്.

മുവാറ്റുപുഴയാറിൽ മെർക്കുറിയുടെ അളവ് ഗണ്യമായ തോതിൽ കണ്ടെത്തിയതായി തിരുവനന്തപുരം ആക്കുളത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തി. കൃഷിയിടങ്ങളിൽ നിന്നുള്ള രാസവള അവശിഷ്ടങ്ങളും ഹിന്ദുസ്ഥാൻ പേപ്പർമിൽസ് പുറന്തള്ളു ദ്രവമാലിന്യങ്ങളുമാണ് മുവാറ്റുപുഴയാറിനെ അപകടത്തിലാക്കുന്നത്. മുവാറ്റുപുഴയാർ പതിക്കുന്ന വേമ്പനാട്ടുകായലിലെ മത്സ്യ-ജൈവ സമ്പത്തിനും മെർക്കുറി ഭീഷണിയാണ്.

സ്രോതസിൽ ഇതുസംബന്ധിച്ച് യാതൊരു മുൻകരുതലും എടുക്കാതെയാണ് വാട്ടർ അഥോറിട്ടി കേരളത്തിലെ നദികളിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്നത്. സ്വകാര്യ ജലവിതരണ സ്ഥാപനങ്ങളും മെർക്കുറി ഭീഷണിയെക്കുറിച്ച് ബോധവാൻമാരല്ല. മനുഷ്യശരീരത്തിനു ഹാനികരമായ മെർക്കുറി സാന്നിധ്യം നദികളിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തു വിതരണം ചെയ്യുന്ന കുപ്പിവെള്ളങ്ങളുടെ ശുദ്ധത ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

തെർമോമീറ്റർ, ബിപി അപ്പാരറ്റസ് തുടങ്ങിയ ഹെൽത്ത്‌കെയർ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, പെയിന്റുകൾ തുടങ്ങിയ 3,000 ത്തോളം ഉത്പന്നങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ട്. വർധിക്കുന്ന ഇ-വേസ്റ്റിലും മെർക്കുറി സാന്നിധ്യം കുറവല്ല. മെർക്കുറി അധിഷ്ഠിതമായ ഉപകരണങ്ങൾ ഒഴിവാക്കാനുള്ള കാര്യമായ ശ്രമം ആരോഗ്യമേഖലയിൽ ഉണ്ടായിട്ടില്ല.

ലേക്‌ഷോർ (കൊച്ചി), താലൂക്ക് ഹോസ്പിറ്റൽ (പാറശാല), സമദ് ഐവിഎഫ്, ജൂബിലി മെമ്മോറിയൽ (തിരുവനന്തപുരം) തുടങ്ങിയ ആശുപത്രികൾ മെർക്കുറി ഒഴിവാക്കാനുള്ള ചുവടുവയ്പ്പ് കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. അതേസമയം ദന്തസംരക്ഷണ മേഖലയിൽ മെർക്കുറി ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിട്ടില്ല.

ലിപ്‌സൺ ഫിലിപ്പ്