എയർ ആംബിയൻസ് ഫണ്ട് ഏർപ്പെടുത്തണമെന്ന് സിഎസ്ഇ

Posted on: November 7, 2016

cse-hyd-anumita-roy-chowdhu

ഹൈദരാബാദ് : വർധിച്ചുവരുന്ന വായുമലിനീകരണം നിയന്ത്രിക്കാൻ എയർ ആംബിയൻസ് ഫണ്ട് ഏർപ്പെടുത്തണമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി ആവശ്യപ്പെട്ടു. അർബൻ എയർക്വാളിറ്റി ആൻഡ് ട്രാൻസ്‌പോട്ടേഷൻ ചലഞ്ചസ് എന്ന വിഷയത്തിൽ സിഎസ്ഇ ഹൈദരാബാദിൽ സംഘടിപ്പിച്ച ശില്പശാലയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അവർ.

അനുദിനം വർധിക്കുന്ന വാഹനപ്പെരുപ്പവും നിർമാണപ്രവർത്തനങ്ങളും അന്തരീക്ഷത്തെ വലിയതോതിൽ മലിനീകരിക്കുന്നുണ്ട്. ശരിയായ മാലിന്യനിർമാർജന സംവിധാനങ്ങളുടെ അഭാവമാണ് മറ്റൊരു ഭീഷണി. രാജ്യതലസ്ഥാനമായ ഡൽഹി ഇക്കാര്യത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ തുറസായ പ്രദേശങ്ങളിലെ തീകത്തിക്കൽ നിയന്ത്രിക്കപ്പെടണം. കൽക്കരി അധിഷ്ഠിത ഊർജനിലയങ്ങൾ പ്രകൃതിവാതകത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഡീസൽ ജനറേറ്ററുകളിൽ മലിനീകരണ മാനദണ്ഡങ്ങൾ ഫലപ്രദമല്ല. ഈ അവസ്ഥയ്ക്കും മാറ്റം വരേണ്ടതുണ്ടെന്നും അനുമിത റോയ് ചൗധരി ചൂണ്ടിക്കാട്ടി.

 

cse-hyd-gokul-gopalakrishn

 

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ കേരളത്തിൽ കേന്ദ്രീകൃത ഓൺലൈൻ പൊല്യൂഷൻ സർട്ടിഫിക്കേഷൻ സിസ്റ്റം ഏർപ്പെടുത്താനുള്ള ദൗത്യത്തിലാണ് ഗതാഗതവകുപ്പ് എന്ന് മലപ്പുറം ജോയിന്റ് ആർടിഒ ഗോകുൽ ഗോപാലകൃഷ്ണൻ പറഞ്ഞു. ബാക്ക്അപ്പ് സെർവറും എസ്എംഎസ് അലെർട്ടും ഓൺലൈൻ ചെക്കിംഗും ഉൾപ്പടെ വിപുലമായ സംവിധാനമാണ് പരിഗണനയിലുള്ളത്. വാഹനങ്ങളുടെ പുകപരിശോധനയിലെ അപാകതകൾക്ക് ഇതോടെ പരിഹാരമാകുമെന്ന് അദേഹം പറഞ്ഞു.

സർവീസ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ മൂലമുള്ള മലിനീകരണം നിയന്ത്രിക്കാൻ കേരള ആർടിസി മുൻഗണന നൽകുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (മെയിന്റനൻസ് ആൻഡ് വർക്‌സ്) സി. വി. രാജേന്ദ്രൻ പറഞ്ഞു. സിഎൻജി ബസുകൾ നിരത്തിലിറക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഐഒസി ഔട്ട്‌ലെറ്റുകളിലൂടെ സിഎൻജി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.

cse-hyd-workshop-board-big

എൻ. രവീന്ദർ (തെലുങ്കാന സ്‌റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്), എം. ശിവ റെഡി (ആന്ധ്രപ്രദേശ് പൊല്യൂഷൻ കൺട്രോൾ ബോർഡ്), ബി.എം. പ്രകാശ് (കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്), പി.എസ്. ലിവിംഗ്സ്റ്റൺ (തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ്), എം. സി. നഞ്ചുണ്ടപ്പ (ബിഎംടിസി) തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

പ്രിയങ്ക ചന്ദോള (റൈറ്റ് ടു ക്ലീൻ എയർ കാമ്പയിൻ പ്രോഗ്രാം മാനേജർ), ഹേമന്ത് സുബ്രഹ്മണ്യൻ (പ്രോഗ്രാം മാനേജർ ) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.