ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ 200 രാജ്യങ്ങൾ ധാരണയായി

Posted on: October 16, 2016

parties-to-the-montreal-pro

കിഗാളി : ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ റുവാൻഡയിൽ ചേർന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ 200 ഓളം രാജ്യങ്ങൾ ധാരണയിലെത്തി. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ റെഫ്രജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ പടിപടിയായി കുറയ്ക്കും. അമേരിക്കയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ യോജിപ്പിലെത്തി.

ഫാക്ടറികളിൽ നിർമ്മിക്കുന്ന ഹൈഡ്രോഫ്‌ളൂറോകാർബൺ (എച്ച്എഫ്‌സി) വാതകങ്ങൾ കാർബൺഡൈ ഓക്‌സൈഡിനെക്കാൾ 10,000 മടങ്ങ് ശക്തമാണെന്ന് യോഗം വിലയിരുത്തി. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിൽ അമേരിക്കയും യൂറോപ്പും പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ സംസാരിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി പറഞ്ഞു. നിരവധി വികസിത രാജ്യങ്ങൾ ഇപ്പോൾ തന്നെ എച്ച്എഫ്‌സിയുടെ കാര്യത്തിൽ നടപടികൾ എടുത്തുകഴിഞ്ഞു. 2019 ൽ 10 ശതമാനവും 2036 ൽ 85 ശതമാനവും കുറവ് വരുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉൾപ്പടെയുള്ള നിരവധി വികസ്വര രാജ്യങ്ങൾ 2024-2028 കാലയളവിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം മരവിപ്പിക്കും. 2029 ആകുമ്പോഴേക്കും വികസിത രാജ്യങ്ങൾ എച്ച്എഫ്‌സി ഉപയോഗം 70 ശതമാനത്തോളം കുറയ്ക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ചൈന 2045 ൽ ഉപയോഗത്തിൽ 80 ശതമാനം കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.