പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നദികൾക്ക് ജീവശ്വാസം നൽകുമെന്ന് കൊച്ചി മേയർ

Posted on: October 3, 2016

riverday-inaug-2016-big

കൊച്ചി : കൊച്ചി നഗരത്തിന്റെ ഹൃദയമായ വേമ്പനാട്ടുകായലിലെയും പെരിയാറിലെയും മാലിന്യവത്കരണമാണ് നഗരം നേരിടുന്ന മുഖ്യപ്രശ്‌നമെന്ന് കോർപറേഷൻ മേയർ സൗമിനി ജെയിൻ. കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച നദീദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാലിന്യ നിർമാർജനത്തിന് വിവിധ പദ്ധതികൾ കോർപറേഷൻ ആവിഷ്‌കരിച്ചെങ്കിലും പലതും ഫലവത്തായില്ല. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കർശനമായി നിരോധിച്ചത് ഇതിന്റെ ഭാഗമാണെന്നും മേയർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ നദീ സംരക്ഷണ പ്രതിജ്ഞ മേയർ ചൊല്ലിക്കൊടുത്തു.

കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗൺസിലർ ജോൺസൺ പാട്ടത്തിൽ, അഡ്വ. പി.ആർ. പത്മനാഭൻ നായർ, പ്രഫ. സീതാരാമൻ, ടി.വി. രാജൻ, ഏലൂർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച നദീ സംരക്ഷണ സെമിനാർ പ്രഫ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ബാബു പോൾ നദീദിന സന്ദേശം നൽകി. പി. ശങ്കരനാരായണൻ പരിസ്ഥിതി കവിത അവതരിപ്പിച്ചു. മാർട്ടിൻ ലോയൽ (എ.സി.എഫ് – സോഷ്യൽ ഫോറസ്റ്ററി) ആശംസ അർപ്പിച്ചു. നദീ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. എസ്. സീതാരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. രാജൻ സ്വാഗതവും വൈസ്പ്രസിഡന്റ് സി.പി. നായർ നന്ദിയും പറഞ്ഞു.

ദേശീയ ശാസ്ത്ര സെമിനാറിൽ ഡോ. ഷാജു തോമസ് (വേമ്പനാട്ടു കായലും കാലാവസ്ഥ വ്യതിയാനവും), ഡോ. ജി.ഡി. മാർട്ടിൻ (പെരിയാർ മലിനീകരണം), ഡോ. വി. കൃപ (കായൽ മലിനീകരണം) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ നദികൾ – പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡോ. എസ്. രാമചന്ദ്രൻ മോഡറേറ്ററായി.

വേണു വാരിയത്ത് (പെരിയാർ), വി.എൻ. ഗോപിനാഥൻ പിള്ള (മണിമലയാർ), എബി ഇമ്മാനുവൽ (മീനച്ചിലാർ), കെ. കെ. ദേവദാസ് (ഭാരതപ്പുഴ), കെ. എ. ഷുക്കൂർ (ചാലിയാർ), കെ. രാജൻ (കരമനയാർ), സതീഷ് ബാബു കൊല്ലമ്പലത്ത് (കല്ലായി പുഴ), ഒ.സി. മുഹമ്മദ് (ഇരുവഴിഞ്ഞി), ടി. എൻ. പ്രതാപൻ (കടമ്പ്രയാർ), കെ. ബിനു തുടങ്ങിയവർ സംസാരിച്ചു.