മുഴങ്ങുന്നത് അഷ്ടമുടിയുടെ മരണമണി

Posted on: July 7, 2016

Ashtamudi-Lake-fishing-Big

കായൽ മലിനമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് കൊല്ലം ജില്ലയിൽ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊല്ലം ജില്ലയിൽ നിന്നാണ്. കായലോരത്ത് താമസിക്കുന്നവരിലും മത്സ്യത്തൊഴിലാളികളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുവരുന്നു. മൂക്കുപൊത്താതെ ആർക്കും കായലിലൂടെ സഞ്ചരിക്കാനാകില്ല.

കായലിലെ തുരുത്തുകളിലെ താമസക്കാർക്കും മാലിന്യങ്ങൾ വെല്ലുവിളിയാണ്. മിക്ക തുരുത്തുകളിലും ശുദ്ധജലം ലഭ്യമല്ല. മഴക്കാലത്തെ കുത്തൊഴുക്കിൽ മാലിന്യങ്ങൾ കായലാകെ പരക്കും. കായൽ ജലത്തിൽ ഘനലോഹങ്ങളുടെ തോത് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

വർധിക്കുന്ന കൈയേറ്റങ്ങൾ

അരവിള, കുരീപ്പുഴ, കടവൂർ, കോയിവിള, കാഞ്ഞിരോട്, പെരുമൺ, ചവറ തെക്കുംഭാഗം, നീണ്ടകര, മുക്കാട്, അരിനല്ലൂർ, അഷ്ടമുടി തുടങ്ങിയവയാണ് കായലിന്റെ തീരപ്രദേശങ്ങൾ. കായലിലെ വലിയ കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കുക അത്ര എളുപ്പമല്ല. കൈയേറ്റങ്ങൾ മൂലം കായലിന്റെ വിസ്തൃതി കുറഞ്ഞു. ആഴം അസന്തുലിതമായി. റോഡ് നിർമാണത്തിനായി അശാസ്ത്രീയമായി ചതുപ്പ് നികത്തുന്നത് അഷ്ടമുടിക്കായലിലെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്നു.

കായലോരത്ത് കെട്ടിടനിർമാണത്തിന് കർശന നിബന്ധനകൾ ഏർപ്പെടുത്തിയേ തീരു. അവശേഷിക്കുന്ന കായൽ സംരക്ഷിച്ച് നിലനിർത്തുക എന്നുള്ളതാണ് പ്രായോഗികമായ മാർഗം. കൈയേറ്റങ്ങൾ ഇല്ലാതാക്കാൻ തീരദേശ പാതയും ഒരുക്കണം. ഇല്ലെങ്കിൽ ലോക ടൂറിസം ഭൂപടത്തിൽ വരെ സ്ഥാനം പിടിച്ച കൊല്ലത്തിന്റെ അഷ്ടമുടിക്കായൽ നാമാവശേഷമാകും.വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകൾ ദിവസവും എത്തുന്ന കായൽ ഇന്നു തെക്കൻ കേരളത്തിന്റെ മാലിന്യസംഭരണിയായിമാറി.

വംശനാശഭീഷണിയിൽ

ജൈവസമൃദ്ധിയിൽ സമ്പന്നമാണ് അഷ്ടമുടി. കേരളത്തിന്റെ വരദാനം എന്നറിയപ്പെടുന്ന അഷ്ടമുടിക്കായലിൽ 97 ഇനം മത്സ്യങ്ങൾ, 57 ഇനം പക്ഷികൾ, 10 ഇനം കക്കകൾ, 43 ഇനം കണ്ടലുകൾ എന്നിവയുടെ ആവാസ സ്ഥാനമായതിനാലാണ് റാംസർ സൈറ്റ് പദവി ലഭിച്ചത്. എന്നാൽ ഇപ്പോൾ 20 ഇനം മത്സ്യങ്ങളെ മാത്രമെ കാണാനുള്ളു. കണ്ടൽ കാടുകളും വൻതോതിൽ നശിച്ചു. മോട്ടോർ ബോട്ടുകളിൽ നിന്ന് കായൽജലത്തിൽ പടരുന്ന എണ്ണ ജലജീവികൾക്ക് ചെറുതല്ലാത്ത ഭീഷണി ഉയർത്തുന്നു. ഹൗസ്‌ബോട്ടുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും കുറവല്ല.

കായലിലെ കണ്ടൽക്കാടുകൾ ഒരുകാലത്ത് ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ അവയൊന്നും അവിടേയ്ക്ക് വിരുന്നുവരാറില്ല. കണ്ടൽ നശിച്ചതോടെ മത്സ്യങ്ങളുടെ പ്രജനനവും കുറഞ്ഞു. കണവ ഉൾപ്പെടെ അപൂർവങ്ങളായ മത്സ്യസമ്പത്തും നശിച്ചുകൊണ്ടിരിക്കുന്നു. ലോകോത്തര നിലവാരമുള്ളതാണ് അഷ്ടമുടിക്കായലിലെ കക്ക.

നാമവശേഷമാകുന്ന മത്സ്യ സമ്പത്ത്

മാലിന്യങ്ങൾ തിന്ന് ജീവിക്കുന്ന മത്സ്യങ്ങൾ മാത്രമേ ഇപ്പോഴുള്ളുവെന്നാണ് പുതിയ കണ്ടെത്തൽ. വരാലും, ചേറുമീനും പരലുമൊക്കെ ദിവസവും ചത്തുപൊന്തുന്നു. മത്സ്യങ്ങൾക്ക് രോഗബാധയേറുന്നു. ഇന്ന് ഈ വെള്ളം തൊട്ടാൽ ചൊറിച്ചിൽ അനുഭവപ്പെടും. രണ്ടു പതിറ്റാണ്ടു മുൻപുവരെ കൊല്ലം ജില്ലയുടെ കുടിനീർ ഉറവിടമായിരുന്നു അഷ്ടമുടിക്കായൽ. കണ്ണീർപോലെ ശുദ്ധമായിരുന്ന കായൽ കേരളത്തിന്റെ കാളിന്ദിയായി മാറി.

സാധാരണ കായലിൽ എപ്പോഴും ലഭ്യമാകുന്ന കൂഴാവാലി, പ്രാച്ചി ഇനങ്ങളിലെ മത്സ്യങ്ങളെ കണികാണാൻ പോലുമില്ല. മാലിന്യം കഴിക്കുന്ന മത്സ്യങ്ങളെ ഭക്ഷിക്കുന്നവർക്ക് മാരകരോഗങ്ങൾ ഉണ്ടാകുന്നതായി സമീപകാലത്തെ പഠനങ്ങളിൽ നിന്നും വ്യക്തമായി കഴിഞ്ഞു. മാരക രോഗങ്ങളുടെ ഉറവിടം തന്നെ നമ്മുടെ അഷ്ടമുടിക്കായലായി.

Ashtamudi-Kakka-bigഇന്ത്യയിലെ കക്ക കയറ്റുമതിയുടെ 80 ശതമാനവും അഷ്ടമുടിക്കായലിന്റെ സംഭാവനയാണ്. അഷ്ടമുടിക്കായലിലെ കക്കയ്ക്ക് മറൈൻ സ്റ്റ്യൂവാർഡ്ഷിപ് കൗൺസിലിന്റെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. എം.എസ്.സി. സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കക്ക-മത്സ സമ്പത്തും ഏഷ്യയിലെ മൂന്നാമത്തെ മത്സ്യസമ്പത്തുമാണ് അഷ്ടമുടിയിലേത്. നാലായിരത്തോളം തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.

കായലിലെ കക്കയുടെ സമ്പത്തും കുറഞ്ഞുവരികയാണ്. ഇതിന് പ്രതിവിധിയെന്നോണം കൊല്ലം ജില്ലാ പഞ്ചായത്ത് മൂന്നുമാസം കക്കാവാരലിന് നിരോധനവും ഏർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ കക്ക പിടിക്കാൻ പാടില്ലെന്ന വ്യവസ്ഥയും വച്ചു. ഇതിനെല്ലാം ഫലം കാണുകയും ചെയ്തു.

വേണ്ടത് മാസ്റ്റർ പ്ലാൻ

കായൽ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അഷ്ടമുടിക്കായലിന്റെ സമഗ്രവികസനത്തിന്റെ പ്രാരംഭഘട്ടത്തിനായി 2014 നവംബറിൽ 2.38 കോടി രൂപ കേരള ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. കൊല്ലത്തും സാമ്പ്രാണിക്കോടിയിലും രണ്ട് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാനും അനുബന്ധ വിനോദസഞ്ചാര പദ്ധതികൾക്കുമായിരുന്നു പദ്ധതി. മാസ്റ്റർ പ്ലാൻ തയാറാക്കാൻ 38 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ബംഗലുരു നഗരത്തിലെ തടാകങ്ങൾ മാലിന്യമുക്തമാക്കാൻ 665 കോടി രൂപയുടെ കേന്ദ്രസഹായം അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. തടാകങ്ങൾ ശുചീകരിക്കാൻ സൈന്യവും പിന്തുണ അറിയിച്ചിരുന്നു. ഇത്തരത്തിൽ ബൃഹത്തായൊരു പദ്ധതി അഷ്ടമുടിക്കായലിനെ സംരക്ഷിക്കാൻ ആവിഷ്‌കരിക്കേണ്ടതുണ്ട്.

അഷ്ടമുടിയുടെ സംരക്ഷണത്തിന് സമഗ്രമായ മാസ്റ്റർ പ്ലാനാണ് അനിവാര്യമാണ്. കായൽ സംരക്ഷണത്തിന് ദീർഘവീക്ഷണത്തോടെ 50 വർഷം മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിച്ചുവേണം പദ്ധതികൾ നടപ്പിലാക്കണം. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ അഷ്ടമുടി കായലിന്റെ സംരക്ഷണത്തിന് ഒരു അഥോറിട്ടി രൂപീകരിക്കുകയാണ് ഉചിതം. കൊല്ലം തോടിന്റെ നവീകരണവും അഷ്ടമുടിയുടെ സംരക്ഷണവും അഥോറിട്ടിയുടെ നിയന്ത്രണത്തിലാകണം.

ലിപ്‌സൺ ഫിലിപ്പ്‌