ലൂർദ് ആശുപത്രിക്ക് ഗ്രീൻ ഒ. ടി. അംഗീകാരം

Posted on: March 17, 2016

Lourde-Hospital-Green-OT-La

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിക്ക് മികച്ച ഓപ്പറേഷൻ തീയറ്ററിനുള്ള ഗ്രീൻ ഒ.ടി. അന്തർദേശീയ അംഗീകാരം ലഭിച്ചു. ഓപ്പറേഷൻ തീയറ്ററുകളിലെ സുരക്ഷിതത്വത്തിനുള്ള അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അംഗീകാരമാണിത്. പ്രകൃതി സൗഹൃദ അന്തരീക്ഷം ഓപ്പറേഷൻ തീയറ്ററുകളിൽ നിലനിർത്തുന്നുണ്ടെന്നതിനുള്ള സാക്ഷ്യപ്പെടുത്തലുമാണിത്.

അന്തർദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ ബ്യൂറോ വെരിത്താസ് അനുശാസിക്കുന്ന അമ്പതോളം മാനദണ്ഡങ്ങൾ മികവോടെ ലൂർദ് ആശുപത്രി പാലിക്കുന്നുണ്ട്. മികച്ച അണുബാധ നിയന്ത്രണം, രോഗികൾക്കും ആരോഗ്യശുശ്രൂഷകർക്കുമുള്ള സുരക്ഷാ സംവിധാനങ്ങൾ, അന്തർദേശീയ ശസ്ത്രക്രിയാ സംവിധാനങ്ങൾ, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജനം, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തുവാനുള്ള മാനേജ്‌മെന്റിന്റെ പ്രതിജ്ഞാബദ്ധത എന്നിവ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ തീയറ്ററുകളിൽ നിന്നും ഉണ്ടാകുന്ന അനസ്‌ത്യേഷ്യ വാതകങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുവാൻ ആശുപത്രികൾ തന്നെ മുൻ കൈയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. സാബു നെടുനിലത്ത് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബ്യൂറോ വെരിത്താസ് സർട്ടിഫിക്കേഷൻ വിഭാഗം മേധാവി വിനോദ് പണിക്കർ ഗ്രീൻ ഒ.ടി. സർട്ടിഫിക്കറ്റ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. സാബു നെടുനിലത്തിന് കൈമാറി.സോളാർ എനർജി പാനലുകൾ ഉൾപ്പെടെ പ്രകൃതി സൗഹൃദ സംവിധാനങ്ങൾ ഒരുക്കിയതിനു ലൂർദ് ആശുപത്രിക്ക് ഗ്രീൻ എനർജി ഇനീഷേറ്റീവ് അവാർഡ് ഇതിനു മുമ്പ് ലഭിച്ചിട്ടുണ്ട്.

ഗ്രീൻ ഒ.ടി. എന്ന പദ്ധതി ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയത് ആഗോള സർട്ടിഫിക്കേഷൻ പ്രൊവൈഡറായ ബ്യൂറോ വെരിത്താസും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അബേട്ട് ഇന്ത്യയും സംയുക്തമായാണ്. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സന്തോഷ് ജോൺ ഏബ്രാഹാം, അസോസിയേറ്റ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. പോൾ പുത്തുരാൻ, അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ശോഭാ ഫിലിപ്പ്, അബട്ട് ഇന്ത്യ ബിസിനസ് യൂണിറ്റ് വിഭാഗം മേധാവി വിവേക് നായർ, നേഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ. ബർത്തലോമിയ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.