സ്‌പൈസസ് ബോർഡ് ഓർഗാനിക് ഏലയ്ക്കയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

Posted on: January 27, 2016

Cardamom-big

കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ വലിയ ഏലയ്ക്കയ്ക്കു ആവശ്യക്കാർ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പൈസസ് ബോർഡ്. സിക്കിമിനെ ഓർഗാനിക് കൃഷി സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നാണിത്. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച വലിയഏലയ്ക്കയ്ക്ക് വിലകൂടുതലാണെങ്കിലും വിദേശ, ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡിൽ വൻ വർധനയാണ് ഉണ്ടാകുന്നതെന്ന് സ്‌പൈസസ്‌ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.

ഓർഗാനിക് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വലിയഏലം ഭാരത സർക്കാരിന്റെ മേക് ഇൻ ഇന്ത്യമിഷനു കീഴിലുള്ള സംരംഭമാണെന്നും ഡോ. ജയതിലക് കൂട്ടിച്ചേർത്തു. 2014-15 വർഷത്തിൽ 665 ടൺ വലിയഏലമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം 20.12 കോടിരൂപയാണ് അന്താരാഷ്ട്ര വിപണിയിൽ നിന്ന് നേടിയത്. 17,000 ഹെക്ടർ ഭൂമിയിൽ വലിയഏലം കൃഷിയിറക്കുന്ന സിക്കിം 4000 മെട്രിക് ടൺ ഏലം (രാജ്യത്തിന്റെ മുഴുവൻ ഉത്പാദനത്തിന്റെ 90 ശതമാനം) പ്രതിവർഷം വിളവെടുക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സിക്കിമിനെ ഇന്ത്യയിലെ ആദ്യ ഓർഗാനിക്കൃഷി സംസ്ഥാനമായി പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഡോ. ജയതിലക് കഴിഞ്ഞ ആഴ്ച ഗാംഗ്‌ടോക്കിൽ എത്തിയിരുന്നു. കേന്ദ്ര സ്‌പൈസസ് ബോർഡ് രൂപകൽപ്പനചെയ്ത ഓർഗാനിക് സിക്കിം ലോഗോ സിക്കിം മുഖ്യമന്ത്രി പവാൻകുമാർ ചാംലിങ് പ്രകാശനം ചെയ്തു.