വാഹനപ്പുകയിൽ ശ്വാസംമുട്ടുന്ന കേരളം

Posted on: August 9, 2014

Vehicle-Pollution-a-Big

ജൂലൈ അവസാന വാരത്തിലെ ഒരു ദിവസം, സമയം രാവിലെ എട്ടുമണി. എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ വൈക്കത്തേക്കുള്ള ഒരു സ്വകാര്യബസ് ആളിറക്കാൻ നിർത്തുന്നു. തൊട്ടു പിന്നിൽ ഒരു പ്രമുഖ റൈസ് മില്ലിന്റെ അരിയുമായി വന്ന മിനി ലോറി. ബസ് മുന്നോട്ട് എടുത്തപ്പോൾ ലോറിയും നീങ്ങി. എതിർദിശയിലും പിന്നാലെയും വന്ന വാഹനങ്ങൾക്കും ബസ് കാത്തുനിന്നവർക്കും ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്തവിധം കറുത്ത പുക വമിപ്പിച്ചുകൊണ്ടാണ് ലോറി പോയത്.

ബസു കാത്തുനിന്ന ആളുകൾ മൂക്കുപൊത്തിക്കൊണ്ട് ഓടിമാറി. മൂടൽമഞ്ഞുപോലെ അന്തരീക്ഷത്തിൽ വ്യാപിച്ച പുക ഏറെ സമയം കഴിഞ്ഞാണ് മാറിയത്. പോകുന്നവഴിയിലെല്ലാം ദുരിതം വിതച്ചു ഇപ്പോഴും ആ ലോറി ഓടിക്കൊണ്ടിരിക്കുകയാവാം. ഭാവനയോ അതിശയോക്തിയോ കലർത്തിയ കഥയല്ലിത്. കേരളത്തിലെ റോഡുകളിൽ നിത്യേന നടന്നുകൊണ്ടിരിക്കുന്ന അനേകസംഭവങ്ങളിൽ ഒന്നുമാത്രം.

കൃത്യമായ എൻജിൻ പരിചരണമില്ലാത്ത ഇത്തരം വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുക മലയാളികളുടെ ശ്വാസകോശങ്ങളെയാണ് തകർക്കുന്നത്. വ്യവസായമലിനീകരണത്തെക്കുറിച്ച് വേവലാതിപ്പെടുന്ന മലയാളി അനുനിമിഷവും അഭിമുഖീകരിക്കുന്ന ഈ വിപത്തിനെ അറിയാതെ പോകുന്നു.

ഇത്തരം വാഹനങ്ങളുടെ സർവീസ് അവസാനിപ്പിക്കാനോ അവയെ നിയന്ത്രിക്കാനോ നമ്മുടെ മോട്ടോർവാഹനവകുപ്പിനും പോലീസിനും കഴിയുന്നില്ല. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിംഗും സീറ്റ്‌ബെൽറ്റും ഹെൽമെറ്റും മാത്രമാണ് പോലീസിന്റെ ശ്രദ്ധ. വാഹനപ്പെരുപ്പത്തിനനുസരിച്ചു ആവശ്യത്തിനു ജീവനക്കാരില്ലെന്നു മോട്ടോർ വാഹനവകുപ്പിന്റെ ആവലാതി. നിയമംപാലിക്കാതെ അധികാരികൾ പരസ്പരം പഴിചാരുന്നതിനിടെ ശ്വാസകോശരോഗങ്ങൾ നിരവധി ജീവനുകളാണ് നിശബ്ദമായി പൊലിയുന്നത്.

റോഡുകളുടെ വിസ്തൃതി വർധിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വാഹനങ്ങൾ നിറയുകയാണ്. മുന്നിൽ പോകുന്ന വാഹനത്തിന്റെ ബംബറിൽ തൊട്ടു തൊട്ടില്ലായെന്ന മട്ടിലാണ് പിന്നാലെ എത്തുന്ന വാഹനം നീങ്ങുന്നത്. തിരക്കേറിയ നഗര റോഡുകളിൽ വാഹനങ്ങളുടെ ശരാശരി വേഗം 15-40 കിലോമീറ്റർ വരെയാണ്. ഗതാഗതകുരുക്കുമൂലം ഇന്ധനച്ചെലവും വർധിക്കുന്നു. വേഗത കുറയുമ്പോൾ വാഹനങ്ങൾ പുറന്തള്ളുന്ന പുകയുടെ അളവും വർധിക്കും. ഈ പുക മറ്റുവാഹനങ്ങളിലെ യാത്രക്കാരുടെയും റോഡിന്റെ ചുറ്റുവട്ടത്തുള്ള താമസക്കാരുടെയും ശ്വാസകോശങ്ങളിലേക്കാണ് എത്തുന്നത്.

വാഹനങ്ങളുടെ കാലപ്പഴക്കവും കൃത്യമായ പരിചരണത്തിന്റെ കുറവുമാണ് കൂടുതൽ വിഷമയമായ പുക പുറന്തള്ളാൻ കാരണം.പെട്രോൾ വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങളാണ് അപകടകരം. അതൊടൊപ്പം എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ശുദ്ധത വർധിപ്പിക്കേണ്ടതുണ്ട്. ഭാരത് -3 (യൂറോ മൂന്ന്) നിലവാരത്തിലുള്ള ഇന്ധനമാണ് ഇപ്പോൾ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നത്.

രാജ്യത്തെ മറ്റു 14 നഗരങ്ങളിൽ ഭാരത് സ്റ്റേറ്റ്-4 നിലവാരമുള്ളവയും. ബിഎസ്-3 നിലവാരമുള്ള ഇന്ധനത്തിൽ സൾഫർ കണ്ടന്റ് 150 പിപിഎമ്മും അരോമാറ്റിക് പാർട്ടിക്കിൾസ് 35 ശതമാനവും ബിഎസ് -4-ൽ സൾഫർ 50 പിപിഎമ്മും അരോമാറ്റിക് പാർട്ടിക്കിൾസ് 42 ശതമാനവുമായിരിക്കണം. വാഹനം ബിഎസ്-4 നിലവാരമുള്ളതു വാങ്ങിയാലും അതേ നിലവാരമുള്ള ഇന്ധനം ലഭ്യമായലെ ശരിയായ പ്രയോജനം ലഭിക്കുകയുള്ളു.

സംസ്ഥാനത്തു രജിസ്റ്റർചെയ്യപ്പെടുന്ന വാഹനങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. 20 ശതമാനം കാറുകളും. ശേഷിക്കുന്നവയിൽ
ബസുകളും ലോറിയുമെല്ലാം ഉൾപ്പെടും. കേരളത്തിൽ 17,000 ൽപ്പരം സ്വകാര്യബസുകളും 6128 കെ.എസ്.ആർ.ടി.സി ബസുകളുമുണ്ട്. സ്വകാര്യബസുകൾക്കു ടെസ്റ്റിംഗുള്ളതിനാൽ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെ തരമില്ല. സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് കൃത്യമായ പരിശോധനയോ പരിചരണമോ ഇല്ലാത്തതിനാൽ അവ വലിയതോതിൽ അന്തരീക്ഷമലിനീകരണത്തിനു വഴിവയ്ക്കുന്നു.

പുതുതായി വാങ്ങുന്ന വാഹനം ഒരു വർഷം കഴിഞ്ഞാൽ പുകപരിശോധന നടത്തണമെന്നാണു നിയമം. ആറുമാസം കൂടുമ്പോൾ വീണ്ടും, പരിശോധിച്ച് സർട്ടിഫിക്കേറ്റ് വാഹനത്തിൽ സൂക്ഷിക്കണമെന്നാണു നിയമം. പലരും പരിശോധന നടത്താറില്ല. എത്ര പുക തുപ്പുന്ന വാഹനത്തിനും നിയമവിധേയമായ പൊല്യൂഷൻ മാത്രമെയുള്ളുവെന്ന സർട്ടിഫിക്കേറ്റ് സമ്പാദിക്കാൻ ഒരു വിഷമവുമില്ല. വാഹനം പരിശോധിക്കുമ്പോൾ സർട്ടിഫിക്കേറ്റ് ഉണ്ടായാൽ മതി (തുടരും).

ലിപ്‌സൺ ഫിലിപ്പ്