ഗെയിൽ ജൂബിലി ടവറിന് ലീഡ് പ്ലാറ്റിനം റേറ്റിംഗ്

Posted on: November 27, 2015

GAIL-Jubilee-Tower-Big

ന്യൂഡൽഹി : ഗെയിൽ ഇന്ത്യ നോയിഡയിൽ നിർമ്മിച്ച ജൂബിലി ടവറിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ലീഡ് പ്ലാറ്റിനം ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് ലഭിച്ചു. 21 നിലകളിലായി 250,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ജൂബിലി ടവർ നിർമ്മിച്ചിട്ടുള്ളത്. 800 കിലോവാട്ട് ശേഷിയുള്ള ഗ്യാസ് എൻജിൻ ജനറേറ്ററുകൾ പുറന്തള്ളുന്ന താപം ഉപയോഗിച്ച് വേപ്പർ അബ്‌സോർബ്ഷൻ മെഷീനുകൾ പ്രവർത്തിപ്പിച്ച് എയർകണ്ടീഷനിംഗിന് വേണ്ട ഊർജ്ജം കണ്ടെത്തുന്നു. ഇതിലൂടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ 30 കിലോവാട്ട് സോളാർ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.

ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് പാനലുകൾ കൊണ്ടാണ് ടവറിന്റെ ചുവരുകൾ ആവരണം ചെയ്തിട്ടുള്ളത്. ജല ഉപയോഗം നിയന്ത്രിക്കാൻ സെൻസറുകൾ, മഴവെള്ള സംഭരണം, എയർ ക്വാളിറ്റി മെച്ചപ്പെടുത്താൻ കാർബൺ സെൻസറുകൾ തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് ഗെയിൽ ജൂബിലി ടവറിൽ ഏർപ്പെടുത്തിയിട്ടുള്ളത്. മലിന ജലം ശുദ്ധീകരിച്ച് തോട്ടങ്ങൾ നനയ്ക്കാനും കൂളിംഗ് ടവറിലേക്കും പ്രയോജനപ്പെടുത്തിവരുന്നു. കൊച്ചി ഉൾപ്പടെ രാജ്യത്തെ എല്ലാ ഗെയിൽ നിർമിതകളിലും ഗ്രീൻ ബിൽഡിംഗ് മാനദണ്ഡം പിന്തുടരാനാണ് കമ്പനി ഒരുങ്ങുന്നത്.