പാചകവാതകക്ഷാമം പരിഹരിക്കാൻ പൈപ്പ്‌ലൈൻ അനിവാര്യം: ഗെയിൽ

Posted on: November 9, 2015

Gail-Pipeline-big

കൊച്ചി : കേരളത്തിലെ പാചകവാതകക്ഷാമം പരിഹരിക്കുന്നതിൽ വാതക പൈപ്പ്‌ലൈൻ നിർണായക പങ്കുവഹിക്കുമെന്ന് ഗെയിൽ. പദ്ധതി യാഥാർഥ്യമാകുന്നതോടെ പാചകവാതകം സദാസമയവും പൈപ്പ്‌ലൈൻ വഴി ലഭ്യമായിരിക്കുമെന്നതിനാൽ സിലിണ്ടറുകൾക്കായുള്ള അനന്തമായ കാത്തിരിപ്പും അതിനായുള്ള പണച്ചെലവും കുറയ്ക്കാമെന്ന് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു.

രാജ്യമാകെ 10 ലക്ഷത്തോളം വീടുകളിലെ അടുപ്പുകളിൽ പൈപ്പ്‌ലൈൻ വഴിയുള്ള പ്രകൃതി വാതകമാണ് ഇപ്പോൾ പുകയുന്നത്. എൽപിജി, പെട്രോൾ, ഡീസൽ എന്നിവയെക്കാൾ വിലകുറഞ്ഞതാണ് പ്രകൃതി വാതകം. ഇപ്പോൾ ലഭ്യമാകുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 720 രൂപയാണ് വിലയെങ്കിൽ പൈപ്പ്‌ലൈൻ യാഥാർഥ്യമായാൽ സിറ്റി ഗ്യാസ് വഴി ലഭിക്കുന്ന പാചക വാതകത്തിന് ഇതേ അളവിന് 420 രൂപ മാത്രം മതിയാകും. ഇടയ്ക്കിടെ ഉണ്ടാകുന്ന ടാങ്കർ അപകടങ്ങൾ, സിലിണ്ടർ അപകടങ്ങൾ, എൽപിജി ക്ഷാമം തുടങ്ങിയവ ഒഴിവാക്കുന്നതിന് ഗ്യാസ് പൈപ്പ്‌ലൈൻ അത്യന്താപേക്ഷിതമാണെന്നും ഗെയിൽ അധികൃതർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇതിനകം കൊച്ചി എൽഎൻജി ടെർമിനലിൽനിന്ന് 43 കിലോമീറ്റർ ദൂരം വാതക പൈപ്പ്‌ലൈൻ ഇട്ടുകഴിഞ്ഞു. ഈ പൈപ്പ്‌ലൈൻ വഴി കൊച്ചി നഗരത്തിൽ ഗാർഹിക വാതക കണക്ഷൻ നൽകുന്നതിനുള്ള നോഡൽ ഏജൻസിക്ക് സംസ്ഥാന മന്ത്രിസഭ ഏതാനും ദിവസം മുൻപ് അനുമതി നൽകിയിട്ടുണ്ട്. വരുന്ന അഞ്ചു വർഷംകൊണ്ട് നഗരത്തിലെ 42,000 കുടുംബങ്ങൾക്ക് ഇതുവഴി ഇടതടവില്ലാത്ത ഹരിതവാതകം എത്തിക്കാൻ സാധിക്കും. പൈപ്പ്‌ലൈൻ പൂർത്തിയാകുന്ന മുറയ്ക്ക് മറ്റിടങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

വാതക പൈപ്പ്‌ലൈനിൽ 31 ഇടങ്ങളിൽ ഗെയിൽ അധികൃതർ സെക്ഷനൈസ്ഡ് വാൽവുകൾ ഒരുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം പുതിയ കണക്ഷനുകൾ കൂടി നൽകുന്നതിനുള്ള ടാപ് ഓഫ് സംവിധാനമാണിത്. പൈപ്പ്‌ലൈൻ വഴി വാതകം ലഭ്യമാകുന്നതോടെ അത്രയും വീടുകളിലെ സിലിണ്ടറുകൾ സ്വതന്ത്രമാകും. ഈ സിലിണ്ടറുകൾ പൈപ്പ്‌ലൈൻ ഇല്ലാത്ത മറ്റിടങ്ങളിൽ ഉപയോഗിക്കാൻ സാഹചര്യമൊരുങ്ങും. ഗാർഹിക പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ റോഡിൽനിന്നും എൽപിജി ടാങ്കർ ലോറികളും സിലിണ്ടർ ലോറികളും അപ്രത്യക്ഷമാകുന്നതിനാൽ റോഡുകളിലെ തിരക്കും അപകടവും ഗണ്യമായി കുറയുമെന്നും ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി രമേഷ് അറിയിച്ചു.

രാജ്യത്ത് തദ്ദേശീയമായി ഉത്പാദിക്കപ്പെടുന്ന പ്രകൃതിവാതകം ഗാർഹിക ആവശ്യങ്ങൾക്കു നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ജനങ്ങൾക്ക് പ്രസ്തുത വാതകത്തിന്റെ ഉപയോഗവും ലാഭവും അനുഭവിക്കണമെങ്കിൽ പൈപ്പ്‌ലൈൻ അത്യന്താപേക്ഷിതമാണ്. പൈപ്പ്‌ലൈൻ സംവിധാനമുള്ള പ്രമുഖ നഗരങ്ങളിലെ ജനനിബിഡ പ്രദേശങ്ങളിൽ വാതക പൈപ്പ്‌ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ വീടിനും സ്ഥലത്തിനും വില പോലും വർധിച്ചു.

പ്രകൃതി വാതകമാണ് അവരുടെ അടുപ്പുകളിൽ പുകയുന്നതും അടുക്കളയെ സജീവമാക്കുന്നതും. ഗ്യാസ് സിലിണ്ടറുകൾക്കായുള്ള അനന്തമായി കാത്തിരിപ്പ് അവസാനിച്ചു എന്നതും പൈപ്പ്‌ലൈനിൽ എപ്പോഴും വാതകം ലഭ്യമാണ് എന്നതുമാണ് ഇവരെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. ഈ നൂറ്റാണ്ടിന്റെ ഇന്ധനം പ്രകൃതി വാതകമാണെന്ന യാഥാർഥ്യം കൂടി കണക്കിലെടുത്താൽ വാതക പൈപ്പ്‌ലൈൻ പദ്ധതി സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണെന്നും ഗെയിൽ അവകാശപ്പെടുന്നു.

TAGS: Gail Pipeline |