രാജ്യത്ത് ജൈവ കൃഷി പ്രോത്സാഹിപിക്കാൻ 11 കേന്ദ്ര പദ്ധതികൾ

Posted on: November 7, 2015

Biofach-India-2015-Big

കൊച്ചി : രാജ്യത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. അജയ് രാജ്പുത്. 11 പദ്ധതികളാണ് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ നടക്കുന്ന ബയോഫാക് ഇന്ത്യ ഇന്ത്യ ഓർഗാനിക് രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ പ്രൊജക്ട് ഓൺ ഓർഗാനിക് ഫാമിംഗ്, എൻ എ ഡി പി, രാഷ്ട്രീയ കൃഷി വികാസ് യോജന, പരമ്പരാഗത് കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന, ഗോകുൽ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെയാണ് ജൈവ കാർഷിക മേഖലയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ കാർഷിക രീതി പ്രോത്സാഹിപ്പിക്കുക, തദ്ദേശീയമായി ലഭ്യമായ എല്ലാ പ്രകൃതി വിഭവങ്ങളും ഉപയോഗപ്പെടുത്തുക, പരമ്പരാഗത കൃഷി രീതി പ്രോത്സാഹിപ്പിക്കുക, 50 ഏക്കർ വീതമുള്ള 10,000 ക്ലസ്റ്ററുകൾ രൂപീകരിക്കുക, ജൈവ ഉത്പ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുക തുടങ്ങിയവയാണ് കേന്ദ്ര സർക്കാരിന്റെ മുൻഗണനാ ലിസ്റ്റിൽ ഉള്ളത്. അടുത്ത 3 വർഷത്തിനുള്ളിൽ 5 ലക്ഷം ഏക്കർ സ്ഥലം ഇത്തരത്തിൽ കൃഷി യോഗ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി കർഷകർക്ക് ക്ലസ്റ്ററിന് 20,000 രൂപ വീതം നൽകുമെന്നും അജയ് രജപുത് പറഞ്ഞു.

പരമ്പരാഗത് കൃഷി വികാസ് യോജനയ്ക്ക് മാത്രം നടപ്പ് സാമ്പത്തിക വർഷം 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6208 ക്ലസ്റ്ററുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 119 ക്ലസ്റ്ററുകൾക്കായി 318.52 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 849 ലക്ഷം രൂപയാണ് കേരളത്തിന്റെ ആകെ വിഹിതം.

ജൈവ കാർഷിക രീതി സാമ്പത്തികമായി കർഷകർക്ക് ലാഭം നേടിക്കൊടുക്കുമെന്ന് കേന്ദ്ര ഓർഗാനിക് ഫാമിംഗ് വിഭാഗം മുൻ ഡയറക്ടർ ഡോ. എ കെ യാദവ് അഭിപ്രായപ്പെട്ടു. സുസ്ഥിര കൃഷി സമ്പത്തും മലീനികരണ മുക്ത ഉത്പന്നങ്ങളും ലഭിക്കുമെന്നതും നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൈവ കൃഷിയുടെ സാമ്പത്തിക വശങ്ങൾ സംബന്ധിച്ച സെമിനാറിൽ ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സീനിയർ ശാസ്ത്രജ്ഞൻ ഡോ. കെ. രമേശ്, ജൈവ കൃഷി സമഗ്ര വികസനത്തിന് എന്ന സെമിനാറിൽ സന്ദീപ് നികുംബെ, ബോബി ഐസക്, ഡോ. രജ്ബീർ സിംഗ് എന്നിവർ സംസാരിച്ചു.