സുസ്ഥിര വികസനത്തിന് ജൈവ കൃഷി വിപുലപ്പെടുത്തണമെന്ന് വിദഗ്ധർ

Posted on: November 7, 2015

Biofach-India-2015-Big

കൊച്ചി : മണ്ണ്, മനുഷ്യൻ, മൃഗങ്ങൾ, ചെടികൾ തുടങ്ങി സമസ്ത മേഖലയുടെയും നിലനിൽപ്പിനും സുസ്ഥിര വികസനത്തിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും ബയോ വില്ലേജുകൾ സ്ഥാപിക്കുകയും വേണമെന്ന് കാർഷിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അങ്കമാലി അഡ് ലക്‌സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ബയോഫാക് ഇന്ത്യ ഇന്ത്യ ഓർഗാനിക് രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകവെയാണ് പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ജൈവ കാർഷിക രീതി അനിവാര്യമാണെന്ന മുന്നറിയിപ്പ് കാർഷിക വിദഗ്ധർ നൽകിയത്.

സുസ്ഥിര വികസനത്തിനായി രൂപപ്പെടുത്തിയ നാല് പ്രധാന ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്താൻ ജൈവ കാർഷിക രീതിയിലൂടെയെ സാധിക്കൂ എന്ന് ഐഫോംസ് ഒർഗാനിക്‌സ് ഇന്റർനാഷനൽ വേൾഡ് ബോർഡ് അംഗം മാത്യു ജോൺ അഭിപ്രായപ്പെട്ടു. വിശപ്പില്ലാത്ത ലോകം, ഭക്ഷ്യ സുരക്ഷ, സുസ്ഥിര കാർഷിക വികസനം, പോഷക സമൃദ്ധമായ ഭക്ഷണം, എല്ലാവർക്കും ആരോഗ്യം, തുല്യ വിദ്യാഭ്യാസവും ജീവിത നിലവാരവും തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ജൈവ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവന നൽകാൻ കഴിയും.

ജൈവ കാർഷിക രീതിയിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ഭക്ഷ്യോത്പാദനം വർധിപ്പിക്കാനും വിളവുത്പാദനം മെച്ചപ്പെടുത്താനും ജൈവ കാർഷിക രീതിക്ക് കഴിയും. കർഷകരുടെ നഷ്ടം നികത്താനും കടക്കെണിയിൽ നിന്ന് അവരെ രക്ഷപ്പെടുത്താനും കഴിയുമെന്ന് ശ്രീനഗർ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. തേജ് പർഥാപ് ചൂണ്ടിക്കാട്ടി. ആവാസ വ്യവസ്ഥയ്ക്കും മണ്ണിന്റെ സ്വാഭാവികത സംരക്ഷികാനും വ്യാവസായിക കാർഷികോത്പാദനത്തിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യത്തുകൾ ലഘൂകരിക്കുന്നതിനും ജൈവ കാർഷിക രീതിക്ക് കഴിയും.

രാസവളങ്ങളുടെ പ്രയോഗം ഇല്ലതാക്കെണ്ടത് ജീവജാലങ്ങളുടെ നിലനിൽപിന്റെ പ്രശ്‌നമാണ്. കീടനാശിനി പ്രയോഗം മൂലം 3 ദശലക്ഷം വിഷബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഇക്കൊലാൻഡ് ഇന്റർനാഷനൽ പ്രസിഡന്റ് റുഡോൾഫ് ബുലർ പറഞ്ഞു. മണ്ണ്, വെള്ളം, വായു എന്നിവയുടെ കൃത്യമായ ഉപയോഗത്തിലൂടെ രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്പാദന ചെലവ് കൂട്ടാനും വരുമാനം വർധിപ്പിക്കാനും രാജ്യത്തെ 74 ശതമാനം വരുന്ന ചെറുകിട കർഷകർ ജൈവ കാർഷിക രീതി പിന്തുടരുന്നുവെന്നും കേരളത്തിൽ ജൈവ കൃഷിക്ക് കൂടുതൽ പ്രോത്സാഹനവും സ്വീകാര്യതയും ലഭിക്കേണ്ടതിന്റെ ആവശ്യകതയും ഇക്കോവ എക്‌സിക്യുട്ടീവ് ഡയറക്ടർ മനോജ് കുമാർ മേനൻ ചൂണ്ടിക്കാട്ടി. ജൈവ കാർഷിക രീതിയെകുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വകുപ്പുകൾക്കും ഇന്നും അജ്ഞത നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരുകൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൈവ കാർഷിക രീതിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, അവസരങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേരളം, സിക്കിം, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജൈവ കാർഷിക രീതികളെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പ്രൊജക്ട് ഓഫീസർ അജയ് ചന്ദ്ര, ഉത്തരാഖണ്ഡ് യു ഓ സി ബി ചെയർപേഴ്‌സൻ ലക്ഷ്മി റാണ, ഹരിയാന ഹോർട്ടികൾച്ചർ ഡയറക്ടർ ജനറൽ ഡോ. എ.എസ് ശാലിനി, സിക്കിം ഓർഗാനിക് മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്. അമ്പഴകൻ എന്നിവർ സംബന്ധിച്ചു.

ഓർഗാനിക് സംഭരകത്വ സെഷനിൽ ശ്രേഷ്ഠ നാച്വറൽ ബയോ പ്രൊഡക്ട്‌സ് എം ഡി രാജ് ശേഖർ റെഡി, കേരള കാർഷിക സർവകലാശാല പ്രഫ. ഡോ. ഉഷാകുമാരി, ഹാർട്ട്മറ്റ് വോമാൻ പ്രഫ. ഡോ. എച്ച്.സി. മൾട്ട്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിതാ കെ മേനോൻ എന്നിവർ സംസാരിച്ചു.