പൈപ്പ്‌ലൈൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഗെയിൽ

Posted on: October 25, 2015

Gail-Pipeline-big

കൊച്ചി : പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് കേരളത്തിൽ വാതകക്കുഴൽ യാഥാർഥ്യമാക്കുന്നതെന്ന് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു. ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ലോകം മുഴുവൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അമേരിക്കൻ സ്റ്റാന്റേഡ് ഫോർ മെക്കാനിക്കൽ എൻജിനീയേഴ്‌സ് (എഎസ്എംഇ) ബി 31.8 കോഡും അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് (എപിഐ) 1104 കോഡും അനുസരിച്ചാണ്. ഇതേ മാനദണ്ഡങ്ങൾ ഗെയിലും കർശനമായി ഉറപ്പുവരുത്തുന്നു. രാജ്യത്ത് നിലിവുള്ള പെട്രോളിയം ആൻഡ് മിനറൽ പൈപ്പ്‌ലൈൻസ് (പി & എംപി) ആക്ടിലെ നിർദേശങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ ഗെയിൽ പാലിക്കുന്നു. പൊതുജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്തിയാണ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതെന്നും ഗെയിൽ വ്യക്തമാക്കി.

(എഎസ്എംഇ) ബി 31.8 കോഡ് അനുസരിച്ച് ഒരു മൈൽ നീളത്തിൽ കാൽ മൈൽ വീതിയിൽ പൈപ്പ് കടന്നുപോകുന്ന സ്ഥലത്തെ വീടുകൾ എണ്ണിത്തിട്ടപ്പെടുത്തി ജനസാന്ദ്രത അളക്കുകയാണ് പതിവ്. വീടുകളുടെ എണ്ണം പത്തിൽ താഴെയാണെങ്കിൽ ജനസാന്ദ്രത ഇൻഡെക്‌സ് ക്ലാസ് 1 ആയി കണക്കാക്കി അതനുസരിച്ച് പൈപ്പിന്റെ കനം (കട്ടി) നിശ്ചയിക്കും. വീടുകളുടെ എണ്ണം 11നും 25നും ഇടയ്ക്കാണെങ്കിൽ ജനസാന്ദ്രത ഇൻഡെക്‌സ് ക്ലാസ് 2 ആയി കണക്കാക്കി പൈപ്പിന്റെ കട്ടി കൂട്ടും. എണ്ണം 26നും 45നും ഇടയിലാണെങ്കിൽ ജനസാന്ദ്രത ഇൻഡെക്‌സ് ക്ലാസ് 3 ആയും 46നു മുകളിലോ ആരാധനാലയങ്ങൾ, സ്‌കൂൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലോ ആണെങ്കിൽ ഇൻഡെക്‌സ് 4 ആയും പരിഗണിച്ച് കട്ടികൂടിയ ക്ലാസ് 3, 4 പൈപ്പുകളും ഉപയോഗിക്കും. ഇതാണ് ജനസാന്ദ്രത പരിഗണിച്ച് പൈപ്പിടുന്നതിന്റെ ശാസ്ത്രീയവശം.

ഇതേ മാനദണ്ഡങ്ങൾ പാലിച്ചാണ് ഗെയിൽ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നത്.. പൈപ്പ്‌ലൈനുകൾ വിന്യസിക്കാനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിയമമാണ് പി & എം.പി ആകട്. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് ഇതിൽ പ്രത്യേകം നിഷ്‌കർഷിക്കുന്നില്ല. കേരളത്തെക്കാൾ ജനസാന്ദ്രതേയറിയ നഗരങ്ങളിൽ ഉൾപ്പെടെ പൈപ്പ്‌ലൈനുകൾ കടന്നുപോകുന്നുണ്ട്.

രാജ്യത്ത് നിലവിൽ 16 സംസ്ഥാനങ്ങളിലായി 77 നഗരങ്ങളിൽ അതീവ സുരക്ഷാ മേഖലയിൽപ്പോലും പൈപ്പ്‌ലൈൻ കടന്നുപോകുന്നുണ്ട്. അവിടെയൊന്നും പ്രകൃതിവാതകമോ സിഎൻജിയോ ഇതുവരെ അപകടം വരുത്തിയിട്ടില്ല. വീടുകളിൽ ഉപയോഗിക്കുന്ന എൽപിജിയെ അപേക്ഷിച്ച് താരതമ്യേന അപകടം ഒട്ടുമില്ലാത്ത വാതകമാണ് പ്രകൃതി വാതകം. ഇതേപ്പറ്റി ചിലർ ഉയർത്തുന്ന ആശങ്കകൾ അസ്ഥാനത്താണെന്നും ഗെയിൽ അധികൃതർ അറിയിച്ചു.