കേരളത്തിലെ ആദിവാസികളെ ക്ഷയരോഗം കീഴടക്കുന്നു

Posted on: October 21, 2015

Tuberculosis-Big-a

ദാരിദ്ര്യവും രോഗങ്ങളും നാമവശേഷമാക്കുന്ന കേരളത്തിലെ ആദിവാസികൾക്കിടയിൽ ക്ഷയരോഗം ഉയർത്തുന്ന ഭീഷണി ചെറുതല്ല. യഥാസമയം ചികിത്സ ലഭിക്കാത്തതും പോഷകാഹാരക്കുറവും ആദിവാസികളുടെ ആയുർദൈർഘ്യം കുറയ്ക്കുന്നു. ആരോഗ്യവകുപ്പും ട്രൈബൽ വകുപ്പം എന്തെല്ലാം മറുവാദങ്ങൾ നിരത്തിയാലും ട്യൂബർക്കുലോസിസ് ബാസിലസ് ഇവർക്കിടയിൽ സർവ്വ സാധാരണമാണ്. ചികിത്സ തേടിയാലും ഇവർ കൃത്യമായി മരുന്നുകൾ കഴിക്കാതിരിക്കുന്നത് ക്ഷയരോഗ നിയന്ത്രണത്തിന് വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു.

കേരളത്തിൽ 23,571 ക്ഷയരോഗികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവരിൽ 1661 പേർ കുട്ടികളാണ്. ഇവരിൽ ഏറെപ്പേരും ആദിവാസി വിഭാഗത്തിലുള്ളവരാണ്. അമിതമായ പുകയില ഉപയോഗവും മദ്യപാനവും രോഗികളുടെ പ്രതിരോധ ശേഷി കുറയ്ക്കുന്നു. ഓരോ വർഷവും കൂടുതൽ പേർ ക്ഷയരോഗബാധിതരാകുന്നു.

ക്ഷയരോഗം ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല. സാമൂഹികപ്രശ്‌നം കൂടിയാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെങ്കിലും രോഗലക്ഷണങ്ങളെ അവഗണിക്കുന്നതു മൂലം മരണകാരണമായി തീരുന്നു. പ്രായപൂർത്തിയായവരെ ബാധിച്ച് മരണം സംഭവിക്കുമ്പോൾ കുടുംബങ്ങൾ അനാഥമാകുന്നു. കുടുംബ നാഥൻ ഇല്ലാതാകുന്നതോടെ പല കുടുംബങ്ങളുടെയും വരുമാനസ്‌ത്രോസ് അടയും. ആദിവാസി മേഖലയിൽ ഇത്തരത്തിൽ അനാഥരാക്കപ്പെട്ട നിരവധി കുരുന്നുകളുണ്ട്.

കേരളത്തിൽ ക്ഷയരോഗം കുറഞ്ഞുവരികയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ക്ഷയരോഗികളുടെ എണ്ണം 2009 ൽ 27,000 ൽ നിന്ന് 2013 ൽ 23,000 ആയി കുറഞ്ഞു. രോഗ നിയന്ത്രണത്തിന് ഓരോ വർഷവും പുതിയ പദ്ധതികൾ. ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് 65 ഇരുചക്രവാഹനങ്ങളും കംപ്യൂട്ടർവത്കരിച്ച 73 ടിബി യൂണിറ്റുകളും 2015 ൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു.

വയനാട്ടിലും ഇടുക്കിയിലും ക്ഷയരോഗികൾ കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ യാഥാർത്ഥ ചിത്രം വ്യക്തമല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. വയനാട്ടിലെ ആദിവാസികോളനികളിൽ ക്ഷയരോഗം വ്യാപകമായിട്ടുണ്ട്. മിക്കവരും ചികിത്സതേടാതെ അകാലത്തിൽ മരണത്തിന് കീഴടങ്ങുന്നു. തന്നെ ഗ്രസിച്ചിരിക്കുന്ന രോഗം എന്തെന്നു പോലും പലർക്കും അറിയില്ല.

കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ താമസിക്കുന്ന മുവായിരത്തോളം കുടുംബങ്ങളിൽ ഏതാണ്ട് ഇരുനൂറോളം പേർക്ക് ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണങ്ങളും തുടർക്കഥയാണ്. പോഷകാഹാരക്കുറവും വിളർച്ചയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് ഇവർക്കെന്ന് ചിത്രീകരിച്ച് കൈകഴുകുകയാണ് അധികൃതർ.

അട്ടപ്പാടി മേഖലയിൽ പുതൂർ, അഗളി, ഷോളയൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലായി 187 ആദിവാസി ഊരുകളാണുള്ളത്. പോഷകാഹാരക്കുറവിന്റെ ദുരിതം പേറുന്നവരാണിവർ. പോഷകാഹാരക്കുറവു മൂലം മരിക്കുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾ ധാരാളമുണ്ട് അട്ടപ്പാടിയിൽ. ടിബിയോ സമാന രോഗലക്ഷണങ്ങളോ ഉള്ളവർ അനവധി. അട്ടപ്പാടിക്കു വേണ്ടി നിരവധി പദ്ധതികൾ കടലാസിലുണ്ടെങ്കിലും ഊരുകളിലെ ദാരിദ്ര്യത്തിന് മാത്രം കുറവില്ല.

നെല്ലിയാമ്പതിയിലെ കൽച്ചാടി ആദിവാസികോളനിയിലെ 90 ശതമാനം പേരും ക്ഷയരോഗബാധിതരാണെന്ന് വനംവകുപ്പും ആശ്രയം റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ക്ഷയരോഗം ബാധിച്ച് രണ്ട് വർഷത്തിനുള്ളിൽ കുട്ടികൾ ഉൾപ്പടെ 10 ൽ അധികം പേരാണ് ഇവിടെ മരിച്ചത്. കൽച്ചാടിയിൽ നിന്ന് 40 ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് നെന്മാറയിൽ എത്തിവേണം ചികിത്സ തേടാൻ. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും ദാരിദ്ര്യവും മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ഇവർക്കു തടസമാകുന്നു.

ആതിരപ്പിള്ളി വാച്ചുമരം കോളനിയിലും ക്ഷയരോഗം അകാല മരണത്തിന് വഴിവയ്ക്കുന്നു. ഈ വർഷം രണ്ട് യുവതികൾ ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. ഇവരിൽ ഒരാൾ രണ്ടുവർഷമായി ചികിത്സയിലായിരുന്നു. കാടർ വിഭാഗത്തിലുള്ള ആദിവാസികൾ കൂടുതലുള്ള വാച്ചുമരം, മുക്കുംപുഴ കോളനികളിൽ ക്ഷയരോഗം ആശങ്കാജനകമായ രീതിയിൽ പടർന്നിട്ടുണ്ട്. പോഷകാഹാരക്കുറവും മദ്യപാനവും രോഗം പടരാൻ കാരണമാകുന്നു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗവും വർധിച്ച തോതിലുണ്ട്.

വർഷങ്ങൾക്കു മുമ്പ് ഈ മേഖലയിലെ ക്ഷയരോഗ നിയന്ത്രണത്തിനായി ഒരു മൊബൈൽ ക്ലിനിക്ക് ആരോഗ്യവകുപ്പ് അനുവദിച്ചിരുന്നു. പക്ഷെ ക്ലിനിക്കിന്റെ പ്രവർത്തനം ഇപ്പോൾ കാര്യക്ഷമമല്ല. പിള്ളപ്പാറ, വാഴച്ചാൽ, പൊകലപ്പാറ, ഷോളയാർ, ആനക്കയം, തവളക്കുഴിപ്പാറ, അടിച്ചിൽതൊട്ടി, പെരുമ്പാറ, ഞാറക്കായ്, വെട്ടിച്ചുട്ടകാട് എന്നീ ആദിവാസി ഊരുകളിലും ക്ഷയരോഗം വ്യാപകമാണ്.

ക്ഷയരോഗ നിവാരണത്തിന് പല പദ്ധതികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. സർക്കാരിന്റെ ചുവപ്പുനാടകളും ജീവനക്കാരുടെ കുറവും ആദിവാസിമേഖലകളിൽ രോഗബാധ നിയന്ത്രിക്കുന്നതിന് തടസമാകുന്നു. ആദിവാസികൾക്കിടയിൽ രോഗം നിയന്ത്രിക്കാൻ ആരോഗ്യ-ട്രൈബൽ വകുപ്പുകൾ സംയുക്ത ഇടപെടലുകൾ നടത്തേണ്ടതുണ്ട്. രോഗനിർണയത്തിനും ഫലപ്രദമായ തുടർചികിത്സയ്ക്കും കാലതാമസം നേരിട്ടാൽ ആയുസ് എത്താതെ ഒരു ജനത കാലയവനികക്കുള്ളിൽ മറയുന്നതിന് കേരളം സാക്ഷ്യവഹിക്കേണ്ടിവരും.

ലിപ്‌സൺ ഫിലിപ്പ്‌