കാലാവസ്ഥാ വ്യതിയാനം : കാർഷികമേഖല പ്രതിസന്ധിയിൽ

Posted on: July 28, 2014

ലിപ്‌സണ്‍ ഫിലിപ്പ്‌

Rubber-Plantation

കാലംതെറ്റി എത്തിയ മൺസൂൺ കേരളത്തിലെ കാർഷിക മേഖലയ്ക്കു വൻ തിരിച്ചടിയായി. മഴയും വിലയിടിവും ഉത്പാദനക്കുറവും റബർ ഉൾപ്പടെയുള്ള നാണ്യവിളകളെ ദോഷകരമായി ബാധിച്ചു. റബർ ഉത്പാദനം പരിപൂർണമായി നിലച്ചിട്ട് ആഴ്ചകളായി. അന്തരീക്ഷതാപ നിലയിലെ വർധന മുൻവർഷത്തേക്കാൾ റബർ ഉത്പാദനത്തിൽ 13-15 ശതമാനം കുറവു വരുത്തിയിട്ടുണ്ടെന്നാണ് റബർ ബോർഡിന്റെ വിലയിരുത്തൽ.

അതേസമയം റബർ വിലയിൽ വൻ ഇടിവു സംഭവിക്കുകയും ഉത്പാദനച്ചെലവു വർധിക്കുകയും ചെയ്തതോടെ കർഷകർ വലിയ പ്രതിസന്ധിയിലായി. കഴിഞ്ഞവർഷം ഇതേകാലത്ത് കിലോഗ്രാമിന് 198-202 രൂപ വിലയുണ്ടായിരുന്ന ആർഎസ്എസ്-4 ഗ്രേഡിന് ഇപ്പോൾ 137 രൂപയായി കുറഞ്ഞു. വളം, ടാപ്പിംഗ് ഷേഡ്, വെട്ടുകൂലി തുടങ്ങിയ ഉത്പാദനച്ചെലവിൽ 40 ശതമാനത്തോളം വർധനയുണ്ടായതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു.

മഴ തുടർന്നാൽ ഏലത്തിന് അഴുകൽ രോഗം പിടിപെടുമെന്ന ഭീതിയിലാണ് ഏലം കർഷകർ. ഹൈറേഞ്ചിൽ ഇക്കുറി താമസിച്ചാണ് മഴ തുടങ്ങിയത്. ഏലം കിലോഗ്രാമിന് 700 രൂപയാണ് ഇപ്പോൾ വിപണി വില. കിലോയ്ക്ക് 1000 രൂപയ്ക്കുമേൽ വിലകിട്ടിയാലെ ഏലം കൃഷി മുതലാവുകയുള്ളുവെന്നാണ് കർഷക സംഘനകളുടെ വാദം.

Pepperകുരുമുളകിന്റെ കാര്യത്തിൽ കാറ്റിനെയാണ് ഹൈറേഞ്ചിലെ കർഷകർ ഭയക്കുന്നത്. കാറ്റുവന്നാൽ കൊടി മറിഞ്ഞുവീഴും. വിലക്കുറവും മഞ്ഞളിപ്പു രോഗവും വന്നതോട ഹൈറേഞ്ചിൽ കുരുമുളകു ഉത്പാദനം കുറഞ്ഞു. 12,000 ടൺ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോൾ പ്രതിവർഷം 2,000 ടണ്ണായി കുറഞ്ഞു.

ചെറുകിടകർഷകരുടെ കൊളുന്ത് ഫാക്ടറികൾ വാങ്ങുന്നില്ലെന്നുള്ളതാണ് തേയില കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കൊളുന്ത് കിലോഗ്രാമിന് 13 രൂപ വിലയുണ്ടെങ്കിലും വിൽക്കാനാവുന്നില്ല. ഡിമാൻഡ് ഇല്ലാത്ത അവസ്ഥയിൽ തേയിലക്കൃഷിയിൽ നിന്നും പിൻമാറുന്നവരുടെ എണ്ണം വർധിച്ചു.

സീസൺ അല്ലാത്തതിനാൽ പൈനാപ്പിൾ കൃഷിയെ മഴ ബാധിച്ചിട്ടില്ല. മികച്ചവിലയുണ്ടെങ്കിലും (കിലോഗ്രാമിന് 28 രൂപ) ഡിമാൻഡിന് അനുസരിച്ച് ഉത്പന്നം വിപണിയിൽ എത്തുന്നില്ല. ഉയർന്ന പാട്ടനിരക്കു മൂലം കന്നാരകൃഷിക്ക് ആവശ്യത്തിന് ഭൂമി ലഭിക്കാത്തതാണ് പ്രധാനതടസം. റബറിനു വിലയിടിവും റബർതടി വ്യാപാരം സ്തംഭിച്ചതും റീപ്ലാന്റിംഗ് നിലയ്ക്കാൻ ഇടയാക്കി. ഇത്തരം ഭൂമി പാട്ടത്തിനെടുത്താണ് കന്നാര കൃഷിചെയ്തുവരുന്നത്.