വനിത ടെക്കികൾ ഫാസ്റ്റ്ഫുഡിന്റെ ആരാധകർ

Posted on: September 7, 2015

Woman-Techies-tasting-fast-

കൊച്ചി : കൈനിറയെ ശമ്പളം, നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം – ടെക്കികൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങികഴിക്കുമെന്നാണ് പൊതുസമൂഹത്തിന്റെ ബോധ്യം. തലപുകയുന്ന ജോലിയുടെ തിരക്കിനിടയിൽ ടെക്കികൾ എന്താവും കഴിക്കാൻ ഇഷ്ടപ്പെടുക, നാടനോ അതോ ഫാസ്റ്റ്ഫുഡോ ? രാവിലെ ഒൻപതിന് ആരംഭിക്കുന്നു ഡ്യൂട്ടി അഞ്ചര ആറ് മണിയോടെ അവസാനിക്കുമെന്നാണ് വയ്പ്പ്. ജോലി തീർത്ത് ഇറങ്ങുമ്പോൾ ഏഴും പത്തും മണിയാകുമെന്നുള്ളതാണ് വാസ്തവം. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ജോലിഭാരം അറിയുന്നില്ലെന്നു മാത്രം. 22-40 വയസാണ് ടെക്കികളുടെ ശരാശരി പ്രായം.

ഇരുനൂറോളം കമ്പനികളിലായി 24,000 ജീവനക്കാരാണ് കൊച്ചി ഇൻഫോപാർക്കിലുള്ളത്. ഇവരിൽ പകുതിയോളം പേർ വനിതകളാണ്. മിക്കദിവസങ്ങളിലും ഒരു ക്വിക്ക് ബ്രേക്ക്ഫാസ്റ്റിന്റെ പിൻബലത്തിലാണ് രാവിലെ ജോലിക്ക് എത്തുന്നത്. 11 മണിക്കാണ് ചായകുടി. അതും എല്ലാ ദിവസവുമില്ല. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം. ചായകുടിക്കാൻ ചിലർ കാന്റീനിൽ പോകും. വലിയ കമ്പനികളിൽ കിയോസ്‌കുകളുണ്ടാകും. പുരുഷൻമാർ ചായയ്ക്ക് അകമ്പടിയായി സിഗരറ്റുപുകയ്ക്കും, എന്നാൽ എല്ലാവരുമല്ല. തമിഴ്‌നാട്ടുകാരും മലയാളികളുമായ കൊച്ചിയിലെ ടെക്കികളുടെ പ്രധാന ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. വിവാഹം കഴിഞ്ഞ ജീവനക്കാർ വീട്ടിൽ നിന്ന് ചോറു കൊണ്ടുവരും. അല്ലാത്തവർ കാന്റീനിനെ ആശ്രയിക്കും.

ബിരിയാണിക്കും ഫ്രൈഡ്‌റൈസിനും ആരാധകർ ഏറെയുണ്ട്. കമ്പനികൾ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുകയും പ്രോഡക്ടുകൾ ലോഞ്ച് ചെയ്യുമ്പോഴും പ്രോജക്ട് മാനേജരും ടീം ലീഡർമാരും സഹപ്രവർത്തകരുമായി പുറത്തെ ഹോട്ടലുകളിൽ ലഞ്ചിന് പോകും. ഇത്തരത്തിൽ മാസത്തിൽ ഒരു തവണയെങ്കിലും ഔട്ടിംഗുണ്ട്. ഉച്ചകഴിഞ്ഞാൽ വീണ്ടും ചായ. രാവിലെയുള്ളതിനേക്കാൾ കൂടുതൽ പേർ ഉച്ചകഴിഞ്ഞ് ചായകുടിക്കും. ചായ ചിലപ്പോൾ കാപ്പിക്കോ ജ്യൂസിനോ വഴിമാറും. കോഫി വെൻഡിംഗ് മെഷീനുകൾക്കും വിശ്രമമില്ല. ജോലിതീരാൻ വൈകുന്തോറും ചായകളുടെ എണ്ണം വർധിക്കും.

നേരത്തെ ജോലി തീർത്ത് ഇറങ്ങാനായാൽ വൈകുന്നേരത്തെ ഡിന്നർ കുശാലാക്കാൻ ടെക്കികൾ മടിക്കാറില്ല. സന്ധ്യമയങ്ങിയാൽ കാക്കനാട് മുതൽ പാലാരിവട്ടം നീളുന്ന സിവിൽലൈൻസ് റോഡിന്റെ ഇരുവശത്തുമുള്ള നോൺവെജ് റെസ്‌റ്റോറന്റുകളിൽ ടെക്കികൾ നിറയും. പുറത്തുപോകാത്ത ബാച്ചിലേഴ്‌സിന്റെ ഹൈഡ്ഔട്ടുകളിലേക്ക് ഹോംഡെലിവറിയായും ഫാസ്റ്റ്ഫുഡ് എത്തും. പിസ, പാസ്ത, ചിക്കന്റെ വിവിധ ഇനങ്ങളുമാണ് വനിത ടെക്കികളുടെ ഫേവറിറ്റ്.

കെഎഫ്‌സി, മക് ഡൊണാൾഡ്‌സ്, ചിക്കിംഗ്, എസ്എഫ്‌സി, ഫൈവ് സ്റ്റാർ ചിക്കൻ തുടങ്ങി ചിക്കൻ ഫുഡ്‌ജോയിന്റുകളിലെ പ്രധാന ഉപഭോക്താക്കൾ ടെക്കികളാണ്. ബിരിയാണി മുഖ്യവിഭവമായ മലബാർ റെസ്‌റ്റോറന്റുകളും ടെക്കികളുടെ ഇഷ്ടസങ്കേതങ്ങളാണ്. ഔട്ടിംഗിനായി മാളുകളിലേക്കും മൾട്ടിപ്ലെക്‌സിലേക്കും പോകുന്നവരും കുറവല്ല. രണ്ടിടത്തായാലും അവസാനത്തെ അഭയം ഫാസ്റ്റ്ഫുഡിലാകും. ജോലിയുടെ മാനസിക സമ്മർദം കുറയ്ക്കാൻ ബിയർ വാങ്ങുന്നവരും ധാരാളം. വീക്കെൻഡിലെ ഡീജെ പാർട്ടികളിലും ടെക്കികളുടെ സാന്നിധ്യമുണ്ട്.

ലിപ്‌സൺ ഫിലിപ്പ്