വണ്ടർലാ പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Posted on: August 5, 2015

WONDERLA-Logo-big

കൊച്ചി: വണ്ടർലാ ഹോളിഡെയ്‌സ് പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 2015 ലെ പരിസ്ഥിതി ഊർജസംരക്ഷണ അവാർഡിന് കേരളത്തിലെ സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ അവാർഡിനായി ആറ് സ്‌കൂളുകളെയും മികച്ച നിലവാരം പുലർത്തുന്ന 20 സ്‌കൂളുകളെയും തെരഞ്ഞെടുക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 50,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന രണ്ട് സ്‌കൂളുകൾക്ക് 25,000 രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന മൂന്ന് സ്‌കൂളുകൾക്ക് 15,000 രൂപ വീതവും കാഷ് അവാർഡും ട്രോഫിയും, മികച്ച നിലവാരം പുലർത്തുന്ന 20 സ്‌കൂളുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

പരിസ്ഥിതി ഊർജ സംരക്ഷണത്തിനായി സ്‌കൂളുകളിൽðഏർപ്പെടുത്തിയിരിക്കുന്ന വിവിധ പരിപാടികൾ വിലയിരുത്തിയാവും അവാർഡുകൾ നിർണയിക്കുക. മാലിന്യനിർമാർജന സംസ്‌ക്കരണ പരിപാടികൾ, ഹരിതവത്ക്കരണം, മഴവെള്ള സംഭരണം, പച്ചക്കറികൃഷി, പൂന്തോട്ടനിർമാണം, പരിസ്ഥിതിക്ക് ഇണങ്ങുന്ന സാധന സാമഗ്രികളുടെ നിർമാണം, പരിസ്ഥിതി അനുബന്ധ ക്ലബുകളുടെ പ്രവർത്തനം, ഊർജസംരക്ഷണ പരിപാടികൾ, ഈ പദ്ധതികളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ചാവും അവാർഡ് നിർണയം നടത്തുക.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ ഓഗസ്റ്റ് 31 ന് മുൻപായി കോ-ഓർഡിനേറ്റർ, വണ്ടർലാ പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡ് 2015, വണ്ടർലാ ഹോളിഡെയ്‌സ് ലിമിറ്റഡ്, കൊച്ചി – 683565 എന്ന വിലാസത്തിൽ അയയ്ക്കണം.