ഓപറേഷൻ രുചി : ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധം

Posted on: June 29, 2015

Food-Safety-Big

തിരുവനന്തപുരം : പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അമിതോപയോഗം, ആഹാര പദാർത്ഥങ്ങളിൽ രുചി വർധക രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ക്രമാതീതമായി കലർത്തൽ എന്നിവ നിയന്ത്രിക്കുന്നതിനുള്ള, ഓപറേഷൻ രുചി പദ്ധതിയുടെ ഭാഗമായി, 12 ലക്ഷത്തിലധികം വാർഷികവരുമാനമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസും അതിൽ താഴെ വരുമാനമുള്ളവയ്ക്ക് രജിസ്‌ട്രേഷനും നിർബന്ധമാക്കുമെന്ന് മന്ത്രി വി. എസ്. ശിവകുമാർ അറിയിച്ചു.

ഇതോടനുബന്ധിച്ച് ജൂൺ 15 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ ലൈസൻസ്-രജിസ്‌ട്രേഷൻ മേളകളിൽ 1,984 സ്ഥാപനങ്ങൾ ലൈസൻസും, 6,123 സ്ഥാപനങ്ങൾ രജിസ്‌ട്രേഷനും പുതുതായി കരസ്ഥമാക്കിയെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 50,445 ഭക്ഷ്യസുരക്ഷാ ലൈസൻസുകളും 1,96,930 രജിസ്‌ട്രേഷനുകളും വിതരണം ചെയ്തിട്ടുണ്ട്. ഫീസിനത്തിൽ സർക്കാരിന് ലഭിച്ചത് 22 കോടി രൂപയാണ്. 2011 ഓഗസ്റ്റ് 5 മുതൽക്കുള്ള കണക്കാണിത്. ഇതോടെ, ഇക്കാര്യത്തിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായി കേരളം. ഭക്ഷ്യോത്പാദന-വിതരണ-വിൽപ്പന മേഖലയിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സർക്കാരിന് ലഭ്യമാക്കുവാൻ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് സാധിച്ചു. ലൈസൻസും രജിസ്‌ട്രേഷനുമെടുക്കാൻ ഓൺലൈൻ സൗകര്യമേർപ്പെടുത്തിയത് സ്ഥാപനങ്ങൾക്ക് ഏറെ സഹായകരമായി.

പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, പലചരക്കുകടകൾ, മത്സ്യ-മാംസാദികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് ലൈസൻസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ളത്. ഓപറേഷൻ രുചി പദ്ധതിയുടെ ഭാഗമായി, ഇവ കരസ്ഥമാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ആറുമാസംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പച്ചക്കറിക്കടകൾ, ബേക്കറികൾ, റെസ്റ്റോറന്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്. ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ്, റെഡി ടു ഈറ്റ് ഫുഡ്, ഭക്ഷ്യ എണ്ണകൾ, പാൽ, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മുതലായവ പരിശോധനയ്ക്ക് വിധേയമാക്കി വരുന്നതായും മന്ത്രി അറിയിച്ചു.