പച്ചക്കറികളിലെ കീടനാശിനി പരിശോധന ഐഎആർഐ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ക്രോപ് കെയർ ഫെഡറേഷൻ

Posted on: June 15, 2015

Pesticide-Spraying-big

കൊച്ചി : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിൽ കീടനാശികളുടെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന കേരള സർക്കാറിന്റെ വാദം തെറ്റാണെന്ന് കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

നിരോധിക്കപ്പെട്ട കീടനാശിനികൾ തമിഴ്‌നാട് കർഷകർ ഉപയോഗിച്ചു വരുന്നതായി കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നടത്തിയ പ്രസ്താവനയും തെറ്റാണെന്ന് ക്രോപ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ രാജു ഷറോഫ് പറഞ്ഞു. കേരള സർക്കാരിന്റെ ആരോപണങ്ങൾ ശാസ്ത്രീയ വശം മനസ്സിലാക്കാതെയുള്ളതും പ്രകോപനപരവുമാണെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കയച്ച കത്തിൽ ക്രോപ് കെയർ ഫെഡറേഷൻ വ്യക്തമാക്കി. സർക്കാരുന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കേണ്ടതാണെന്നും കത്തിൽ ആവശ്യപ്പെടുന്നു.

തമിഴ്‌നാട് കർഷകരെയും കീടനാശിനി ഉത്പാദകരേയും കുറ്റപ്പെടുത്തുന്ന കേരള സർക്കാറിന്റെ വെബ്‌സൈറ്റുകൾ നിരോധിക്കപ്പെട്ട കീടനാശിനികൾ കർഷകർക്കായി ശുപാർശ ചെയ്യുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. തേയില തോട്ടങ്ങളിൽ ചിതലിനെ നശിപ്പിക്കാനായി ബിഎച്ച്‌സി ഉപയോഗിക്കാമെന്ന് കേരള കാർഷിക വകുപ്പിന്റെ വെബ്‌സൈറ്റിൽ നിർദ്ദേശിക്കുന്നുണ്ട്. പക്ഷെ ഈ ബിഎച്ച്‌സി 1997 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ നിർബന്ധം മൂലം നിരോധിക്കപ്പെട്ട എൻഡോസൾഫാൻ കുരുമുളകിന്റെ ധൃതവാട്ടത്തിന് ഉത്തമമാണെന്ന് കേരള കാർഷിക സർവകലാശാലാ വെബ്‌സൈറ്റിലും ശുപാർശ ചെയ്യുന്നുണ്ട്.

പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട മൊത്തം പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും 1.8 ശതമാനത്തിൽ മാത്രമേ അനുവദനീയമായതിൽ കൂടുതൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുള്ളുവെന്ന് സംസ്ഥാന സർക്കാറിന്റെ സ്ഥിതി വിവരക്കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണെന്ന് ക്രോപ് കെയർ ഫെഡറേഷന്റെ കത്തിൽ ചൂണ്ടിക്കാട്ടി. കാർഷിക വിഭവങ്ങൾ സ്ഥിരമായി പരിശോധനയ്ക്ക് വിധേയമാക്കി കീടനാശിനി കണ്ടുപിടിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ ഫെഡറേഷൻ സ്വാഗതം ചെയ്തു.

പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവ മാത്രം പരിശോധിച്ചാൽ പോര; കേരളത്തിനകത്ത് ഉത്പാദിപ്പിക്കപ്പെടുന്നവയും പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ് പരിശോധനാ വേളയിൽ പ്രയോഗിക്കപ്പെടേണ്ടതെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.