പരിസ്ഥിതി സംരക്ഷണം : കേരളം കേന്ദ്രത്തെ അഭിപ്രായം അറിയിച്ചു

Posted on: June 5, 2015

Thiruvanchoor-Big

തിരുവനന്തപുരം : ടി.എസ്.ആർ സുബ്രഹ്മണ്യം കമ്മിറ്റിയുടെ ശുപാർശകളിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അഭിപ്രായം അറിയിച്ചു. ഏപ്രിൽ 6, 7 തീയതികളിൽ ന്യൂഡൽഹിയിൽ ചേർന്ന സംസ്ഥാന വനം പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാനത്തിന്റെ നിലപാട് വിശദീകരിച്ചു. വ്യവസായ സംരംഭങ്ങൾക്ക് ഏകജാലക ക്ലിയറൻസ് നൽകുന്നതിന് നാഷണൽ എൻവയൺമെന്റ് അതോറിട്ടിയും സ്റ്റേറ്റ് എൻവയൺമെന്റ് അതോറിട്ടിയും രൂപീകരിക്കാനാണ് കമ്മിറ്റി ശുപാർശ ചെയ്തത്. ഈ അഥോറിട്ടിയുടെ നിയമനത്തിലോ പ്രവർത്തനത്തിലോ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ ഒരു പങ്കും ഇല്ലാത്ത സാഹചര്യത്തിൽ കമ്മിറ്റിയുടെ ശുപാർശകൾ ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണെന്ന് സംസ്ഥാനം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണരംഗത്ത് കേരളം സ്വീകരിച്ചിട്ടുള്ള വിവിധ നടപടികൾ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചു. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 29 ശതമാനം ഇപ്പോഴും വനഭൂമിയായി പരിരക്ഷിക്കാൻ കഴിയുന്നത് സംസ്ഥാനത്തിന്റെ നേട്ടമായി പൊതുവേ അംഗീകരിക്കപ്പെട്ടു. ഫോറസ്റ്റ് സർവേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ വനമേഖലയുടെ വിസ്തീർണ്ണം 2014-ൽ 11265 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. റവന്യൂ ഭൂമി വനഭൂമിയാക്കിമാറ്റുന്നതിൽ കേരളം കൈവരിച്ച നേട്ടവും ഇതിന് പിന്നിലുണ്ട്.

കേരളത്തിലെ കടുവകളുടെ എണ്ണം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയുടെ കണക്ക് പ്രകാരം 71 ൽ നിന്ന് 136 ആയി വർദ്ധിച്ചു. നാട്ടാനകളുടെ പരിരക്ഷയ്ക്കും സംരക്ഷണത്തിനും ആദ്യമായി നിയമ നിർമ്മാണം നടത്തിയത് കേരളമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാനം നടത്തുന്ന മുതൽ മുടക്കും അനുബന്ധ ചെലവുകളും കേന്ദ്രസർക്കാർ വഹിച്ചെങ്കിൽ മാത്രമേ സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തന പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിയുകയുള്ളൂ എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

ആദിവാസികളുടേയും ഊരുകൂട്ടങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. വനസംരക്ഷണത്തോടൊപ്പംതന്നെ വനപ്രദേശത്ത് അധിവസിക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 2006 ലെ വനാവകാശ നിയമ പ്രകാരം വനാവകാശ രേഖകൾ നൽകുന്നതിലും കേരളം ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയുണ്ടായി.

നമ്മുടെ വനസമ്പത്തിന്റെ പരിരക്ഷയ്ക്കായി വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും നാം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളുടേയും ഡിജിറ്റൽ മാപ്പ് തയ്യാറാക്കുകയും ഗ്ലോബൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ കൊണ്ടുവരികയും ചെയ്തു. വനത്തെ സംബന്ധിച്ച ഡാറ്റാബേസ് തയ്യാറാക്കുകയും വനസന്ദർശനത്തിന് ടൂറിസ്റ്റുകൾക്ക് ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ 22 സംരക്ഷിത മേഖലകളെ പരിസ്ഥിതിലോല പ്രദേശമാക്കണമെന്ന ശുപാർശ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര ബയോഡൈവേഴ്‌സിറ്റി ആക്ടിൽ നിഷ്‌ക്കർഷിച്ച പ്രകാരം സംസ്ഥാനത്തെ 978 പഞ്ചായത്തുകളിലും ബയോഡൈവേഴ്‌സിറ്റി കമ്മിറ്റികൾ രൂപീകരിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. വനസംരക്ഷണ പ്രവർത്തനങ്ങൾക്കായി 800 ലധികം ട്രൈബൽ വാച്ചർമാരെ ഈ സർക്കാർ നിയമിച്ചു.

ഇക്കോ കേഡറ്റ്‌സ് പദ്ധതി പ്രകാരം അഞ്ച് ജില്ലകളിൽ നിന്ന് 1000 സ്‌കൂൾ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി പ്രകൃതി സംരക്ഷണത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി വളർത്തിക്കൊണ്ടുവരാനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.