പരിസ്ഥിതിദിനം : സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്

Posted on: June 4, 2015

Think-Green-big

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വനം-പരിസ്ഥിതി വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. വനം വന്യജീവി വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്.

സുസ്ഥിര ജീവിത ശൈലികൾ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ പ്രമേയം. ഓരോ പൗരനും സമഗ്രമായ മാറ്റം ഉൾക്കൊണ്ട് പ്രകൃതി പരിപാലകനായി മാറണം എന്നതാണ് പ്രമേയത്തിന്റെ കാതൽ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പ് സംസ്ഥാനത്ത് 1000 നക്ഷത്ര വനങ്ങളും 700 ഔഷധവനങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ 1400 കുട്ടിവനങ്ങളും വച്ചുപിടിപ്പിക്കും. നദീതീര സംരക്ഷണത്തിനായി ആദ്യഘട്ടത്തിൽ 28 കിലോമീറ്റർ ദൂരത്തിൽ മുളത്തൈകൾ വച്ചുപിടിപ്പിക്കും.

ജൈവവൈവിധ്യ കലവറയായ കാവുകളും, കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. വാഹനങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് കുറയ്ക്കുന്നതിനായി പെട്രോൾ കമ്പനികളുമായി സഹകരിച്ച് കാർബൺ ഓഫ്‌സെറ്റ് പദ്ധതി നടപ്പാക്കും.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂൾ വിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് നൽകും. പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്യുന്ന ഓരോ പ്രവൃത്തിയും രേഖപ്പെടുത്തിവയ്ക്കാൻ ഈ കാർഡ് ഉപയോഗിക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദർശനം, സെമിനാർ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.