കൊച്ചിയിൽ 31 വരെ മാംഗോ ഫെസ്റ്റിവൽ

Posted on: May 22, 2015
എറണാകുളം കലൂർ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച മാംഗോ ഫെസ്റ്റ് ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ജിസിഡിഎ അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വിജയൻ, സ്റ്റാർ എന്റർടെയ്ൻമെന്റ് മാനേജിംഗ് ഡയറക്ടർ ഷെമീർ വളവത്ത്, ഡയറക് ടർ എം. എം. ഷമീർ തുടങ്ങിയവർ സമീപം.

എറണാകുളം കലൂർ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച മാംഗോ ഫെസ്റ്റ് ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ജിസിഡിഎ അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വിജയൻ, സ്റ്റാർ എന്റർടെയ്ൻമെന്റ് മാനേജിംഗ് ഡയറക്ടർ ഷെമീർ വളവത്ത്, ഡയറക്ടർ എം. എം. ഷമീർ തുടങ്ങിയവർ സമീപം.

കൊച്ചി: രുചിയുടെ മാമ്പഴക്കാലത്തിനു കൊച്ചിയിൽ വേദിയൊരുങ്ങി. വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തൊണ്ണൂറ്റി ഒൻപത് വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങളുടെ പ്രദർശന വിപണന മേള കലൂർ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ മെയ് 22 മുതൽ 31 വരെ നടക്കും.

മൽഗോവ, സക്കരകുട്ടി, തോട്ടാപൂരി, ബംഗനപള്ളി, കാട്ടു സുന്ദരി, നീലം, അൽഫോൻസ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങൾക്ക് പുറമേ കേസർ, റുമാനി, ബോംബെ ഗ്രീൻ, ഹിമസാഗർ, രാജാപുരി, ബദാമി, ഹിമയുദ്ധീൻ, ഒലോർ, സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, സക്കരക്കുട്ടി, പൂരി, സിന്ധൂരി, നൗരാസ്, സുവർണ്ണരേഖ, അൽ ബദ്രി, ച്ചുങ്കിരി, ഗുലാബ്ഖസ്, ലങ്ഗ്ര, രസൌസി, തംബൂർ, ടോമി, റ്റെലുർ മസിൻ, അൽ സുഹാന, മാതംഗി തുടങ്ങി 99 ലേറെ വ്യത്യസ്ത തരം മാമ്പഴങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്.

മലയാളികൾക്ക് പരിചിതമല്ലാത്ത ഒട്ടേറെ മാമ്പഴ വിഭവങ്ങൾ മേളയിലുണ്ടാകും. കേരളത്തിനകത്തും പുറത്തും വിളഞ്ഞ മാമ്പഴങ്ങൾ പ്രകൃതിദത്തമായ രീതിയിൽ പഴുപ്പിച്ചാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. പതിവ് മേളകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റാളുകൾക്ക് പകരം തുറസായിട്ടായിരിക്കും മാമ്പഴങ്ങൾ പ്രദർശിപ്പിക്കുക. കുറഞ്ഞ വിലക്ക് മാമ്പഴങ്ങൾ വാങ്ങാനുള്ള അവസരവും മേള സന്ദർശിക്കാനെത്തുന്നവർക്ക് ലഭിക്കും.

കേരളത്തിലാദ്യമായി എത്തുന്ന മലേഷ്യൻ കുള്ളൻ തെങ്ങ് മേളയുടെ മുഖ്യ ആകർഷണം ആയിരിക്കും. കൂടാതെ മാവിൻ തൈകളുടെ വിപുലമായ ശേഖരവും ഉണ്ടാകും. ഇവയ്ക്ക് പുറമേ മാങ്ങ തീറ്റ മത്സരം, മാങ്ങ വിഭവങ്ങളുടെ പാചക മത്സരം, മാങ്ങ ജ്യൂസ്‌കുടി മത്സരം, ഓട്ടോ ഷോ എന്നിവയും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. പ്രദർശനം കാണാൻ എത്തുന്ന എല്ലാവർക്കും സൗജന്യമായി മാംഗോ ജ്യൂസും നൽകും.

24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന മാങ്ങ തീറ്റ മത്സരം മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 9746338590 എന്ന നമ്പരിൽ 22,23 തീയതികളിൽ രാവിലെ 11 നും വൈകുന്നേരം 5 നുമിടയിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. 18 വയസ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികളാകുന്നവർക്ക് സ്മാർട്ട്‌ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.

മാംഗോ ഫെസ്റ്റ് ഇന്നു രാവിലെ ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശന ഫീസ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയും മറ്റുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 മണി വരെയുമാകും പ്രദർശനം. ദിവസേന വൈകിട്ട് കലാപരിപാടികളും നടക്കും. സ്റ്റാർ എന്റർടെയ്ൻമെന്റും മെട്രോ ഇവന്റ് മേക്കേഴ്‌സുമാണ് സംഘാടകർ.

സ്റ്റാർ എന്റർടെയ്ൻമെന്റ് മാനേജിംഗ് ഡയറക്ടർ ഷെമീർ വളവത്ത്, മെട്രോ ഈവന്റ് മേക്കേഴ്‌സ് മാനേജിംഗ് ഡയറക്ടർ ബിജു എബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.