മുന്തിരിമൊഞ്ചൻ ചിത്രീകരണം പൂർത്തിയായി

Posted on: January 6, 2019

നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കൽ റൊമാൻറിക് കോമഡി മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിൻറെ ബാനറിൽ പി കെ അശോകൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങൽ ഇസ്മായിലുമാണ്.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചൻ. ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണൻ) ദീപിക(കൈരാവി തക്കർ) വളരെ അവിചാരിതമായിട്ടാണ് ഇവർ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാൽ ആ കണ്ടുമുട്ടൽ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവർക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓൺലൈൻ ബുക്ക്‌ലൈബ്രറി സ്റ്റാർട്ടപ്പ് നടത്തുന്ന പെൺകുട്ടിയാണ് ഇമ രാജീവും (ഗോപിക അനിൽ) രസകരമായ ഇവരുടെ സൗഹൃദമുഹൂർത്തങ്ങൾ ഗൗരവമായ ചില വിഷയങ്ങൾക്ക് വഴിമാറുന്നതാണ്

മുന്തിരിമൊഞ്ചൻറെ ഇതിവൃത്തം. ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകൻ വിജിത്ത് നമ്പ്യാർ വ്യക്തമാക്കി. വളരെ സിംപിളായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകർക്ക് വളരെ വേഗം ഈ ചിത്രം ഉൾക്കൊളളാനാകും. അവരെ രസിപ്പിക്കുന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാർ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണെന്ന് സംവിധായകൻ പറഞ്ഞു.

ന്യൂജെൻ കുട്ടികളെ ഫ്രീക്കന്മാർ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറിൽ തമാശ കലർത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചൻ. മലബാറിൻറെ മെഫിൽഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചനെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ,ഹരിശങ്കർ, വിജേഷ് ഗോപാൽ, എന്നിവർ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജൻ കൂടിയായ സംവിധായൻ വിജിത്ത് നമ്പ്യാർ തന്നെയാണ് ചിത്രത്തിൻറെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്.

കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് മുന്തിരിമൊഞ്ചൻറെ കഥ വികസിക്കുന്നതെങ്കിലും ഗൗരവമായ ചില വിഷയങ്ങളെ രസകരമായി സമീപിച്ച് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി മുന്തിരിമൊഞ്ചൻ മാറിയിട്ടുണ്ടെന്നും തിരക്കഥാകൃത്ത് മനു ഗോപാൽ ചൂണ്ടിക്കാട്ടി. ടൂർണമെൻറ്, ഒരു മെക്‌സിക്കൻ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മനേഷ് കൃഷ്ണൻ നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചൻ. ഗോപിക അനിലിൻറെ രണ്ടാമത്തെ ചിത്രം കൂടിയാണ് .ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തിൽ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

കൊച്ചി , പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിട്ട് ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രം ചിത്രീകരണം പൂർത്തീകരിച്ചത്. ഇറോസ് ഇന്റർനാഷണൽ ഈ മാർച്ച് മാസത്തിൽ മുന്തിരിമൊഞ്ചൻ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മനേഷ് കൃഷ്ണൻ, ഗോപിക അനിൽ, കൈരാവി തക്കർ (ബോളിവുഡ്), സലിംകുമാർ, ഇന്നസെൻറ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങിയവർക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം – ഷാൻ ഹാഫ്‌സാലി, സംഗീതം-വിജിത്ത് നമ്പ്യാർ, പശ്ചാത്തല സംഗീതം-റിജോഷ്, ചിത്രസംയോജനം-അനസ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്,പൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, സഹസംവിധാനം- അരുൺ വർഗീസ്, ചിത്രസംയോജനം- അനസ്, ചമയം- അമൽ ചന്ദ്രൻ, വരികൾ – റഫീക്ക് അഹമ്മദ്, മുരളീധരൻ, മനുഗോപാൽ, കലാസംവിധാനം- ഷെബീറലി, പി.ആർ.ഒ – പി.ആർ.സുമേരൻ, സംവിധാന സഹായികൾ – പോൾ വർഗീസ്, സുഹൈൽ സായ് മുഹമ്മദ്, അഖിൽ വർഗീസ് ജോസഫ്, കപിൽ ജെയിംസ് സിങ്, നിശ്ചല ഛായാഗ്രഹണം- രതീഷ് കർമ്മ, അസ്സോസിയേറ്റ് ക്യാമറ – ഷിനോയ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ആൻറണി ഏലൂർ, സുജിത്ത് ഐനിക്കൽ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.

പി.ആർ.സുമേരൻ