യുവേഫ നേഷൻസ് ലീഗും യൂറോ കപ്പും സോണി പിക്‌ചേഴ്‌സിൽ

Posted on: September 7, 2018

കൊച്ചി : പ്രഥമ യുവേഫ നേഷൻസ് ലീഗ്, യുയേഫ യൂറോ 2020 മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സ് ഇന്ത്യ നേടി. ഇതോടെ 8 സുപ്രധാന ഫുട്‌ബോൾ മേളകളുടെ ഇന്ത്യാ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശം സോണി കൈവശപ്പെടുത്തി. യൂവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ലാലിഗ, സീരി എ, യുവേഫ സൂപ്പർ കപ്പ്, എഫ്എ കപ്പ് എന്നിവയാണ് ഇതര ടൂർണമെന്റുകൾ.

യൂറോപ്യൻ രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോ കപ്പും ലോകകപ്പ് പോലെ നാല് വർഷം കൂടുമ്പോഴാണെന്നിരിക്കെ യൂറോപ്യൻ രാജ്യങ്ങൾക്ക് എല്ലാ വർഷവും മിടുക്ക് തെളിയിക്കാനുള്ള വേദിയാണ് യൂവേഫ നേഷൻസ് ലീഗ്.

55 യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. ഫ്രാൻസ്-ജർമനി, ഇംഗ്ലണ്ട്-സ്‌പെയിൻ, പോർച്ചുഗൽ-ഇറ്റലി മത്സരങ്ങൾ ഈ ആഴ്ച നടക്കും. അടുത്ത വർഷം ജൂണിലാണ് ഫൈനൽ നടക്കുക. റഷ്യൻ ലോകകപ്പിൽ യൂറോപ്യൻ ടീമുകളാണ് മേധാവിത്വം പുലർത്തിയതെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഫുട്‌ബോൾ പ്രേമികളിൽ ആവേശം വിതയ്ക്കുന്ന മത്സരങ്ങളാണ് യൂവേഫ നേഷൻസ് ലീഗിൽ നടക്കുക. കഴിഞ്ഞ നാല് ലോകകപ്പും നേടിയത് യൂറോപ്യൻ ടീമുകളാണെന്നതാണ് വേറൊരു പ്രത്യേകത.

പതിനാറാമത് യൂവേഫ യൂറോ കപ്പ് മത്സരങ്ങൾ 2020 ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് നടക്കുക. നേരത്തെ യൂവേഫ കപ്പിന് ആതിഥേയത്വം വഹിച്ചുകൊണ്ടിരുന്നത് ഓരോ തവണയും ഒരു രാജ്യം മാത്രമായിരുന്നുവെങ്കിൽ ഇത്തവണ ടൂർണമെന്റിന്റെ 60 ാം വാർഷികം പ്രമാണിച്ച്, 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുയെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക് ഇന്ത്യ ചീഫ് റവന്യൂ ഓഫീസർ (സ്‌പോർട്‌സ്) രാജേഷ് കൗൾ പറഞ്ഞു.