പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ദുബായിൽ

Posted on: June 12, 2018

കൊച്ചി : മഹാപ്രതിഭകളുടെ സംഗമമായി നാല് ഭാഷകളിൽ നിർമിച്ച പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ട്രെയ്‌ലർ ലോഞ്ച് ജൂൺ 14 ന് ദുബായിലെ ബുർജ് അൽ അറബിൽ നടത്തും. പ്രമുഖ വ്യവസായ സ്ഥാപനമായ കെൻസ ഹോൾഡിംഗ്‌സാണ് ലോഞ്ചിന്റെ സംഘാടകർ. വി.കെ. പ്രകാശ് ആണ് പ്രാണയുടെ സംവിധായകൻ. നിത്യ മേനോൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പി.സി. ശ്രീറാം ആണ് ക്യാമറ ഛായഗ്രാഹകൻ. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി സിങ്ക് സറൗണ്ട് സൗണ്ട് ഫോർമാറ്റിലൂടെ ശബ്ദലേഖനം നിർവഹിച്ച ചിത്രം കൂടിയാണ് പ്രാണ. ജാസ് വിദഗ്ധൻ ലൂയി ബാങ്ക്‌സിന്റേതാണ് സംഗീതം. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ നിർമ്മിച്ച പ്രാണ ഒരേസമയം ഇന്ത്യയിലും വിദേശത്തുമായി ഓഗസ്റ്റിൽ റിലീസ് ചെയ്യും.

എസ്. രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് രാജ്, പ്രവീൺകുമാർ, അനിത രാജ് എന്നീ അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ നിർമ്മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ തേജി മണലേൽ ആണ്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റേതാണ്. എഡിറ്റർ – സുനിൽ എസ് പിള്ള, കലാസംവിധാനം – ബാവ, വസ്ത്രാലങ്കാരം – ദീപാലി, സ്റ്റിൽസ് – ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ, ഡിസൈൻസ് – വിൻസി രാജ്, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, പബ്ലിക് റിലേഷൻസ് – മഞ്ജു ഗോപിനാഥ്.

രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റിൽ സോംഗിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നിത്യ മേനോനും ശില്പ രാജും ചേർന്നാണ് ചിത്രത്തിലെ മൂന്ന് പാട്ടുകൾ പാടിയിട്ടുള്ളത്.

TAGS: Nithya Menon | PRAANA |