സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദൻ നേത്രദാന സമ്മതപത്രം നല്കി

Posted on: December 6, 2017

കൊച്ചി : ഉണ്ണിമുകുന്ദന്റെ നേതൃത്വത്തിൽ ചാണക്യതന്ത്രം ടീം നടത്തിയ നേത്രദാന ക്യാമ്പ് സമൂഹത്തിന് മാതൃകയായി. എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ച് നടന്ന നേത്രദാന ക്യാമ്പിൽ വച്ച് നടൻ ഉണ്ണിമുകുന്ദൻ തന്റെ കണ്ണുകൾ ദാനം ചെയ്തു. ഉണ്ണിയെ കൂടാതെ സംവിധായകൻ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസർ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പു വച്ചു.

മലയാള സിനിമയിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം.സിനിമ താരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കാണാനും അറിയാനും അത്ചെയ്യുന്നതുമായ ഒരുപാട് പേരുണ്ട്. അവരെല്ലാം ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ കൂടി ചെയ്യുമെന്ന പ്രതീക്ഷയിലാണ് താനീ നേത്രദാനം ചെയ്യുന്നതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

ചാണക്യതന്ത്രം സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം, സംവിധായകൻ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് ദിനേശ് പള്ളത്ത്, നടൻ നിയാസ്, പ്രൊഡ്യൂസർ അരുൺ നാരായണൻ എന്നിവരെ കൂടാതെ സിനിമയുടെ അണിയറ പ്രവർത്തകരും ഉണ്ണിമുകുന്ദൻ ഫാൻസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ചാണക്യതന്ത്രം. ഉണ്ണിമുകുന്ദനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറിയെത്തി വിജയം കൊയ്ത കണ്ണന്റെ സൂപ്പർഹിറ്റ് ചിത്രമായ ആട്പുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ്. ചാണക്യതന്ത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ശിവദാ, ശ്രുതി രാമചന്ദ്രൻ, സായ്കുമാർ, സമ്പത്ത്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ, മുഹമ്മദ് ഫൈസൽ, അരുൺ, നിയാസ്, തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ചിത്രം നിർമ്മിക്കുന്നത്.