199 രൂപയ്ക്ക് മൂവി കാർഡുമായി കാർണിവൽ സിനിമാസ്

Posted on: December 2, 2017

കൊച്ചി : മൾട്ടിപ്ലക്‌സ് ശൃംഖലയായ കാർണിവൽ സിനിമാസ്, ലൈഫ് സ്റ്റാർ കാർഡ് 199 അവതരിപ്പിച്ചു. ഒരു മാസത്തേയ്ക്ക് 199 രൂപയാണ് കാർഡിനു നൽകേണ്ടത്. കേരളത്തിലെ 9 കാർണിവൽ സിനിമാസിലെ 23 സ്‌ക്രീനുകളിൽ, പ്രസ്തുത കാർഡ് ഉപയോഗിച്ച്, തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം ഓരോ സിനിമ വീതം കാണാം. മാസം പരമവാധി 5 സിനികൾ.

ഇന്ത്യയിൽ ആദ്യത്തേതാണ് കാർണിവൽ സിനിമാസിന്റെ മൂവി-ഇകാർഡ്. ഓരോ വിനിമയത്തിനും തീയേറ്ററിൽ 30 രൂപയും വെബ്‌സൈറ്റിൽ 20 രൂപയും നൽകണം. ഒറ്റ ടിക്കറ്റിൽ ഒരു മാസം മുഴുവൻ സിനിമ കാണാം എന്നതാണ് പ്രത്യേകത.അങ്കമാലി, കൊല്ലം, തലയോലപറമ്പ്, കരുനാഗപ്പള്ളി, മൂവാറ്റുപുഴ, തലശ്ശേരി, പെരിന്തൽമണ്ണ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് കാർണിവൽ സിനിമാസ് ഉള്ളത്.

സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായി കരുതുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് കാർണിവൽ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ശ്രീകാന്ത് ഭാസി പറഞ്ഞു. ജനങ്ങൾക്ക് അധികം പണച്ചെലവില്ലാതെ സിനിമ ആസ്വാദനം ലഭ്യമാക്കുകയാണ്, ഫൈവ് സ്റ്റാർ കാർഡ് 199-ന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 110 നഗരങ്ങളിലെ 160 തീയേറ്ററുകളിലായി കാർണിവൽ സിനിമാസ് 425 സ്‌ക്രീനുകളാണുള്ളത്. മൊത്തം ഇരിപ്പിടശേഷി 1,25,000. ഉടനെ 50 എണ്ണം കൂടി പ്രവർത്തനം ആരംഭിക്കും. സിംഗപ്പൂരിൽ ആറു സ്‌ക്രീനുകളും ഉണ്ട്. പ്രേക്ഷകനെ 5 ഇഞ്ച് സ്‌ക്രീനിൽ നിന്ന് 70 എംഎം വെള്ളിത്തിരയിലേയ്ക്ക് കൂടുതലായി അടുപ്പിക്കുകയാണ് മൂവി-ഇ കാർഡിന്റെ ലക്ഷ്യമെന്ന് മൂവി-ഇ കാർഡ് സിഇഒയും ഡയറക്ടറുമായ ദിന മുഖർജി പറഞ്ഞു.ഒരു സിനിമാ ടിക്കറ്റിന്റെ ചെലവിൽ കൂടുതൽ സിനിമകൾ ആസ്വദിക്കാം. കാർഡ് ഉടമകൾക്ക് ലഘുഭക്ഷണവും ശീതളപാനീയങ്ങളും വിലകുറവിൽ ലഭിക്കും.

150 സ്‌ക്രീനുകൾ ഉള്ള 75 തീയറ്ററുകൾ സ്ഥാപിക്കാൻ ജാർഖണ്ഡ്, ഒഡീഷ സർക്കാരുകളുമായി കാർണിവൽ സിനിമാസ് ധാരണാപത്രം ഒപ്പിട്ടുണ്ട്. 2018-ൽ ഇന്ത്യയിൽ 1000 സ്‌ക്രീനുകൾ എന്നതാണ് കാർണിവൽ സിനിമാസിന്റെ ലക്ഷ്യം.